തിരുവനന്തപുരം: 2020ലെ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ മലയാളത്തിന്റെയും മനം നിറയുകയാണ്.സിനിമാ വിഭാഗത്തിലും സിനമാ ഇതര വിഭാഗത്തിലും ഇത്തവണ മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.സിനിമാ വിഭാഗത്തിൽ മലയാളം അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അതിന് ചുക്കാൻ പിടിച്ചത് അയപ്പനും കോശിയുമാണ്.മികച്ച സംവിധായകൻ അടക്കം നാല് പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും മലയാളത്തിന് സമ്മാനിച്ചത്.

മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം, ഗായിക എന്നീ വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്‌കാരങ്ങൾക്ക് അർഹമായത്.സഹനടനായി ബിജു മേനോനും സംവിധായകനായി സച്ചിയും മാഫിയാ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ സംഘട്ടന സംവിധായകരായും നഞ്ചിയമ്മ ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.നിർമ്മാണ മികവുകൊണ്ടും, ജനപ്രീതിയുടെ കാര്യത്തിലും നിലവാരം പുലർത്തിയ സിനിമ പക്ഷെ സംസ്ഥാന പുരസ്‌കാരങ്ങളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെപോയി എന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.

മികച്ച വാണീജ്യ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് സംസ്ഥാന പുരസ്‌കാരത്തിൽ അയ്യപ്പനും കോശിയും നേടിയത്.എന്നാൽ ദേശീയ പുരസ്‌കാരത്തിൽ ഈ കുറവ് നികത്തുകയാണ് ചിത്രം.തന്റെ രണ്ടാമത്തെ ചിത്രം തന്നെ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് കാണാനോ സന്തോഷത്തിൽ പങ്കാളിയാകാനോ ഇന്ന് സച്ചി നമുക്കൊപ്പമില്ല.മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡും സച്ചിക്ക് ലഭിക്കുമ്പോൾ ഒരിക്കൽക്കൂടി ആ പ്രതിഭയെ ഓർക്കുകയാണ് മലയാളികൾ.

മലയാള സിനിമയിൽ ഹിറ്റുകളുടെ ശിൽപ്പിയായിരുന്ന സച്ചി തന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന സിനിമകൾ സംവിധാനം ചെയ്യാൻ ബാക്കിവച്ചാണ് അകാലത്തിൽ മടങ്ങിയത്. വാണിജ്യ സിനിമയുടെ ശക്തനായ വക്താവായിരിക്കുമ്പോഴും കലാമൂല്യമുള്ള സിനിമകളെയാണ് അദ്ദേഹം ഹൃദയത്തിൽ ചേർത്തിരുന്നത്.

കലാമൂല്യമുള്ള സിനിമകളോട് വലിയ ആഭിമുഖ്യമുണ്ടായിരുന്ന സച്ചി, ഒന്നാംകിട വാണിജ്യ സിനിമകളുടെ എഴുത്തുകാരനും സംവിധായകനുമായത് അദ്ദേഹത്തെ അടുത്തറിയാവുന്ന പലരെയും ഞെട്ടിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രവർത്തകനും ലോകോത്തര സിനിമകളുടെ ആസ്വാദകനുമായിരുന്ന സച്ചിയെയാണ് അവർക്കറിയാമായിരുന്നത്. അക്കാലത്ത് കച്ചവടസിനിമകളോട് തനിക്ക് പരമപുച്ഛമായിരുന്നെന്നാണ് ഒരു അഭിമുഖത്തിൽ സച്ചി പറഞ്ഞത്. അത്തരം സിനിമകൾ കാണാതിരുന്ന് പ്രതിഷേധിക്കുമായിരുന്നു.

സിനിമാലോകത്തെത്തിയപ്പോൾ പല തിരിച്ചറിവുകളുമുണ്ടായി. ''പണം മുടക്കുന്നവന് അത് തിരിച്ചുകിട്ടണം. ആരാന്റെ പണം ഉപയോഗിച്ച് തന്റെ സങ്കൽപ്പത്തിലെ സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ല''. അതിനുള്ള അവസരം വരുമ്പോൾ ചെയ്യാനാണ് സച്ചി കാത്തിരുന്നത്.നല്ല സിനിമകളെ അടുത്തറിഞ്ഞതുപോലെ സിനിമയുടെ കച്ചവടചേരുവകളെയും അടുത്തറിഞ്ഞ സിനിമക്കാരനായിരുന്നു സച്ചി.

സംവിധായകരുടെയും അഭിനേതാക്കളുടെയും മികവിനെ പുറത്തെമടുക്കാൻ പോന്നതെല്ലാം തിരക്കഥാകൃത്തെന്ന നിലയിൽ എഴുത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിനായി. ജോഷിക്കുവേണ്ടി എഴുതിയ തിരക്കഥകളിലെ ചേരുവകൾ ഹാസ്യം കൂടുതൽ ഇഷ്ടപ്പെടുന്ന ഷാഫിക്കുവേണ്ടി എഴുതിയതിൽ കാണുമായിരുന്നില്ല. താരങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാരും സംവിധായകരുമാണെന്ന് വിശ്വസിച്ചു. രണ്ടാംനിര നടന്മാരിൽ ചിലരെ താരപദവിയിലേക്കുയർത്തിയ പാത്രസൃഷ്ടികളിലൂടെ സച്ചി അത് തെളിയിക്കുകയും ചെയ്തു.

സംവിധായകനാകാനാണ് സിനിമാരംഗത്തെത്തിയത്. അതു മികച്ചതാകണമെന്ന് സച്ചിക്ക് നിർബന്ധമുണ്ടായിരുന്നു.അയ്യപ്പനും കോശിയും മലയാളത്തിന് അഭിമാനകുമ്പോൾ തന്റെ ആ നിശ്ചയദാർഢ്യം ഉറപ്പിക്കുകയായിരുന്നു സച്ചി