തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് നിർണായകമായ ഹർജികൾ പരിഗണിക്കുകയാണ്. ഇതിനിടെ ആചാര സംരക്ഷണത്തിന്റെ പേരിൽ ഏഴ് സംസ്ഥാനങ്ങളിൽ അടക്കം അയ്യപ്പജ്യോതി പ്രയാണവുമായി മുന്നോട്ടു പോകുകയാണ് ഹിന്ദു സംഘടനകൾ. ഏഴ് സംസ്ഥാനങ്ങളിലെ അഞ്ച് കോടി വീടുകളിൽ ജ്യോതി എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായുള്ള ജ്യോതി പ്രയാണം ശബരിമലയിൽ നിന്നും തുടക്കമായി.

നൂറു കണക്കിനു ഭക്തരുടെ അകമ്പടിയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ജ്യോതി ഏറ്റുവാങ്ങി. ശബരിമല സന്നിധാനത്തുനിന്നു തന്ത്രി കണ്ഠര് രാജീവര് പകർന്നു നൽകിയ ജ്യോതി നേരത്തേ തലസ്ഥാനത്ത് എത്തിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വീടുകളിലും ശാസ്താ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലുമാണു ജ്യോതി തെളിക്കുക.

ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഈശ്വരൻ നമ്പൂതിരി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തർക്കു ദീപം പകർന്നു നൽകി. മുഞ്ചിറമഠം സ്വാമിയാർ പുരുഷോത്തമ ബ്രഹ്മാനന്ദതീർത്ഥ ഉദ്ഘാടനം ചെയ്തു. ഗണേശോത്സവ ട്രസ്റ്റ് കൺവീനർ ആർ. ഗോപിനാഥൻ നായരുടെ അധ്യക്ഷതയിൽ സ്വാമി ഗൗജപാദാനന്ദപുരി, സൂര്യപീഠം മഠാധിപതി സൂര്യേന്ദ്ര മഹാരാജ്, എൻഎസ്എസ് കന്യാകുമാരി ജില്ലാ പ്രസിഡന്റ് വിജയകുമാർ, അയ്യപ്പ ധർമരക്ഷാ സമിതി തമിഴ്‌നാട് ഭാരവാഹികളായ കൃഷ്ണൻ, രാജേന്ദ്രൻ, പെരിങ്ങമ്മല അജി, സ്വാമിനി ദേവിപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

ഗണേശോത്സവ ട്രസ്റ്റ്, ശ്രീ മണികണ്ഠ സേവാ സംഘം, അയ്യപ്പ ധർമരക്ഷാ സമിതി, ശിവസേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു ജ്യോതി പ്രയാണം.