കാസർഗോഡ്: ഉമ്മയെ ഭിക്ഷാടനത്തിനയച്ച് ലഭിക്കുന്ന പണം കാമുകിമാരൊത്ത് സല്ലപിക്കാൻ വിനിയോഗിച്ച മകൻ തന്നെ അവർക്ക് കാലനായോ? മഞ്ചേശ്വരം മീഞ്ച ചികറുപദവിലെ ആയിഷ ബീവിയുടെ മരണം കൊലപാതകമാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

ഭർത്താവിന്റെ മരണശേഷം ആയിഷാബീവിയെ മീഞ്ചയിലും സമീപപ്രദേശങ്ങളിലും ഭിക്ഷാടനത്തിനു നിർബന്ധപൂർവം അയയ്ക്കുകയായിരുന്നു മകൻ മുസ്്തഫ. ഭിക്ഷാടനത്തിൽനിന്നു കിട്ടുന്ന പണം മുസ്തഫയായിരുന്നു വാങ്ങിയെടുത്തിരുന്നത്. സ്വന്തം ഭാര്യയേയും അവളുടെ അനിയത്തിമാരായ മൂന്നു പേരേയും കൂട്ടി സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തിയിലേർപ്പിട്ടിരിക്കയായിരുന്നു മുസ്തഫ. ഇതിൽ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് ഉമ്മയോട് മുസ്തഫക്ക് അടങ്ങാത്ത പക വന്നത്. ഉമ്മ പറഞ്ഞ ഉപദേശം അവഗണിച്ചെന്ന് മാത്രമല്ല അവരെ പട്ടിണിക്കിട്ട് കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.

കാട്ടിൽ ഉപേക്ഷിക്കപ്പെട്ട് അവശനിലയിലായ ആയിഷാ ബീവിയെ നാട്ടുകാർ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൊട്ടു പിറ്റേ ദിവസം മകൻ മുസ്തഫ ആശുപത്രിയിലെത്തി ഉമ്മയെ വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് ധരിപ്പിച്ച് ഡിസ്ചാർജ് വാങ്ങി കൂടെ കൊണ്ടു പോവുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമായ ഡിസംബർ 5 ന് ആയിഷാബീവി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ വിവരം മുസ്തഫ തന്നെ നാട്ടുകാരേയും പള്ളി കമ്മിറ്റിക്കാരേയും അറിയിക്കുകയും ചെയ്തു. ആശുപത്രിയിൽ അവശനിലയിൽ നിന്നും മെച്ചപ്പെട്ട് സാധാരണനില കൈവരിക്കുമ്പോഴേക്കും മുസ്തഫ ഡിസ്ചാർജ് വാങ്ങിച്ചിരുന്നു. തുടർചികിത്സയൊന്നും ചെയ്തിരുന്നുമില്ല. ഇതെല്ലാം സംശയത്തിന് ആക്കം കൂട്ടുന്നു.

കബറടക്കൽ കർമ്മത്തിന് എടുക്കും മുമ്പേ ആയിഷാ ബീവിയുടെ മൃതദേഹം കുളിപ്പിക്കുമ്പോൾ ദേഹമാസകലം പരിക്കുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. മൃതദേഹം കുളിപ്പിക്കുന്ന സ്ത്രീകൾ ഇക്കാര്യം അപ്പോൾ തന്നെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു. നാട്ടുകാർ ശബ്ദമുയർത്തിയെങ്കിലും ആരും പരാതിക്കാരായി വരാതിരുന്നതിനാൽ പൊലീസ് സ്ഥലത്തെത്തി തിരിച്ചുപോവുകയായിരുന്നു. എന്നാൽ ആയിഷാ ബീവിയുടെ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ പൊലീസ് നടപടിയും അയഞ്ഞു. സ്ഥലത്തെ ഒരു പൊതുപ്രവർത്തകൻ പൊലീസിൽ പരാതി നൽകി രംഗത്തുവന്നതോടെ സംഭവം വീണ്ടും ഉയർന്നുവരികയാണ്. കബറടക്കിയ മൃതദേഹം വീണ്ടും പുറത്തെടുത്ത് സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ആയിഷാ ബീവിക്ക് മുസ്തഫയെ കൂടാതെ ഒരു മകളുമുണ്ട്. അവർ ഭർതൃവീട്ടിലാണ് കഴിയുന്നത്. മുസ്തഫ ഭയാറിലെ റുക്സാന എന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. റുക്സാനയുടെ മൂന്ന് അനിയത്തിമാരേയും മുസ്തഫ വിവാഹം കഴിച്ചെന്നാണ് പറയുന്നത്. ഭാര്യയെയും അനിയത്തിമാരേയും മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുസ്തഫയുടെ ഇത്തരം നടപടിയിൽ പ്രതിഷേധിച്ചതാണ് ആയിഷയെ കൊലപ്പെടുത്താൻ കാരണമായതെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

ആയിഷയുടെ മരണത്തോടെ മുസ്തഫയും ഭാര്യയും മൂന്നു സഹോദരിമാരും വീടും പൂട്ടി സ്ഥലം വിട്ടിരിക്കയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് ചീഫ് തോംസൺ ജോസിന്റെ നിർദ്ദേശപ്രകാരം കുമ്പള സിഐ വി.വി. മനോജ് അന്വേഷണം നടത്തി വരികയാണ്.