തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ കൊല്ലം ജില്ലയിലെ ആയൂരിലുള്ള മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പീഡന വിവാദം. പീഡനത്തിനിരയായ അദ്ധ്യാപിക രണ്ട് തവണ പരാതി നൽകിയിട്ടും ഇനിയും നടപടിയെടുക്കാതെ മുന്നോട്ട് പോവുകയാണ് മാനേജ്മെന്റ്. ആറ് മാസം മുൻപ് അദ്ധ്യാപിക പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് വീണ്ടും പരാതി നൽകിയത്. മാർത്തോമ കോളേജിലെ പോളിമർ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയാണ് വകുപ്പ് മേധാവിക്കും പ്രിൻസിപ്പാളിനുമെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ നേരത്തേയും ഇത്തരത്തിൽ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

2011 മുതൽ കോളേജിൽ ജോലി ചെയ്യുകയാണ് അദ്ധ്യാപിക. അഡ്‌മിനിസ്ട്രേഷൻ ചുമതലകൂടി ഇവർ കൈകാര്യം ചെയ്തിരുന്നു.എച്ച്ഒഡിയുടെ തെറ്റായ പ്രവണതകളെ എതിർത്തതും, കോളേജിലെ 2017ലെ ആർട്സ് ഡേയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും അദ്ധ്യാപികയും വകുപ്പ് മേധാവിയും തമ്മിൽ പ്രശ്നങ്ങൾക്ക് കാരണമായെന്നും പിന്നീട് വ്യക്തിപരമായ കാര്യങ്ങൾ പോലും പറഞ്ഞ പൊതുവായി അപമാനിക്കാൻ തുടങ്ങിയതോടെയാണ് പരാതിയുമായി കോളേജ് മാനേജ്മെന്റിനെ സമീപിച്ചത്.

വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് അപമാനിക്കാനും പ്രശ്നമാക്കാനും തുടങ്ങി. പിന്നീട് സ്റ്റാഫ് മീറ്റിങ് വിളിച്ച് ജൂനിയർ സ്റ്റാഫിന് മുന്നിൽ വെച്ച് പോലും അപമാനിക്കുന്നതും പതിവായിരുന്നു. ഇതിന് പുറമെ ഡിപ്പാർട്മെന്റിൽ ക്ലാസുകൾ നൽകാതെയാവുകയും വകുപ്പിലെ ഒരു കാര്യങ്ങളും അദ്ധ്യാപികയെ അറിയിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതിന് പുറമെ വിദ്യാർത്ഥികളോട് പോലും അദ്ധ്യാപികയെക്കുറിച്ച് മോശമായി സംസാരിക്കാനും തുടങ്ങിയതായും അദ്ധ്യാപിക പരാതിയിൽ പറയുന്നു. പരാതിയിൽ നടപടിയെടുക്കാൻ നിയമപരമായി ബാധ്യതയുള്ള കോളജ് അധികൃതർ ഡൊമസ്റ്റിക് എൻക്വയറി എന്ന പേരിൽ പരാതി തട്ടിക്കളിക്കുകയാണ്.

തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള പെരുമാറ്റം പ്രതികളിൽ നിന്നുണ്ടായി എന്ന് അദ്ധ്യാപിക പരാതി വ്യക്തമായി എഴുതി കൊടുത്തിട്ടും വിഷയത്തിന്റെ ഗൗരവം മനസിലാക്കി പൊലീസിൽ അറിയിക്കാൻ കോളജ് അധികാരികൾ ഇനിയും തയ്യാറായിട്ടില്ല. സർവ്വോപരി സ്ത്രിത്വത്തെ അപമാനിക്കുന്ന പെരുമാറ്റം വകുപ്പ് മേധാവി യുടെയും പ്രിൻസിപ്പലിന്റേയും ഭാഗത്തു നിന്നുണ്ടായിട്ടുപോലും പ്രതികളെ നിയമത്തിന് മുന്നിലെ ത്തിക്കാനുള്ള നടപടി ഉണ്ടാവുന്നില്ലന്നത് ഗൗരവമുള്ള കാര്യമാണ്. തൊഴിൽ രംഗത്തെ പീഡന വിവരം റിപ്പോർട്ട് ചെയ്തിട്ടും കുറ്റാരോപിതരെ രക്ഷിക്കാനുള്ള സഭാ മേലധികാരിയുടെ ശ്രമം തികച്ചും അപലപനീയമാണ്. ഇതിന് മുമ്പും വകുപ്പ് മേധാവിയുടെ ഇംഗിതത്തിന് വഴങ്ങാത്ത അദ്ധ്യാപികമാരെ ഇത്തരത്തിൽ മേധാവി പീഡിപ്പിച്ചിരുന്നതായി പരാതിക്കാരി വ്യക്തമാക്കുന്നു.

തൊഴിലിടത്തിലെ പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിലുണ്ടായിട്ടുപോലും ഇരക്ക് നീതി നടപ്പാക്കുന്നതിൽ ഗുരുതരമായ കാലതാമസവും കൃത്യവിലോപവും കോളജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതായി അറിയുന്നു. വിദ്യാസമ്പന്നയും സമൂഹത്തിൽ മെച്ചപ്പെട്ട തൊഴിൽ ചെയ്യുന്ന സ്ത്രീയ്ക്കു പോലും അവരുടെ തൊഴിലിടത്ത് സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അതിലുപരി കുറ്റക്കാരായവരെ സംരക്ഷിക്കാൻ സഭാ മേലധ്യക്ഷൻ നേരിട്ടിറങ്ങി എന്നത് ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണ്. ഇരയുടെ പരാതി പൊലീസിന് കൈമാറാൻ കോളജധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഡൊമസ്റ്റിക് എന്ക്വയറി കഴിയാതെ പൊലീസിൽ അറിയിക്കാനാകില്ലെന്നാണ് കോളേജ് സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു.

പരാതി നൽകിയപ്പോൾ കോളേജ് പ്രിൻസിപ്പാൾ ആദ്യം ശകാരിക്കുകയും പിന്നീട് വകുപ്പിലെ തന്നെ ജൂനിയർ സ്റ്റാഫിനെ കൂട്ട്പിടിച്ച് കോളേജിൽ ആകെ അദ്ധ്യാപികയെ ഒറ്റപ്പെടുത്തുകയായിരുന്നു. മറ്റ് ഡിപ്പാർട്മെന്റിലെ ജീവന്കാരോട് പോലും സംസാരിക്കുന്നതും ഇവർ തടഞ്ഞിരുന്നതായും പരാതിയിൽ പറയുന്നു. കോളേജിൽ നിന്നും യൂണിവേഴ്സിറ്റി ക്യാമ്പിന് പോയതും തുടർന്നുള്ള അറ്റൻഡനസ് കാര്യം പോലും പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു.ഇതിന് മുൻപും ഇംഗിത്തതിന് വഴങ്ങാത്തവരോട് ഇങ്ങനെ തന്നെയാണ് പെരുമാറിയതെന്നും ഭയന്നാണ് ഇത്വരെ പരാതി നൽകാതിരുന്നതെന്നും അദ്ധ്യാപിക പറയുന്നു.പരാതി നൽകിയ പേരിൽ തുടർന്നും പീഡനമാണെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ധ്യാപിക പറയുന്നു.