കൊച്ചി: ദളിത് സമൂഹത്തിന്റെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും വലതു പക്ഷത്തിനു എന്ന പോലെ ഇടതു പക്ഷത്തിനും ശേഷിയില്ലെന്നും അയ്യങ്കാളി അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ സംവാദം വെളിപ്പെടുത്തുന്നു.

സൗത്ത് കളമശ്ശേരി ആം ആദ്മി പാർട്ടി സംഘടിപ്പിച്ച ഇ എം എസ് മറന്ന അയ്യങ്കാളി എന്ന സംവാദത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഇടതു പക്ഷം രോഹിത് വെമുലയുടെ ചിത്രം വച്ച് പ്രചരണം നടത്തുന്നത് ആത്മ വഞ്ചനയാണെന്ന് സംവാദത്തിൽ അധ്യക്ഷത വഹിച്ച സി ആർ നീലകണ്ഠൻ പറഞ്ഞു. എട്ടു പതിറ്റാണ്ട് പ്രവർത്തനം നടത്തിയിട്ടും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിൽ ഒരു ദളിതൻ ഇത് വരെ അംഗമാവത്തത് എന്തെന്ന് ചോദിച്ചു കൊണ്ടാണ് രോഹിത് വെമുല എസ് എഫ് ഐ യിൽ നിന്ന് രാജി വച്ചത്. ആ ചോദ്യത്തിന് മറുപടി പറയാതെ രോഹിത് വെമുലയുടെ പടം വച്ചു കൊണ്ട് പ്രചരണം നടത്തുന്നത് എങ്ങെനെയാണ് ആത്മാർത്ഥമാവുക എന്ന് സി ആർ ചോദിച്ചു.

ദളിത് ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനും ആയ സണ്ണി കപിക്കാട് സംവാദം ഉത്ഘാടനം ചെയ്തു. ഇന്ത്യയിൽ വളർന്നു വരുന്ന സവർണ്ണ ഫാസിസത്തെ നേരിടാൻ ഇടതു പക്ഷത്തിനു ശേഷിയില്ലെന്നും ദളിത് പിന്നോക്ക ന്യൂനപക്ഷ കൂട്ടായ്മക്ക് മാത്രമെ അതിനു കഴിയൂ എന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങൾ കാണിക്കുന്നു എന്നും അദ്ദേഹം കൂടിച്ചേർത്തു.

ഏറെ കാലം ദളിതരെ ഉൽബോധിപ്പിച്ച നാം ഇനി ആ ശ്രമത്തിനല്ല മുതിരേണ്ടത്. ദളിതരല്ല സവർണ്ണരാണ് പരിഷ്‌ക്കരിക്കപെടെണ്ടത് എന്ന ചിന്തയാണ് രേഖ രാജ് പങ്കുവച്ചത്.
വയനാട് നാടുകൂട്ടം അവതരിപ്പിച്ച ഗോത്ര മൊഴി ദൃശ്യാവിഷ്‌ക്കാരവും അയ്യൻകാളി അനുസ്മരണത്തിന് പൊലിമ പകർന്നു. സംവാദത്തിൽ ഡോ. രേഖ രാജ്, ബാബുരാജ്, അരുൺ ജോസെഫ്, ഷക്കീർ അലി, , ജെബിൻ ജോസ്, ഷാജഹാൻ, പോൾ തോമസ് തുടങ്ങിയർ സംസാരിച്ചു.