തിരുവനന്തപുരം: വനിതാ മതിലിന് ബദലാണ് അയ്യപ്പ കർമ്മ സമിതിയുടെ അയ്യപ്പ ജ്യോതി. വനിതാ മതിൽ സിപിഎം പ്രഖ്യാപിച്ചപ്പോൾ അതിവഗം തയ്യാറാക്കിയ പദ്ധതി. പരിവാർ നേതാവായ ശശികലയായിരുന്നു കർമ്മ സമിതിയുടെ നേതാവ്. എന്നാൽ ശബരിമലയിൽ യുവതി പ്രവേശനം അസാധ്യമാക്കിയ പ്രതിരോധം ഭക്തർ തീർത്തപ്പോൾ അത് അയ്യപ്പജ്യോതിക്കും ആവേശമായി. എൻ എസ് എസ് പരോക്ഷ പിന്തുണ നൽകി. മാതാ അമൃതാനന്ദമയി ദേവി നേതൃത്വത്തിൽ സജീവമായി. ഇതോടെ കേരളവും കടന്ന് കന്യാകുമാരിയിലേക്ക് അയ്യപ്പ ജ്യോതി എത്തി.

ഹൈന്ദവ സംഘടനകളിൽ ബഹുഭൂരിഭാഗവും അയ്യപ്പജ്യോതിയിൽ സജീവമാകുമെന്ന് അവസ്ഥയാണുള്ളത്. വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ശബരിമല വിശ്വാസം സംരക്ഷിക്കുന്നതിനും വേണ്ടി ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ ജ്യോതി ഇന്ന് വൈകുന്നേരമാണ് നടക്കുക. 795 കിലോ മീറ്റർ ദൂരത്തിലാണ് അയ്യപ്പ ജ്യോതി തെളിയുന്നത്. വെള്ളാപ്പള്ളി നടേശൻ ജ്യോതിയെ എതിർക്കുന്നുണ്ടെങ്കിലും എസ് എൻ ഡി പി പ്രവർത്തകർ ഇതിൽ സജീവമായി അണിചേരും.

ആചാര വിശ്വാസ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമംവരെ ഇന്ന് അയ്യപ്പജ്യോതി തെളിയും. കൂടാതെ വിദേശ രാജ്യങ്ങളിലും, പതിനൊന്ന് സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലും, രാജ്യതലസ്ഥാനത്തും അയ്യപ്പ ജ്യോതി തെളിയിക്കും. കാസർകോട് ഹൊസങ്കടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് അങ്കമാലി വരെ ദേശീയപാതയിലും, തുടർന്ന് എംസി റോഡിലൂടെയുമാണ് അയ്യപ്പ ജ്യോതി തെളിയുക. ബിജെപി, ശബരിമല കർമ്മ സമിതി നേതാക്കൾക്ക് പുറമെ പിഎസ്?സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ, മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, പ്രൊഫസർ എൻ സരസു, ഫാദർ ജോസ് പാലപ്പുറം, സംവിധായകൻ അലി അക്‌ബർ തുടങ്ങിയ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമാകും.

അയ്യപ്പ ജ്യോതിക്ക് പിന്തുണയർപ്പിച്ച് വിവിധ ഹൈന്ദവ സംഘടനകൾ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. മാതാ അമൃതാനന്ദമയി മഠവും പന്തളം കൊട്ടാരവും ജ്യോതിയുടെ ഭാഗമാകും. അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ വള്ളിക്കാവ് ആശ്രമത്തിലാകും ജ്യോതി തെളിയിക്കുകയെന്നാണ് സൂചന. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ജ്യോതിയിൽ പങ്കെടുക്കില്ലെന്നാണ് സൂചന. എന്നാൽ കരയോഗ അംഗങ്ങൾ സജീവമായി ജ്യോതി തെളിയിക്കും. അയ്യപ്പകർമ്മ സമിതിയുമായി എൻ എസ് എസിന്റെ പ്രാദേശിക നേതൃത്വം അടുത്ത് സഹകരിക്കുന്നുണ്ട്. ഇതിനൊപ്പം അയ്യപ്പ ജ്യോതിക്ക് പിന്തുണ അറിയിച്ച് കൂടുതൽ ഹൈന്ദവ സംഘടനകൾ എത്തുകയാണ്. ഒടുവിൽ കേരള സമസ്ത വിശ്വകർമ സംഘവും അഖിലകേരള തന്ത്രി മണ്ഡലവുമാണ് നിലപാട് വ്യക്തമാക്കിയത്.

ആചാര സംരക്ഷണത്തിനായി അയ്യപ്പജ്യോതിയിൽ കൂടുതൽ ഭക്തജനങ്ങളെ പങ്കെടുപ്പിക്കുമെന്നും സംഘടനകൾ വ്യക്തമാക്കി. കൂടുതൽ ഹിന്ദു സംഘടനകൾ നിലപാട് വ്യക്തമാക്കിയതോടെ അയ്യപ്പ ജ്യോതി വിജയമാവുകയാണ്. ആചാര സംരക്ഷണത്തിനായി പങ്കെടുക്കുമെന്നും ശബരിമലയെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്നും സംഘടനകൾ വ്യക്തമാക്കിയതോടെ ഹൈന്ദവ ഏകീകരണം സാധ്യമാവുകയാണ്. അയ്യപ്പജ്യോതിയിൽ സംസ്ഥാനത്തെ മുഴുവൻ വിശ്വകർമ്മ സമുദായത്തിലെ വനിതകളും പങ്കെടുക്കുമെന്ന് കേരള സമസ്ത വിശ്വകർമ്മ സംഘം സംസ്ഥാന പ്രസിഡന്ർറ് വിഷ്ണു ഹരി വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ച് ഒരു വനിതയും ജനുവരി ഒന്നിലെ വനിതാ മതിലിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ പങ്കെടുപ്പിക്കുമെന്ന് തന്ത്രി മണ്ഡലം പ്രതിനിധികളും പറഞ്ഞു. അയ്യപ്പജ്യോതി എന്നത് ഹിന്ദുക്കളുടെ ഏകീകരണം കൂടിയായി മാറുമെന്നും തന്ത്രി മണ്ഡലം വ്യക്തമാക്കി..

ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള വീഥികളിൽ ജ്യോതി തെളിയിക്കുന്ന മഹായജ്ഞത്തിൽ ജാതി, മത, കക്ഷി വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അധർമ്മത്തിനെതിരെ ശബരിമലയിൽ നടന്നു വരുന്ന ധർമ്മസമരത്തിന് ഊർജം പകരാനാണ് അയ്യപ്പജ്യോതി. സർക്കാരിന്റെയും മറ്റും സഹായമോ പിന്തുണയോ കൂടാതെയാണ് കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ നാളെ സന്ധ്യക്ക് ദീപം തെളിയിക്കുന്നത്. അയ്യപ്പജ്യോതി ഒരു മഹാസംഭവമാകും എന്നതിൽ തെല്ലും സംശയമില്ല. അത്ര വലിയ ജനപിന്തുണയാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹ പന്തലിനു തൊട്ടു മുന്നിലായിരിക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള ദീപം ജ്വലിപ്പിക്കുന്നത്. മുതിർന്ന നേതാവ് ഓ രാജഗോപാൽ എംഎൽഎയും അനിശ്ചിത കാല നിരാഹാരം അനുഷ്ഠിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും സെക്രട്ടറിയേറ്റിന് മുന്നിൽ ദീപം തെളിയിക്കും. സുരേഷ് ഗോപി എംപി കളിയിക്കാവിളയിൽ അയ്യപ്പജ്യോതിയിൽ പങ്കുചേരും.

വനിതാ മതിലിൽ പങ്കെടുക്കില്ല : മൂത്താൻ സർവ്വീസ് സൊസൈറ്റി

ശബരിമല കർമ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി സമൂഹത്തിൽ ഇന്ന് ചിലർ സൃഷ്ടിച്ച അന്ധകാരത്തെ നീക്കം ചെയ്യുമെന്ന് മൂത്താൻ സർവ്വീസ് സൊസൈറ്റി. സമുദായ അംഗങ്ങൾ എല്ലാവരും അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കും, എന്നാൽ ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ അംഗങ്ങൾ അരും പങ്കെടുക്കില്ലെന്നും പാലക്കാട് ജില്ലാ അധ്യക്ഷൻ ദാമോദരൻ പറഞ്ഞു.

സമൂഹത്തിൽ ഇടത് സർക്കാർ സൃഷ്ടിച്ച അന്ധകാരത്തെ അയ്യപ്പ ജ്യോതിയിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്ന് പാലക്കാട്ടെ പ്രമുഖ സാമുദായിക സംഘടനയായ മൂത്താൻ സർവ്വീസ് സൊസൈറ്റി പറയുന്നു.ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണ് സമുദായത്തിന്റെ നിലപാട് അതുകൊണ്ട് തന്നെ സമുദായ അംഗങ്ങളിൽ 99% ആളുകളും അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കും. എന്നാൽ ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി സമുദായ അംഗങ്ങൾ യാതൊരു കാരണവശാലും സഹകരിക്കില്ലെന്നും മുത്താൻ സർവ്വീസ് സൊസൈറ്റി വ്യക്തമാക്കി.

ഹൈന്ദവ ഏകീകരണം അയ്യപ്പ ജ്യോതിയിലൂടെ സാധ്യമാകും

ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മ സമിതി നടത്തുന്ന അയ്യപ്പ ജ്യോതിയിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി. ഹൈന്ദവ ഏകീകരണം അയ്യപ്പ ജ്യോതിയിലൂടെ സാധ്യമാകും. ആചാര ലംഘനത്തിനുള്ള നീക്കങ്ങൾ ഗൂഢ ലക്ഷ്യത്തോടെയാണെന്നും അദേഹം വ്യക്തമാക്കി. ആചാരസംരക്ഷണത്തിനായുള്ള അയ്യപ്പ ജ്യോതിയിൽ മുഴുവൻ വിശ്വാസികളും അണി നിരക്കണമെന്ന് വിഷ്ണു വാസുദേവൻ നമ്പൂതിരി പറഞ്ഞു.

ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒരുമിക്കേണ്ടതുണ്ട്. യുവതികളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ ശ്രമം ഗൂഢ ലക്ഷ്യത്തോടെയാണ്. മത പരിവർത്തന ശക്തികളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും അദേഹം കൂട്ടി ചേർത്തു. യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടർന്ന് ഭക്തർ ആശങ്കയിലാണ്. അയ്യപ്പ ജ്യോതിയിലൂടെ ഹൈന്ദവ ഏകീകരണം സാധ്യമാകുമെന്നും അദേഹം വ്യക്തമാക്കി.