ചങ്ങനാശേരി: പ്രശസ്ത പിന്നണി ഗായകൻ അയിരൂർ സദാശിവൻ വാഹനാപകടത്തിൽ മരിച്ചു. 78 വയസായിരുന്നു. അങ്കമാലിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സ്വദേശമായ അടൂരിലേക്ക് പോകുമ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്ന മകൻ ശ്രീകുമാറിന് പരിക്കേറ്റു.

ചങ്ങനാശേരി-ആലപ്പുഴ എംസി റോഡിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. മനയ്ക്കച്ചിറയ്ക്ക് സമീപം അയിരൂർ സദാശിവൻ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു. ശ്രീകുമാറാണ് കാർ ഓടിച്ചിരുന്നത്. ശ്രീകുമാറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

'അമ്മേ.. അമ്മേ.. അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര്' എന്ന ഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ ഗായകനാണ് അയിരൂർ സദാശിവൻ. 'ചായം' എന്ന ചിത്രത്തിനു വേണ്ടി വയലാർ രാമവർമ്മ എഴുതി ജി ദേവരാജൻ സംഗീതം പകർന്ന ഗാനമായിരുന്നു അത്.

പുതുമുഖങ്ങളുടെ ശബ്ദം തേടിയ ദേവരാജൻ മാസ്റ്ററുടെ അന്വേഷണത്തിനൊടുവിലാണ് അയിരൂർ സദാശിവൻ എന്ന ഗായകൻ രംഗപ്രവേശം ചെയ്യുന്നത്. മരം എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരി രചിച്ച മൊഞ്ചത്തി പെണ്ണേ നിൻ ചുണ്ട് എന്ന മാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനമാണ് സദാശിവന് വഴിത്തിരിവായത്. എന്നാൽ ചായം എന്ന ചിത്രമാണ് ആദ്യം റിലീസായത്. അമ്മേ അമ്മേ എന്ന പാട്ടാണ് അയിരൂരിന്റെ ശബ്ദത്തിൽ മലയാളികൾ ആദ്യം കേൾക്കുന്നത്.

മരം കൂടി റിലീസായതോടെ അയിരൂർ സദാശിവൻ എന്ന ഗായകനെ ആസ്വാദകലോകം തിരിച്ചറിഞ്ഞു തുടങ്ങി. അജ്ഞാതവാസം, കലിയുഗം, പഞ്ചവടി, കൊട്ടാരം വിൽക്കാനുണ്ട്, രാജഹംസം തുടങ്ങി 25 ത്തോളം ചിത്രങ്ങളിൽ അദ്ദേഹം പാടി. അഹം ബ്രഹ്മാസ്മി എന്ന പാട്ടാണ് സിനിമയിൽ അവസാനം പാടിയത്. നാടകത്തിൽ പാടാനായി പോയതോടെയാണ് സിനിമ നഷ്ടമായതെന്ന് അദ്ദേഹം പറയുമായിരുന്നു. സിനിമയിൽ കാര്യമായ അവസരങ്ങൾ കിട്ടാതെ വന്നതോടെ പഴയ തട്ടകമായ നാടകരംഗത്ത് തന്നെ ഗായകനായും സംഗീതസംവിധായകനായും സജീവമായി. നിരവധി ഭക്തിഗാന കാസറ്റുകൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ പത്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും അഞ്ച് ആൺമക്കളിൽ ഏറ്റവും മൂത്തയാളാണ് സദാശിവൻ. അച്ഛന്റെ പാട്ടുകൾ കേട്ടാണ് സദാശിവൻ വളർന്നത്. അഞ്ചാം വയസ്സുമുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി. സംഗീതത്തോടുള്ള സ്‌നേഹം കാരണം വിദ്യാഭ്യാസം നിർത്തി സംഗീതപഠനത്തിലേക്ക് തിരിഞ്ഞു. ദക്ഷിണാമൂർത്തി സ്വാമികളുടെ ശിഷ്യത്വത്തിൽ ചന്ദ്രശേഖരൻ നായരുടെ ഓപ്പറാ ഹൗസിൽ കുറച്ചുകാലം പാടി. പിന്നീട് ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ എം.കെ അർജുനൻ മാഷിന് കീഴിൽ പാടി. തുടർന്ന് കെ.പി.എ.സിയിലും കോട്ടയം നാഷണൽ തിയേറ്റേഴ്‌സിലും അർജുനൻ മാഷിന് കീഴിൽ പാടി. അവിടെവച്ചാണ് ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുന്നത്.

അടൂർ പങ്കജത്തിന്റെ നേതൃത്വത്തിലുള്ള നാടകട്രൂപ്പിൽ പാടി. തുടർന്ന് നാടകങ്ങളിൽ നിരവധി ഓഫറുകൾ. 2005 ൽ സദാശിവന് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഭാര്യ രാധ നേരത്തെ മരിച്ചു. ശ്രീലാൽ, ശ്രീകുമാർ എന്നിവരാണ് മക്കൾ.