- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിരോധം: ആയുഷ് വിഭാഗങ്ങളുടെ പ്രതിഷേധ ദിനം മെയ് 24 ന്; പ്രതിഷേധം ആയുഷ് ചികിത്സാ വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ വേണ്ടത്ര പരിഗണന നൽകാത്തതിനെതിരെ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ഏറെ ഫലപ്രദമെന്ന് അനുഭവത്തിലൂടെ തെളിഞ്ഞ ആയുഷ് ചികിത്സാ വിഭാഗങ്ങൾക്ക് സർക്കാർ തലത്തിൽ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് ആരോപണം. ഇതിൽ പ്രതിഷേധിച്ച് മെയ് 24ന് പ്രതിഷേധ ദിനമാചരിക്കും. ആയുഷ് വിഭാഗങ്ങളിൽപ്പെട്ട വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ ഡോക്ടർമാരുടെ പത്തോളം സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ആയുഷ് വിഭാഗങ്ങളുടെ സേവനം കോവിഡ് പ്രതിരോധരംഗത്തും ചികിത്സാരംഗത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ നിലപാടെടുത്തിട്ടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ തലത്തിൽ നിന്ന് അതനുസരിച്ചുള്ള നടപടികളുണ്ടാകുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് ആയുഷ് ചികിത്സാ വിഭാഗങ്ങളായ ആയുർവേദ, ഹോമിയോ, യോഗാ & നാച്ചുറോപ്പതി, സിദ്ധ ,യുനാനി എന്നീ രംഗങ്ങളിലെ ഡോക്ടർമാരുടെ വിവിധ സംഘടനകൾ കൂട്ടായി ഈ അവഗണനക്കെതിരെ നീങ്ങാൻ തീരുമാനമെടുത്തത്. ഈ വിഷയത്തിലുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും സംഘടനകൾ ഒത്തുചേർന്ന് സർക്കാരിന് നൽകിയിട്ടുണ്ട്.
പ്രതിഷേധ ദിനമാചരിക്കുന്ന മെയ് 24ന് കറുത്ത ബാഡ്ജ് ധരിച്ചും സ്വന്തം സ്ഥാപനങ്ങളിൽ ബാനറുകളുയർത്തിയുമാവും ഡോക്ടർമാർ ജോലി ചെയ്യുക.കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നാനാവിധ പ്രതിസന്ധികൾ രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ചിലവു കുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതുമായ ചികിത്സാരീതികൾക്ക് വലിയ പ്രാധാന്യമുണ്ട്.ഇക്കാര്യത്തിൽ പൊതു സമൂഹത്തിന്റെ പിന്തുണയുമുണ്ടാവേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു
ഈ ലക്ഷ്യത്തോടെ തുടർപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആയുഷ് ജനകീയ ഐക്യവേദിയും രൂപീകരിച്ചിട്ടുണ്ട്.