പത്തനംതിട്ട: പുകച്ചു പുറത്തുചാടിക്കുക എന്നു പറയുന്നതു പോലെ വെള്ളം കയറ്റി ഓടിക്കുക എന്ന തന്ത്രമാണ് ചിറ്റാറിനു സമീപം അള്ളുങ്കലിൽ അടുത്തമാസം കമ്മിഷൻ ചെയ്യാനിരിക്കുന്ന അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക്കൽ പദ്ധതി നടത്തിപ്പുകാർ ചെയ്യുന്നത്. കാച്ച്‌മെന്റ് ഏരിയയുടെ വിസ്തൃതി കൂട്ടാൻ അവർക്ക് കൂടുതൽ ഭൂമി വേണം. അത് കുറഞ്ഞ തുകയ്ക്ക് തട്ടിയെടുക്കാൻ വേണ്ടി ഡാമിന് നേരത്തേ പറഞ്ഞതിലും ഉയരം കൂട്ടി സമീപത്തെ വീടുകളിൽ വെള്ളത്തിലാക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിക്ക് എതിരെ വാദമുയർത്തുന്നവർ പോലും ഈ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം അമിതാഭ് ബച്ചനെതിരെ കൊടിയെടുക്കാൻ ആരുമില്ല.

പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ കിടപ്പാടം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് മണക്കയംപാമ്പിനി ഭൂസംരക്ഷണ സമിതി വ്യക്തമാക്കി. പദ്ധതി നിർമ്മാണത്തിന്റെ ആരംഭത്തിൽ ഡാമിലെ ജലനിരപ്പ് 47 മീറ്ററിൽ കൂടുതൽ ഉയരില്ലെന്നാണ് കമ്പനി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കമ്മിഷൻ ചെയ്യുന്നതോടെ ജലനിരപ്പ് 49 മീറ്റർ വരെ ഉയരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അങ്ങനെ സംഭവിച്ചാൽ നദിയുടെ തീരത്തുള്ള വീടുകളിലേക്ക് വെള്ളം ഇരച്ചുകയറാനുള്ള സാധ്യത ഏറെയാണ്. ജലനിരപ്പ് 47 മീറ്ററിൽ അധികമായാൽ ശേഷിക്കുന്ന ഭൂമി കൂടി വെള്ളത്തിനടിയിലാകുമെന്നും ഇവർ ഭയപ്പെടുന്നു.

തുടക്കത്തിൽ പതിനഞ്ച് മെഗാവാട്ട് പദ്ധതിയാണ് കമ്പനി ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോൾ അതിന്റെ ശേഷി 30 മെഗാവാട്ടായി ഉയർത്താനാണ് നീക്കമെന്ന് സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. അങ്ങനെ വന്നാൽ ഡാമിലെ ജലനിരപ്പ് ഉയർത്തേണ്ടിവരും. ഇതോടെ പിറന്ന ഭൂമി ജലസമാധി അടയുന്നത് നോക്കി നിൽക്കാൻ മാത്രമെ തങ്ങൾക്ക് കഴിയു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് അർഹമായ വില നൽകിയിട്ടില്ല. ഇപ്പോൾ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ ശേഷിച്ച ഭൂമികൂടി ഏറ്റെടുക്കാൻ കമ്പനി തയാറാകണമെന്നാണ് ഭൂസംരക്ഷണ സമിതിയുടെ ആവശ്യം.

1994ൽ ആണ് അയ്യപ്പ ജലവൈദ്യുത പദ്ധതിക്കായുള്ള സ്വകാര്യകമ്പനി നീക്കം ആരംഭിച്ചത്. പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കുന്നതോടെ കക്കാട്ടാറിന്റെ തീരത്ത് കഴിയുന്നവരുടെ വസ്തുവകകൾ വെള്ളത്തിനടിയിലാകുമെന്ന ആശങ്ക അന്നുതന്നെ ഉയർന്നിരുന്നു. എന്നാൽ നിർമ്മാണം ആരംഭിച്ചെങ്കിലും പദ്ധതി വർഷങ്ങളോളം സ്തംഭനത്തിലായി. എന്നാൽ 2003 ന് ശേഷം ഹിന്ദി ചലച്ചിത്രതാരം അമിതാഭ് ബച്ചനും അമർസിങും ചേർന്ന് പദ്ധതി വീണ്ടും ഏറ്റെടുത്തതോടെ പ്രശ്‌നങ്ങൾ തലപൊക്കുകയായിരുന്നു.

പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാനും ജലസംഭരണമേഖല തിട്ടപ്പെടുത്താനുമായി നൂറിൽ അധികം പേരുടെ 65 ഏക്കറിൽ അധികം ഭൂമിയിൽ സർവേ നടന്നു. ഇതിനെ എതിർത്തവരെ ഭീഷണിപ്പെടുത്തി ഭൂമിയിൽ കയറി കല്ലുകൾ ഇട്ടു. ഫലവൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് സമരം ചെയ്ത നാട്ടുകാർക്കെതിരെ കമ്പനി അധികൃതർ ഹൈക്കോടതിയിൽ കേസുകൊടുത്തു. ഒടുവിൽ കമ്പനിയുടെ ഭീഷണിമൂലം വലഞ്ഞ നാട്ടുകാർ ജില്ലാ കലക്ടർ, എംഎ‍ൽഎ, മുഖ്യമന്ത്രി എന്നിവരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സർക്കാർ പദ്ധതിയായതിനാൽ ഭൂമി നിർബന്ധപൂർവം ഏറ്റെടുക്കുമെന്ന കലക്ടറുടെ ഭീഷണിമൂലം സെന്റിന് 7000 മുതൽ 25,000 രൂപ വരെ വിലവാങ്ങി വസ്തുക്കൾ കമ്പനിക്ക് വിൽക്കാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പാമ്പനി പ്രദേശത്തുള്ളവർക്ക് വെറും നിസാര വിലയാണ് സെന്റിന് ലഭിച്ചതെന്ന് സമിതി ആരോപിക്കുന്നു. പ്രദേശം സെറ്റിൽമെന്റ് ഏരിയാ ആയതിനാൽ കൈമാറ്റം ചെയ്യാൻ കഴിയില്ലെന്നും ഭൂമിക്ക് പട്ടയം ലഭിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി വെറും ഏഴായിരം രൂപ മാത്രം നൽകിയാണ് ഇവിടെയുള്ള ഭൂമി ഏറ്റെടുത്തത്. പിന്നീട് എംഎ‍ൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സെന്റിന് 7000 രൂപ മാത്രം ലഭിച്ചവർക്ക് 30,000 രൂപ വരെ നൽകാമെന്ന് വാക്കും ലഭിച്ചു. എന്നാൽ ചില്ലിപൈസാ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മണക്കയംപാമ്പിനി ഭൂസംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.

മാത്രമല്ല അന്ന് ഭൂമി നൽകാൻ തയാറാകാതിരുന്നവരുടെ പക്കൽ നിന്നും സെന്റിന് ഒന്നേകാൽ ലക്ഷംവരെ നൽകിയാണ് പിന്നീട് കമ്പനി ഭൂമി ഏറ്റെടുത്തത്. യഥാർഥത്തിൽ ലഭിക്കേണ്ട പണം നൽകാതെ തങ്ങളുടെ ഭൂമി സർക്കാർ ഒത്താശയോടെ നക്കാപ്പിച്ച നൽകി കമ്പനി പിടിച്ചുവാങ്ങുകയാണെന്നും സമിതി ആരോപിച്ചു. പദ്ധതി അടുത്ത മാസം കമ്മിഷൻ ചെയ്യുകയാണ്. തലമുറയായി ലഭിച്ച ഭൂമിയുടെ നല്ലൊരു ശതമാനവും കമ്പനി ഏറ്റെടുത്തു കഴിഞ്ഞു. ശേഷിക്കുന്നത് വിരലിൽ എണ്ണാൻ പോലും ഇല്ലാത്ത കുറച്ചുഭൂമി മാത്രമാണ്. ഇവിടെ വീടുമുണ്ട്. അർഹമായ വിലനൽകി ശേഷിക്കുന്ന ഭൂമികൂടി കമ്പനി ഏറ്റെടുക്കണമെന്നും ഇതിനോടകം കമ്പനി ഏറ്റെടുത്ത ഭൂമിക്ക് യഥാർഥ വില നൽകണമെന്നുമാണ് ഭൂസംരക്ഷണ സമിതിയുടെ ആവശ്യം.