- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നമ്പർ തിരുത്തി കോടികളുടെ വായ്പാ തട്ടിപ്പുൾപ്പെടെയുള്ള ക്രമക്കേടുകൾ; പഞ്ചായത്തിനെതിരെ ഇഡി അന്വേഷണം; കോഴിക്കോട്ടേയും തിരുവനന്തപുരത്തേയും തട്ടിപ്പുകളിലും കേന്ദ്ര ഏജൻസി അന്വേഷണം എത്തിയേക്കും; റിയൽ എസ്റ്റേറ്റ് മാഫിയയെ തകർക്കാൻ പഞ്ചായത്തിലേക്കും ഇഡി അന്വേഷണം
കൊച്ചി: കെട്ടിട നമ്പർ തിരുത്തി കോടികളുടെ വായ്പാ തട്ടിപ്പുൾപ്പെടെയുള്ള ക്രമക്കേടുകൾ നടത്തി എന്ന സംശയത്തിൽ അയ്മനം പഞ്ചായത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം. ഇതാദ്യമായാണ് കേരളത്തിൽ ഇത്തരത്തിലൊരു ഇടപെടൽ ഇഡി നടത്തുന്നത്. എല്ലാ സാമ്പത്തിക കുറ്റങ്ങളും അന്വേഷിക്കാനാണ് നീക്കം. കോഴിക്കോട് കോർപ്പറേഷനിൽ നടന്നതിനെക്കാൾ ഗുരുതരമായ ക്രമക്കേടാണ് അയ്മനം പഞ്ചായത്തിൽ നടന്നിരിക്കുന്നതെന്നാണ് ഇ.ഡി. വിലയിരുത്തൽ.
അയ്മനം പഞ്ചായത്ത് സെക്രട്ടറിയെ ഇ.ഡി. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. പഞ്ചായത്തുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. അയ്മനം പഞ്ചായത്ത് കേന്ദ്രീകരിച്ച് കോടികളുടെ വായ്പാ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കെട്ടിടസമുച്ചയം നിർമ്മിക്കാൻ പദ്ധതിയിടുകയും ബാങ്കിൽനിന്നു വായ്പയെടുക്കുകയും ചെയ്തവർക്ക് പുതിയ കെട്ടിടം നിർമ്മിച്ചതായി കാണിക്കാൻ വ്യാജരേഖ ചമച്ചു എന്നതാണ് പരാതി. നിലവിലുള്ള കെട്ടിടത്തിന്റെ നമ്പർ ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്തി പുതിയ നമ്പറാക്കി നൽകി. ഇത് ബാങ്കിൽ സമർപ്പിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ആദ്യം ഇ.ഡി. അന്വേഷണ സംഘം അയ്മനം പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് സെക്രട്ടറിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. സെക്രട്ടറി സോണി മാത്യു രേഖകളുമായി തിങ്കളാഴ്ച രാവിലെ 10.30-ന് കൊച്ചി ഇ.ഡി. ഓഫീസിൽ ഹാജരായി. വിശദമായ മൊഴിയെടുത്ത് രേഖകൾ പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. കോഴിക്കോട്ടെ കെട്ടിട നമ്പർ തട്ടിപ്പും ഇഡി പരിശോധിക്കാൻ ഇടയുണ്ട്.
തിരുവനന്തപുരത്തും സമാന ആരോപണം ഉയർന്നു കഴിഞ്ഞു. ഈ കേസിൽ എല്ലാം ഇഡി അന്വേഷണം എത്തിയാൽ പല വമ്പന്മാരും വെട്ടിലാകും. റിയൽ എസ്റ്റേറ്റ് മാഫിയയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. ഇതു മനസ്സിലാക്കിയാണ് ഇഡി ഇടപെടൽ നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ