ന്യൂഡൽഹി: ബാബറി മസ്ജിദ് ഭൂമി തർക്കത്തിൽ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തു നൽകിയിട്ടുള്ള ഹർജികളിൽ ഡിസംബർ അഞ്ച് മുതൽ സുപ്രീം കോടതി അന്തിമവാദം കേൾക്കും. അലഹബാദിലെ കോടതി വിധികൾ ഉൾപ്പെടെയുള്ള രേഖകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. മൂന്നു മാസത്തിനുള്ളിൽ ഇതു പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനുശേഷം കേസിൽ അന്തിമവാദം കേൾക്കുന്ന നടപടികളിലേക്കു സുപ്രീം കോടതി കടക്കും.

അതിനിടെ, അയോധ്യ കേസിൽ കക്ഷിചേരണമെന്നുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. അപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ അപേക്ഷ കോടതി തള്ളിയത്.

അയോധ്യ ഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച തർക്കത്തിനാണു തീരുമാനമുണ്ടാകേണ്ടത്. 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നു കൂട്ടർക്കായി കൈമാറാനായിരുന്നു അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, വിധി സുപ്രീം കോടതി പിന്നീടു സ്റ്റേ ചെയ്തിരുന്നു. അയോധ്യ ഭൂമിയുടെ ഉടമവസ്ഥാവകാശം സംബന്ധിച്ച 60 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിൽ അലഹാബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ചിന്റെ വിധി 2010 സെപ്റ്റംബർ 30ന് ആണ് വന്നത്.

2.77 ഏക്കർ ഭൂമിയുടെ മൂന്നിൽ ഒന്നു നിർമോഹി അഖാരയ്ക്കും മൂന്നിലൊന്നു രാംലാലയ്ക്കും ബാക്കി മൂന്നിലൊന്ന് വഖഫ് ബോർഡിനും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, ഈ വിധി 2011 മെയ്‌ ഒൻപതിനു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.