ചൂണ്ടൽ: കേരളത്തിന്റെ സ്വന്തം ചികിത്സാരീതിയായ ആയുർവേദം ലോക പ്രശസ്തമാണ്. ഈ ചികിത്സാ വിധിക്ക് ഊർജ്ജം പകർന്നത് കേരളത്തിൽ പേരുകേട്ട കുടുംബക്കാരാണ്. അത്തരത്തിൽ ആയുർവേദ ചികിത്സയ്ക്കും പഠനത്തിനു വിദേശത്ത് അഡ്രസുണ്ടാക്കിയ പ്രമുഖനാണ് ഇന്നലെ വിടപറഞ്ഞ ആലത്തിയൂർ നമ്പില്ലത്ത് അഷ്ടവൈദ്യൻ നാരായണൻ നമ്പി(76). അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് ആയുർവേദ ചികിൽസാ പരമ്പരയിലെ കാരണവരെ തന്നെയാണ്.

വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ആയുർവേദത്തിൽ പഠനവും ചികിൽസയും നടത്തിയ നാരായണൻ നമ്പി പ്രവാസി മലയാളികളുടെയും പ്രിയങ്കരനായ വൈദ്യരായിരുന്നു. തൃശൂർ ചൂണ്ടൽ തായംകാവിൽ നമ്പി ഇല്ലത്തായിരുന്നു താമസം.

തൃശൂർ എസ്എൻഎ ഔഷധശാലയിലെ ചീഫ് ഫിസീഷ്യൻ എന്ന നിലലയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അഷ്ടവൈദ്യന്മാരിൽ ആദ്യമായി ആയുർവേദ കോളജ് വിദ്യാഭ്യാസം കഴിഞ്ഞയാളാണ്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലും മഹർഷി മഹേഷ് യോഗിയുടെ വേദിക് യൂണിവേഴ്‌സിറ്റിയിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്നത്തെ ഔഷധിയായ ആർവി എം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ ഡയറക്ടറായിരുന്നു.

കീഴോട്ടുകര കടലായിൽ ശ്രീദേവിയാണ് ഭാര്യ. മക്കൾ: ജയകൃഷ്ണൻ നമ്പി (എസ്എൻഎ ഔഷധശാല മാർക്കറ്റിങ് മാനേജർ), ഡോ. പി. ടി. എൻ. വാസുദേവൻ മൂസ് (മാനേജിങ് ഡയറക്ടർ, എസ്എൻഎ ഔഷധശാല), ഡോ. നാരായണൻ നമ്പി(ഡയറക്ടർ, അക്കാദമി ഔഷധശാല). മരുമക്കൾ: ഉഷ, സുനില, ഡോ. ദേവി. സംസ്‌കാരം ഇന്ന് 10ന് ചൂണ്ടൽ തായങ്കാവിലെ വസതിയിൽ.