- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്രതമെടുത്തു, മാലയിട്ട്, ഇരുമുടി നിറച്ചു സാങ്കൽപിക ശബരിമല യാത്രയുമായി യുകെയിലെ അയ്യപ്പ ഭക്തർ; ബാലാജി ക്ഷേത്രത്തിൽ ചൊവ്വാഴ്ച അയ്യപ്പ പൂജക്ക് നൂറിലധികം സ്വാമി ഭക്തർ ശരണ നാമജപം നടത്തും; ഓക്‌സ്‌ഫോർഡിൽ അയ്യപ്പപൂജ നാളെ; മണ്ഡല-മകരവിളക്ക് ആഘോഷം മാഞ്ചസ്റ്ററിലും കവൻട്രിയിലും
ലണ്ടൻ: വ്രതമെടുത്തു, മാലയിട്ടു, ഇരുമുടി നിറച്ചു സാങ്കൽപ്പിക ശബരിമല യാത്രക്കൊരുങ്ങി യുകെയിലെ അയ്യപ്പ ഭക്തരും മണ്ഡല കാല സമാപനത്തിനു തയ്യാറെടുക്കുന്നു. വർഷങ്ങളായി 41 ദിവസം നീളുന്ന മണ്ഡലകാലത്തിനു സമാപനം കുറിച്ച് ബാലാജി ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ പങ്കാളികളാകാൻ വേണ്ടിയാണ് ഇത്തവണ ക്രോയ്‌ഡോൺ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ സാങ്കൽപിക ശബരിമല യാത്ര നടത്തുന്നത്. പൂർണമായും ആചാര വിശ്വാസങ്ങൾ സംരക്ഷിച്ചാണ് വർഷങ്ങളായി ബാലാജി ക്ഷേത്ര സന്നിധിയിൽ അയ്യപ്പ പൂജ നടക്കുന്നത്. കേരളത്തിലേതു പോലെ നെയ്‌ത്തേങ്ങ നിറച്ചു ഇരുമുടി കെട്ടി ബാലാജി സന്നിധിയിൽ നിന്നും പുറപ്പെടുന്ന ശരണ യാത്ര അയ്യപ്പ സന്നിധിയിൽ എത്തിയാണ് സമാപിക്കുക. തുടർന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹത്തിൽ നെയ് അഭിഷേകം ഉൾപ്പെടെയുള്ള പരമ്പരാഗത ചടങ്ങുകൾ നടക്കും. പടിപൂജ അടക്കം ശബരിമലയിൽ നടക്കുന്ന മുഴുവൻ ചടങ്ങുകളുടെയും പുനരാവർത്തനമാണ് ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ നടക്കുകയെന്ന് ക്ഷേത്ര മേൽനോട്ട ചുമതലയുള്ള ജി കണ്ണപ്പൻ അറിയിച്ചു. നൂറു കണക്കിന് മലയ
ലണ്ടൻ: വ്രതമെടുത്തു, മാലയിട്ടു, ഇരുമുടി നിറച്ചു സാങ്കൽപ്പിക ശബരിമല യാത്രക്കൊരുങ്ങി യുകെയിലെ അയ്യപ്പ ഭക്തരും മണ്ഡല കാല സമാപനത്തിനു തയ്യാറെടുക്കുന്നു. വർഷങ്ങളായി 41 ദിവസം നീളുന്ന മണ്ഡലകാലത്തിനു സമാപനം കുറിച്ച് ബാലാജി ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ പൂജയിൽ പങ്കാളികളാകാൻ വേണ്ടിയാണ് ഇത്തവണ ക്രോയ്‌ഡോൺ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ സാങ്കൽപിക ശബരിമല യാത്ര നടത്തുന്നത്. പൂർണമായും ആചാര വിശ്വാസങ്ങൾ സംരക്ഷിച്ചാണ് വർഷങ്ങളായി ബാലാജി ക്ഷേത്ര സന്നിധിയിൽ അയ്യപ്പ പൂജ നടക്കുന്നത്.
കേരളത്തിലേതു പോലെ നെയ്‌ത്തേങ്ങ നിറച്ചു ഇരുമുടി കെട്ടി ബാലാജി സന്നിധിയിൽ നിന്നും പുറപ്പെടുന്ന ശരണ യാത്ര അയ്യപ്പ സന്നിധിയിൽ എത്തിയാണ് സമാപിക്കുക. തുടർന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹത്തിൽ നെയ് അഭിഷേകം ഉൾപ്പെടെയുള്ള പരമ്പരാഗത ചടങ്ങുകൾ നടക്കും. പടിപൂജ അടക്കം ശബരിമലയിൽ നടക്കുന്ന മുഴുവൻ ചടങ്ങുകളുടെയും പുനരാവർത്തനമാണ് ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയിൽ നടക്കുകയെന്ന് ക്ഷേത്ര മേൽനോട്ട ചുമതലയുള്ള ജി കണ്ണപ്പൻ അറിയിച്ചു.
നൂറു കണക്കിന് മലയാളി, തമിഴ്, തെലുങ്ക്, കന്നഡ ഭക്തരുടെ സാന്നിധ്യത്തിലാണ് ഓരോ വർഷവും ബാലാജി ക്ഷേത്രത്തിൽ മണ്ഡലകാല സമാപനം നടക്കുന്നത്. വൃതം പൂർത്തിയാക്കി നെയ് തേങ്ങാ നിറച്ചു ഇരുമുടിയുമായി ശബരിമല യാത്ര നടത്തുക എന്ന യുകെയിലെ അയ്യപ്പ ഭക്തരുടെ ആഗ്രഹത്തിന് സാഫല്യം ഒരുക്കുകയാണ് ഈ സാങ്കൽപിക യാത്രയിലൂടെ ക്ഷേത്രം ഭാരവാഹികൾ.
മാത്രമല്ല, ആചാരവും വിശ്വാസവും സംരക്ഷിക്കുമ്പോൾ ചടങ്ങുകൾ ഏതു വിധത്തിലാണ് നടത്തുക എന്ന് കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറയ്ക്ക് കണ്ടു മനസ്സിലാക്കുന്നതിനും കൂടിയാണ് ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പുനരവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതും. മാഞ്ചസ്റ്ററിൽ നിന്നും മലയാളി അയ്യപ്പ ഭക്തർ ഇരുമുടി നിറച്ചു ക്ഷേത്രത്തിൽ എത്താറുണ്ടെങ്കിലും മണ്ഡലകാല സമാപനത്തോടെ വ്രതം പൂർത്തിയാക്കി ആദ്യമായി ഒരു സംഘം ആളുകൾ യുകെയിലെ ഏറ്റവും പ്രശസ്തമായ അയ്യപ്പ ക്ഷേത്രത്തിൽ എത്തുന്നത് ഇതാദ്യമായാണ്.
ക്രോയ്‌ഡോൺ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീളുന്ന അയ്യപ്പ പൂജ ചടങ്ങുകൾക്കൊടുവിൽ ബസ് ബുക്ക് ചെയ്താണ് നൂറോളം ഭക്തർ ചൊവാഴ്ച അയ്യപ്പ ദർശനത്തിനു കാത്തിരിക്കുന്നതെന്ന് സെക്രട്ടറി പ്രേം കുമാർ അറിയിച്ചു. ഞാറായഴ്ച ഭജനയും മണ്ഡലപൂജയും നടത്തി തിങ്കളാഴ്ച വൈകിട്ട് ദീപാരാധന സമയത്തു കെട്ടുനിറച്ചു സ്വാമി വിവേകാനന്ദ സെന്ററിൽ തങ്ങി പുലർച്ചെ ബർമിങ്ഹാം ബാലാജി സന്നിധിയിലെ അയ്യപ്പ ദർശനത്തിനു പുറപ്പെടും വിധമാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
മണ്ഡലകാല ചടങ്ങുകൾ പൂർണമായും ഭഗവദ് പാദങ്ങളിൽ അർപ്പിക്കുകയാണ് സമാജം ലക്ഷ്യമിടുന്നതെന്നും പ്രേം കുമാർ സൂചിപ്പിച്ചു. യുകെ മലയാളികൾക്കിടയിൽ ആദ്യമായാണ് ഇത്തരം ഒരു ചടങ്ങു സംഘടിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കാൻ സമാജത്തിലെ മുഴുവൻ അംഗങ്ങളും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതിനിടെ മുൻ വർഷങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പോലും നൂറു കണക്കിന് അയ്യപ്പ ഭക്തർ ബാലാജി സന്നിധി തേടി അയ്യപ്പ പൂജ ദിനത്തിൽ എത്തുന്ന സാഹചര്യത്തിൽ ഇത്തവണ അനുകൂല കാലാവസ്ഥയിൽ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഭാരാവാഹികൾ അറിയിച്ചു. എത്രയധികം ആളുകൾ എത്തിയാലും മുഴുവൻ പേർക്കും ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ആളുകൾക്കും സൗജന്യ അന്നദാനം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സമാപനവുമായി ബന്ധപ്പെട്ടു നടക്കുന്ന അയ്യപ്പ പൂജയിൽ മലയാളി ഹിന്ദു സമാജങ്ങളുടെ നേതൃത്വത്തിൽ ശരണ കീർത്തന നാമജപവും ഭജനയും നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
ഈ വർഷത്തെ അയ്യപ്പ പൂജയുടെ സമാപനം കുറിച്ച് മാഞ്ചസ്റ്ററിലും കവൻട്രിയിലും മകര വിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ഇരു സമാജങ്ങളുടെ വക്താക്കളായ ഹരികുമാർ മാഞ്ചസ്റ്റർ, കെ ദിനേശ് കവൻട്രി എന്നിവർ അറിയിച്ചു. ഇരു സ്ഥലത്തും യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു അയ്യപ്പ ഭക്തർ പങ്കെടുക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന ശാസ്താ അഷ്ട്‌ടോത്തര അർച്ചന ലോക ക്ഷേമത്തിന് വേണ്ടി സമർപ്പിക്കുകയാണെന്നു ഇരു സമാജങ്ങളുടെയും വക്താക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു. ജനുവരി 12നു വൈകുന്നേരമാണ് ഇരു സ്ഥലത്തും മകരവിളക്ക് ആഘോഷം നടത്തുന്നത്.
ഹൈന്ദവ വിശ്വാസത്തിൽ മകര സംക്രമത്തിനു അതീവ പ്രാധാന്യമാണുള്ളത്. സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായണത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത് പുതുവർഷ സൂചകമായിട്ടാണ് വിശ്വാസികൾ കരുതുന്നത്. മകര സംക്രമ നക്ഷത്രം തെളിയുന്ന ശുഭ മുഹൂർത്തത്തിൽ കലിയുഗവരദനായ ശാസ്താവിന് അർച്ചന നടത്തി ലോകത്തിന്റെ കഷ്ടതകളും ദുരിതങ്ങളും ഒഴിവാക്കി ക്ലേശരഹിത ജീവിതത്തിനായി നടത്തുന്ന സമർപ്പണമാണ് മകര വിളക്ക് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്ന ചടങ്ങു കൂടിയാണ് മകര വിളക്ക്. കേരളത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ദിവസം കൂടിയാണ് മകര സംക്രമ ദിനം.
ഓക്‌സ്‌ഫോർഡിൽ നാളെ ഭക്തിസാന്ദ്രമായ അയ്യപ്പപൂജ
മകരവിളക്കും അയ്യപ്പദർശനവും വിശ്വാസത്തിന്റെ ഭാഗമെന്ന് വിളിച്ചോതുന്ന അയ്യപ്പപൂജ നാളെ ഓക്‌സ്‌ഫോർഡിൽ നടക്കും. ഈ വർഷം അയ്യപ്പ ദർശനം സാധ്യമാകാതിരുന്ന യുകെയിൽ താമസിക്കുന്ന അയ്യപ്പ വിശ്വാസികളായ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഒരുമിച്ചു ചേർന്നൊരു അയ്യപ്പപൂജ ഒരു പക്ഷെ യുകെയിൽ ആദ്യമാണ്. ഓക്‌സ്‌ഫോർഡിൽ നാളെ അയ്യപ്പ പൂജ നടക്കുമ്പോൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവിലാണ് അയ്യപ്പഭക്തർ.
നാട്ടിലെ അയ്യപ്പ ദർശനം നടത്തിയ പോലെ ഒരു സംതൃപ്തി ഉണ്ടാകും വിധം ആണ് അയ്യപ്പപൂജയോട് അനുബന്ധിച്ചുള്ള വിവിധ ആചാര ചടങ്ങുകൾ നടക്കുക. പ്രസാദം അരവണ പായസം, ശനിദോഷ പൂജ ഒക്കെ അയ്യപ്പ പൂജ കൂടുതൽ ഭക്തിയുടെ നിർവൃതിയിൽ എത്തിക്കുമെന്നുറപ്പ്. ഒരു പ്രത്യേക സംഘടനയുടെയോ പേരിലല്ലാതെ യുകെയിൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അയ്യപ്പഭക്തർ ആയ കേരളീയർക്കൊപ്പം ആന്ധ്രാ, ചെന്നൈ, കർണ്ണാടക, ഗുജറാത്ത് എന്നീ ഭാഗങ്ങളിൽ ഉള്ളവർ ഒക്കെ ചേർന്ന് ഓക്‌സ്‌ഫോർഡ് വിറ്റ്‌നിയിൽ നടക്കുന്ന ഭക്തിസാന്ദ്രമായ പൂജകൾക്കുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തീകരിച്ചു കഴിഞ്ഞതായി പരിപാടിയുടെ സംഘാടകർ അറിയിച്ചു.
പൂജാ ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നു മണിമുതൽ ആരംഭിക്കും. ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ലെസ്റ്റർ ക്ഷേത്രം തന്ത്രി കൂടിയായ പ്രസാദ് ഭട്ടാണ്. ഗണപതി ഹവനം, അയ്യപ്പപൂജ, പടിപൂജ, ശനിദോഷ അർച്ചന, നിവേദ്യം എന്നിവയും അഷ്ടോത്തരമന്ത്രങ്ങൾ ഉരുവിട്ടുള്ള വിവിധ പൂജകളും ഉണ്ടാകും. തുടർന്ന് അരവണ പായസം വിതരണം, അന്നദാനവും നടക്കും. തുടർന്ന് ഭക്തിസാന്ദ്രമായ ഭജൻ സദൻ ദിവാകറിന്റെയും അജിത്തിന്റെയും നേതൃത്വത്തിൽ നടക്കും വിവിധ ഭാഷകളിലുള്ള അയ്യപ്പഭജൻ നാട്ടിലെ അയ്യപ്പഭജനകളുടെ ഓർമ്മകളിലേക്ക് ഇവിടുത്തെ അയ്യപ്പ ഭക്തരെ കൂടെ കൊണ്ടുപോകും.
പടിപൂജ നടത്തുന്ന പതിനെട്ടാം പടിയുടെ മാതൃകയിലുള്ള പടികൾ ശബരിമലയിൽ തന്ത്രികൾ പൂജിച്ചു നൽകിയതാണ്. ഈ വർഷം ശബരിമലയിൽ ദർശനം സാധ്യമാകാതിരുന്നവർക്കായി ഓക്‌സ്‌ഫോഡിൽ നടക്കുന്ന അയ്യപ്പ പൂജയ്ക്ക് വേണ്ട എല്ലാ സാധന സാമഗ്രികളും ഭക്തർ തന്നെയാണ് സ്‌പോൺസർ ചെയ്തത്. അന്നദാനം സ്റ്റേജ്, മൈക്ക് ഫോട്ടോ തുടങ്ങിയവ എല്ലാം തന്നെ യുകെയിലെ അയ്യപ്പ വിശ്വാസി സമൂഹത്തിന്റെ ഭക്തിയുടെയും വിശ്വാസത്തിന്റെയും മകുടോദാഹരണങ്ങളായി മാറുകയാണ്. പ്രമോദ് കുമരകം, ഭരണി രാമചന്ദ്രൻ, വെങ്കിടേഷ് (അ.ജ), സെൽവകുമാർ (രവലിിമശ), ജയചന്ദ്രൻ നായർ, രാജീവ് ദാസ്, ജയകൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് മുഖ്യസംഘാടകർ.
ജാതിയും മതവും ഇല്ലാതെ അയ്യപ്പവിശ്വാസം ഉള്ള നിരവധി ഭക്തർ അയ്യപ്പ പൂജയിൽ സഹകരിക്കുന്നുണ്ട് എന്ന് സംഘാടകർ പറഞ്ഞു. നാളെ ഓക്‌സ്‌ഫോർഡ് വിറ്റ്‌നി ഭക്തി സാന്ദ്രമാക്കാൻ യുകെയിലെ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ ഓക്‌സ്‌ഫോർഡിലേക്ക് എത്തും.