കൊച്ചി: രാജ്യത്തു പലകോണുകളിലും അസഹിഷ്ണുത പടരുന്നു എന്ന വാർത്തകൾ കണ്ടാണ് ഓരോ ദിവസവും നാം തള്ളിനീക്കുന്നത്. സ്വന്തം മതവും ജാതിയും മറ്റുള്ളതിനേക്കാൾ വലുതാണ് എന്നു വിശ്വസിക്കുന്ന പലരും നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട്. അത്തരത്തിൽ അസഹിഷ്ണുതയുടെ അങ്ങേയറ്റത്തു ജീവിക്കുന്നവർക്ക് അയിരൂരിലേക്കു സ്വാഗതം!

നന്മയുടെയും മതസൗഹാർദത്തിന്റെയും കാഴ്ചകളാണ് നെടുമ്പാശേരിക്കടുത്തുള്ള ഈ കൊച്ചു ഗ്രാമത്തിൽ നിന്നു നമുക്കു കാണാനാകുക. മതങ്ങൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അസഹിഷ്ണുതയുടെ നിറം ചാലിക്കുന്ന ഇക്കാലത്ത് സൗഹൃദത്തിന്റെ പുതിയ മാതൃക തീർക്കുകയാണ് ഈ ഗ്രാമം.

ക്ഷേത്രോത്സവവും പള്ളിത്തിരുനാളും ഒന്നിച്ചു കൊണ്ടാടിയാണു കൂട്ടായ്മയുടെ നവസ്വരം ഈ ഗ്രാമത്തിൽ നിന്നുയരുന്നത്. അയിരൂർ സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളും ദുർഗാദേവി മഹാവിഷ്ണു ക്ഷേത്രത്തിലെ കാർത്തികവിളക്ക് പൊങ്കാല മഹോത്സവവുമാണു നാടിനും നാട്ടുകാർക്കും സൗഹാർദത്തിന്റെ പുത്തൻ അനുഭവമായി മാറുന്നത്. ഇരു മതവിശ്വാസികളും പരസ്പരം സഹകരിച്ചാണു രണ്ട് ആഘോഷങ്ങളുംനടത്തുന്നത്.

ക്ഷേത്രോത്സവത്തിന്റെയും തിരുനാൾ ആഘോഷങ്ങളുടെയും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിൽതന്നെ തുടങ്ങുന്നു മതസൗഹാർദത്തിന്റെ വിളംബരം. നവംബർ 23 മുതൽ 25 വരെയാണു ക്ഷേത്രത്തിലെ ഉത്സവം. തിരുനാളാകട്ടെ 27 മുതൽ 29 വരെയും. നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കമാനങ്ങളിലും ബോർഡുകളിലും ഉത്സവത്തിന്റെയും തിരുനാളിന്റെയും വിശേഷങ്ങൾ ഒരുമിച്ചാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഒരേ കമാനത്തിൽ വിശുദ്ധ അന്തോണീസും ദേവാലയവും ക്ഷേത്രവും മഹാവിഷ്ണുവും ചിത്രങ്ങളാകുകയും ചെയ്തു.

പള്ളിയിലെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നവരുടെ കൂട്ടത്തിൽ ഹൈന്ദവരുമുണ്ട്. രണ്ടിടങ്ങളിലെയും ആഘോഷ കമ്മിറ്റികൾക്കും മതത്തിന്റെ അതിർവരമ്പുകളില്ല. ഇരുമതവിഭാഗങ്ങളിലുള്ളവർ രണ്ട് ആഘോഷങ്ങളും ഒന്നിനൊന്നു മെച്ചമാക്കാൻ കൈകോർക്കുകയാണ്. ഇതാദ്യമായാണ് അയിരൂരിൽ ക്ഷേത്രത്തിലെ ഉത്സവത്തിനും പള്ളിയിലെ തിരുനാളിനും ഈ മുഖം കൈവരുന്നതെന്നു നാട്ടുകാർ പറയുന്നു. അതിനാൽ തന്നെ രണ്ട് ആഘോഷങ്ങൾക്കും ഇക്കുറി ജനത്തിരക്ക് ഏറുമെന്നും അവർ പറയുന്നു.

ദേവാലയങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലങ്ങളാകണമെന്നും അവിടത്തെ ആഘോഷങ്ങൾ പൊതുസമൂഹത്തിൽ നന്മയുടെയും സന്തോഷത്തിന്റെയും സൗഹാർദത്തിന്റെയും ചിത്രം പകരണമെന്നുമുള്ള ചിന്തയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ. അയിരൂരിലെ ക്ഷേത്രത്തിന്റെയും ദേവാലയത്തിന്റെയും സഹകരണം ഏവർക്കും മികച്ചൊരു മാതൃകയാക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രോത്സവ സംഘാടകരും തിരുനാൾ ആഘോഷ കമ്മിറ്റിയും. ഒരുമിച്ചുള്ള ആഘോഷമെന്ന ആശയത്തിന് എല്ലാ വിശ്വാസികളും പൊതുജനങ്ങളും കാട്ടുന്ന പിന്തുണ നന്മയുടെ പൂക്കാലം തന്നെ വിരിയിക്കുമെന്ന പ്രതീക്ഷയാണ് ഏവർക്കുമുള്ളത്.