തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം തുടങ്ങി. ശരണം വിളികളുമായി ആയിരങ്ങളാണ് സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയത്. നാമജപഘോഷ യാത്ര സെക്രട്ടറിയേറ്റ് പടിക്കൽ പുരോഗമിക്കുകയാണ്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറുവരെയാണ് നാമജപയജ്ഞമെന്ന് പന്തളം രാജകൊട്ടാരം അയ്യപ്പധർമ സംരക്ഷണസമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ, കൊട്ടാരം നിർവാഹകസമിതി വൈസ് പ്രസിഡന്റ് രവിവർമ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങൾ, തിരുവാഭരണവാഹക സ്വാമിമാർ, പല്ലക്ക് വാഹകസ്വാമിമാർ, പടക്കുറുപ്പുമാർ, നായാട്ടുവിള സ്വാമിമാർ, ഗുരുതിപൂജ സ്വാമിമാർ, ക്ഷേത്ര ഉപദേശകസമിതികൾ, ക്ഷേത്രഭരണസമിതികൾ, മുന്മേൽശാന്തിമാർ, തന്ത്രിമാർ, അയ്യപ്പസേവാസമാജം, വിവിധ ഹിന്ദുസംഘടനകൾ, സമുദായസംഘടനകൾ, അയ്യപ്പഭക്തർ എന്നിവർ പങ്കെടുക്കും. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ ഉദ്ഘാടനം ചെയ്തു.

പുനഃപരിശോധനാ ഹർജികളിൽ വിധി വരുന്നതുവരെ ശബരിമലയിലെ യുവതീ പ്രവേശനമുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ നടപടി കൈക്കൊള്ളരുത്. സർക്കാരുമായി മുൻവിധി കൂടാതെയുള്ള ചർച്ചയ്ക്ക് പന്തളം രാജകുടുംബവും തന്ത്രികുടുംബവും തയ്യാറാണ്. വ്യത്യസ്തങ്ങളായ താന്ത്രികാചാരങ്ങളാണ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളത്. സർക്കാർ കോടതിയിൽ നൽകിയ പ്രസ്താവനയിൽ ആചാര്യർ, പണ്ഡിതർ, രാജകുടുംബം, തന്ത്രികുടുംബം ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി ഇത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്ഷേത്രസംരക്ഷകൻ എന്നനിലയിൽ ദേവസ്വം ബോർഡ് പുനഃപരിശോധനാഹർജി നൽകണം എന്നതാണ് സമരക്കാരുടെ ആവശ്യം.

സ്ത്രീകളുടെ നാമജപമുന്നേറ്റം കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനോ ദേവസ്വംബോർഡിനോ കഴിയില്ല. വിധി ഏകപക്ഷീയമായി നടപ്പാക്കുന്നതിൽനിന്ന് പിന്മാറി സർക്കാർ വിശ്വാസിസമൂഹവുമായി ചർച്ചയ്ക്ക് തയ്യാറാകണം. നിയമം കൈയിലെടുക്കുന്ന നടപടി വിശ്വാസിസമൂഹത്തിൽനിന്ന് ഉണ്ടാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു.