മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ നവീകരണത്തിന്റെ മെല്ലെപ്പോക്ക് മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ നേർസാക്ഷ്യമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം നിയോജക മണ്ഡലം സ്ഥാനാർത്ഥി ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു. വ്യാഴാഴ്‌ച്ച നടന്ന പര്യടനത്തിനിടെ സ്ഥാനാർത്ഥി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

മലപ്പുറം ഡിപ്പോയോടൊപ്പം അഞ്ച് വർഷം മുൻപ് അനുമതി കിട്ടിയ മറ്റു ഡിപ്പോകളുടെ നവീകരണം പൂർത്തിയായിട്ടും മലപ്പുറം ഡിപ്പോയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും വളരെ പതുക്കെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

മലപ്പുറം ഡിപ്പോയുടെ നവീകരണം ജില്ലയുടെ തന്നെ ഗതാഗത സൗകര്യങ്ങളുടെ ഗതി തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒന്നാണ്. ഒരുപാട് യാത്രക്കാർ ആശ്രയിക്കുന്ന ഡിപ്പോ ആയിട്ടുപോലും ഭരണകൂടങ്ങൾ തുടർന്നുപോന്ന ഈ അവഗണനക്ക് അന്ത്യമാകേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ടി. അഫ്സൽ, ബാവ മാസ്റ്റർ, പി.കെ ഷബീർ, ഖൈറുന്നീസ, സാബിറ മങ്ങാട്ടുപുലം, ജസീം സയ്യാഫ്, മുബഷിർ എൻ.കെ തുടങ്ങിയവർ അനുഗമിച്ചു.