റാഖിൽ ഐസിസ് ഭീകരരുടെ കസ്റ്റഡിയിലുള്ള മൊസൂൾ നഗരം തിരിച്ച് പിടിക്കാൻ സഖ്യസേനയുടെ പിന്തുണയോടെ ഇറാഖി സൈന്യം കടുത്ത പോരാട്ടം നടത്തുന്നതിനിടെ കണ്ണീരിൽ കുതിർന്ന ഒരു കഥയിതാ പുറത്ത് വന്നിരിക്കുന്നു. കടുത്ത പോരാട്ടത്തിനിടെ ഐസിസ് ഭീകരരുടെ കൈയിൽ പെടാതെ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട അയിഷയെന്ന 10 വയസുകാരിയുടെ കഥയാണിത്. യുദ്ധാവശിഷ്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് പോയ ഈ കുരുന്ന് മൂന്ന് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. തുടർന്ന് ഇവിടെയെത്തിയ ഇറാഖി സേന അയിഷയെ രക്ഷിക്കുകയായിരുന്നു. ഇതോടെ അയിഷ മൊസൂൾ യുദ്ധത്തിന്റെ പ്രതീകമായി ഉയർന്നിരിക്കുകയാണ്. ഈ ബാലികയുടെ പിതാവിനെ ഐസിസുകാർ പിടികൂടി വധിച്ചെങ്കിലും അയിഷ ഭാഗ്യത്തിന് അവരുടെ കണ്ണിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.

തന്നെ രക്ഷിക്കാൻ ഇറാഖി സൈനികർ ഒരിക്കലും വരില്ലേയെന്ന് താൻ ഒരു നിമിഷം ഭയപ്പെട്ടിരുന്നുവെന്നാണ് അയിഷ സൈനികരോട് വെളിപ്പെടുത്തിയിരിക്കുന്നത്. മൊസൂളിനടുത്തുള്ള അയിഷയുടെ ഗ്രാമം 2014 മുതൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാണ്. തന്റെ വീടിന് പുറത്ത് ഇറാഖി സേനയും ഐസിസും തമ്മിൽ നേർക്ക് നേർ കടുത്ത പോരാട്ടം നടത്തുന്നത് മറഞ്ഞിരുന്ന് കണ്ട ബാലികയാണിത്. മരണത്തെ മുഖാമുഖം കണ്ട് കൊണ്ടിരുന്ന തനിക്ക് രക്ഷയായി ഒടുവിൽ ഇറാഖി സൈനികർ വരുന്നത് കണ്ടപ്പോൾ കടുത്ത ആശ്വാസമായിരുന്നു അയിഷയുടെ മുഖത്തുണ്ടായിരുന്നത്. അത് പ്രകടിപ്പിക്കാനായി അവൾ തന്നെ വാരിയെടുത്ത സൈനികന്റെ കാലിൽ ചുംബിക്കുക വരെ ചെയ്തിരുന്നു.

വടക്കൻ ഇറാഖി നഗരമായ മൊസൂളിൽ നിന്നും 18 മൈൽ അകലെയുള്ള ഗ്രാമമായ കാഫെറിലാണ് അയിഷ കഴിഞ്ഞിരുന്നത്. കടുത്ത വ്യോമാക്രണത്തിനും കരയുദ്ധത്തിനും ശേഷമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രസ്തുത ഗ്രാമത്തെ ഭീകരരിൽ നിന്നും സേന മോചിപ്പിച്ചിരിക്കുന്നത്. അയിഷയുടെ മോചനനിമിഷങ്ങൾ ക്യാമറകളിൽ പകർത്തപ്പെട്ടിട്ടുണ്ട്. ടി ഷർട്ടും ലെഗിൻഗ്സും അണിഞ്ഞ ബാലികയെ ഇറാഖി സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്ന സായുധ മിലിട്ടറി യൂണിറ്റാണ് രക്ഷിച്ചിരിക്കുന്നത്. രക്ഷിച്ച ഉടൻ സൈനികർ ബാലികയ്ക്ക് ബിസ്‌കറ്റും ബോട്ടിലിൽ വെള്ളവും നൽകിയിരുന്നു.തുടർന്ന് താൻ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളവും ഭക്ഷണവുമില്ലാതെ അനുഭവിച്ച നരകയാതന അയിഷ അവരോട് ചുരുങ്ങിയ വാക്കുകളിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

തന്റെ ഗ്രാമത്തിൽ നിന്നും ഐസിസുമാർ നിരവധി കുട്ടികളെ കടത്തിക്കൊണ്ട് പോയിരുന്നുവെന്നും അവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അയിഷ വെളിപ്പെടുത്തുന്നു. ഇവരിൽ ചിലരെ കൊന്നിട്ടുമുണ്ട്. തന്റെ അമ്മയിൽ നിന്നും ഐസിസുകാർ പണവും ആഭരണവും തട്ടിയെടുക്കുകയും പിതാവിനെ കൊല്ലുകയും ചെയ്തുവെന്നും അയിഷ ദുഃഖത്തോടെ വെളിപ്പെടുത്തുന്നു. രക്ഷിച്ചതിനെ തുർന്ന് സൈനികർ ബാലികയെയും അമ്മയെയും സമീപഗ്രാമമായ ഖയാറാഹിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.

ഐസിസിന്റെ കസ്റ്റഡിയിലായിരുന്ന ഈ ഗ്രാമം തിരിച്ച് പിടിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ചെറിയ തോതിൽ പോരാട്ടം തുടരുന്നുണ്ട്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചടക്കിയത് 2014 ജൂണിലായിരുന്നു. ഇവിടെയുള്ള 1.5 മില്യൺ ജനങ്ങളിൽ നല്ലൊരു ഭാഗം പലായനം ചെയ്തിരുന്നു. നിരവധി യുവാക്കളെ ഐസിസ് തങ്ങളുട ജിഹാദികളായി റിക്രൂട്ട് ചെയ്തിരുന്നു. ഇതിന് പുറമെ ഇവിടുത്തെ യുവതികളെ ലൈംഗിക അടിമകളായി മാറ്റുകയും ചെയ്തിരുന്നു.ഐസിസ് ഭരണത്തിൻ കീഴിൽ പ്രദേശത്തെ സാധാരണ ജീവിതം ഇത്രയും കാലം നിരോധിക്കപ്പെട്ടിരുന്നു. എന്തിനേറെ കുട്ടികളെ സ്‌കൂളിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല.