ഡൽഹി: അയോധ്യ കേസിലെ അന്തിമവാദം 2018 ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കുമെന്ന് സുപ്രിം കോടതി. വാദം നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോർഡിന്റെ ആവശ്യം കോടതി തള്ളി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേസിൽ വാദം കേൾക്കാവു എന്നായിരുന്നു ഇന്ന് വഖഫ് ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹർജികളിലാണ് സുപ്രിം കോടതി വാദം കേൾക്കുന്നത്. രാജ്യത്തിന്റെ മതേതരത്വത്തെയും രാഷ്ട്രീയഘടനയെയും ബാധിക്കുന്ന കേസാണെന്നും അതിനാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വാദം കേൾക്കുന്നത് നിർത്തിവെക്കണമെന്നും സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

കേസ് ഡിസംബറിൽ കേൾക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇതിൽ പ്രധാനമന്ത്രിക്ക് അടിയന്തരമായി പരിഹാരം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി കത്തെഴുതിയിരുന്നെന്നും ഇത് ഈ വിഷയത്തിലുള്ള ബാഹ്യ ഇടപെടൽ വ്യക്തമാക്കുന്നതായും സിബൽ ചൂണ്ടിക്കാട്ടി. അതിനാൽ കേസ് 2019 ജൂലൈ 31 മുതൽ കേൾക്കണമെന്നും കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങൾ കോടതി തള്ളി.

നിലവിലെ ചീഫ് ജസ്റ്റിസിന്റെ കാലയളവിൽ കേസിന്റെ വാദം പൂർത്തായാകില്ലെന്ന് മുസ്ലിം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ ചൂണ്ടിക്കാട്ടി. കേസിൽ രാഷ്ട്രീയം കാണരുതെന്നും നിയമപരമായി വേണം കാണേണ്ടതെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങളുടെ വാദം കേട്ടശേഷമാണ് കേസിൽ ഫെബ്രുവരി എട്ടുമുതൽ അന്തിമവാദം ആരംഭിക്കാൻ സുപ്രിം കോടതി തീരുമാനിച്ചത്.