- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്' എന്ന ചോദ്യം ഉയർത്തിയത് സ്വകാര്യ സുരക്ഷേ ഏജൻസിയുടെ ജീവനക്കാരിയോ? പരിശോധനയ്ക്ക് ഉണ്ടായിരുന്നത് ഒരു പരിശീലനവും ഇല്ലാത്ത പ്രാദേശികരായ യുവതികളും; എല്ലാവരേയും അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനം; കൂടുതൽ പേർ പരാതിയുമായി രംഗത്ത്; ഒന്നും അറിയില്ലെന്ന് നീറ്റ്; ആയൂരിലെ ക്രൂരതയിൽ ജാമ്യമില്ലാ വകുപ്പുകൾ
കൊല്ലം: 'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്' എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം പരീക്ഷ നന്നായി എഴുതാനായില്ല എന്നതാണ് വസ്തുത. അതിനിടെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുമെന്ന സൂചനയും നൽകുന്നു. പരിശീലനം കിട്ടാത്തവരെയാണ് പരിശോധനയ്ക്ക് നിയോഗിച്ചത്. നാട്ടുകാരായ യുവതികളാണ് പരിശോധനയ്ക്ക് എത്തിയതെന്നും സൂചനയുണ്ട്. ഇവരെ കണ്ടെത്താനാണ് നീക്കം. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനിയാണ് ആദ്യം പരാതിയുമായി എത്തിയത്. കൂടുതൽ പേർ പരാതി നൽകിയിട്ടുണ്ട്.
എട്ട് പേരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. തിരുവനന്തപുരത്തെ ഏജൻസിയാണ് പരിശോധിച്ചത്. ഇതിൽ നാലു പേർ പരിസരവാസികളായിരുന്നു. ഇവരെ എല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ദേഹപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഇതേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകി. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തിൽ വസ്ത്രങ്ങൾ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വസ്ത്രത്തിൽ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന. പരിശോധന നടത്തിയവരുടെ നിർബന്ധം മൂലം അടിവസ്ത്രം ഉപേക്ഷിച്ചാണ് പെൺകുട്ടി ഹാളിൽ പ്രവേശിച്ചത്. ഇത് ഏജൻസിയുടെ ജീവനക്കാരാണോ അതോ സ്‌കൂൾ ജീവനക്കാരാണോ ചെയ്തതെന്നും പൊലീസ് പരിശോധിക്കും. പരാതിക്കാരിയുടെ മൊഴി ഇക്കാര്യത്തിൽ നിർണ്ണായകമാകും. ഇതിന് ശേഷം വ്യക്തത വരുത്തും. എന്നാൽ ഇതിനെ കുറിച്ച് അറിയില്ലെന്നാണ് നീറ്റ് വിശദീകരിക്കുന്നത്. ജില്ലാ കോഓർഡിനേറ്റർക്കും ഇതേ കുറിച്ച് അറിയില്ല.
ഇത്തരം നടപടി വിദ്യാർത്ഥിനികളെ മാനസികമായി തളർത്തിയെന്നും വിദ്യാർത്ഥിനികളുടെ വസ്ത്രങ്ങൾ സൂക്ഷിക്കാൻ രണ്ടു മുറി ഒരുക്കിയിരുന്നതായും ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറൽ എസ്‌പിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. അതേസമയം, കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് മറുവാദം. ലോഹവസ്തുക്കൾ ഉള്ളതൊന്നും ശരീരത്തിൽ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷ ചുമതലയുള്ളവർ പറയുന്നു.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാർത്ഥിയോട് അടിവസ്ത്രം അഴിക്കാൻ നിർദ്ദേശിച്ച സ്ത്രീയ്ക്ക് എതിരേയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് റിപ്പോർട്ട്. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്.ഐ.ആർ. രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
സമാനമായ രീതിയിൽ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാർത്ഥികൾ കൂടി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടർന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് ആരോപിക്കുന്നു. പരീക്ഷയാണോ വസ്ത്രം അഴിച്ച് പരിശോധിക്കുന്നതാണോ നിനക്ക് വലുതെന്നായിരുന്നു വിദ്യാർത്ഥിനിയോട് ഉദ്യോഗസ്ഥ ചോദിച്ചത്. മാറിനിന്ന് കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥൻ എത്തിയ ശേഷം കാര്യം തിരക്കി. കുട്ടിയുട അമ്മയുടെ ഫോൺ നമ്പർ വാങ്ങി വിളിച്ച് രക്ഷിതാക്കളോട് ഗേറ്റിൽ എത്താൻ പറയുകയും ഷോൾ വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് അമ്മയുടെ ഷാൾ നൽകുകയുമായിരുന്നു.
പിന്നീടാണ് ഭൂരിഭാഗം വിദ്യാർത്ഥിനികൾക്കും ഇതേ അനുഭവമുണ്ടായി എന്ന് മനസ്സിലാക്കാൻ സാധിച്ചതെന്ന് രക്ഷിതാവ് പറയുന്നു. തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ കാറിൽവെച്ച് പരീക്ഷയെ കുറിച്ച് സംസാരിക്കുമ്പോഴാണ് കുട്ടി പൊട്ടിക്കരയുകയും പരീക്ഷയെഴുതുന്നതിനിടെ തനിക്കുണ്ടായ മാനസിക സംഘർഷം വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തത്. തനിക്ക് നേരിട്ട മാനസികാഘാതത്തിൽനിന്ന് കുട്ടി ഇനിയും മുക്തയായിട്ടില്ല.
അതിനിടെ നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. സംഭവത്തിൽ രേഖാമൂലം പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ച് ചിന്തിക്കാതെ പെൺകുട്ടികളോട് പെരുമാറിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നീറ്റ് പരീക്ഷ നടത്തുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസി എന്ന സംവിധാനമാണ്. അവർ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയത്.
ഇത് കുട്ടികൾക്ക് വളരെയധികം മാനസിക പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വിഷയത്തിലെ അതൃപ്തി കേന്ദ്രസർക്കാരിനയും അറിയിച്ചിട്ടുണ്ട്. വിഷയം പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ