തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയത്തിൽ റിവ്യു ഹർജി നൽകുമെന്ന് അയ്യപ്പ സേവസംഘം. ദേശീയ പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനമായത്. തന്ത്രി കുടുംബത്തിനും പന്തളം രാജ കുടുംബത്തിനും പിന്തുണ നൽകാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു.ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും മല കയറാൻ എത്തിയ യുവതികൾക്ക് ആർക്കും തന്നെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച കനത്ത സുരക്ഷയിൽ രഹ്ന ഫാത്തിമയും തെലുങ്കാനയിൽ നിന്നുള്ള മാധ്യമ പ്രവർത്തകയും നടപന്തൽ വരെ എത്തിയപ്പോൾ നട അടച്ച് താക്കോൽ മാനേജർക്ക് കൈമാറുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു.

അതിനിടയിൽ ശബരമല വിഷയത്തിൽ മന്ത്രി എംഎം മണി പന്തള്ളം രാജകുടുംബത്തിനെതിരെ രംഗത്ത് വന്നിരുന്നു. നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്നത് രാജ്യ ഭരണമല്ലെന്നും ജനാധിപത്യമാണ് എന്ന് ഓർമ വേണമെന്നുമാണ് മന്ത്രി പ്രതികരിച്ചത്. സ്ത്രീകൾ കയറിയാൽ നട അടയ്ക്കും എന്ന പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മണിയുടെ പ്രസ്താവന. നട അടയ്ക്കുമെന്ന് പറയുന്ന തിരുമേനി വെറും ശമ്പളക്കാരൻ മാത്രമാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം മന്ത്രിമാർ രാകുടുംബത്തെയും തന്ത്രിയെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കൂടുതൽ കടുപ്പിച്ച് പന്തളം രാജകൊട്ടാരം രംഗത്ത് വന്നിരുന്നു. സർക്കാർ വഴങ്ങിയില്ലെങ്കിൽ ശബരിമല അടച്ചിടുമെന്ന് പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാർ വർമ്മ വ്യക്തമാക്കി. ശബരിമലയിൽ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ആരോ തിരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് അവരെത്തിയതെന്നും ശശികുമാർ വർമ ചാനലിനോട് പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് ശരിയല്ല. ധാർഷ്ട്യത്തോടെ പെരുമാറുന്ന സർക്കാരിനോട് ചർച്ച നടത്തിയിട്ട് കാര്യമില്ല. സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ 1949 ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ട്. ആവശ്യമെങ്കിൽ അത് സ്വീകരിക്കാൻ കൊട്ടാരം മടിക്കില്ല.

സവർണ - അവർണ വേർതിരിവുണ്ടാക്കി ആളുകളെ തമ്മിലടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് സർക്കാർ സംവിധാനങ്ങളെ ഉയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നിലയ്ക്കലിൽ ഉണ്ടായ സംഘർഷമടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികുമാർ വർമ്മ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി അയ്യപ്പ സേവ സംഗം രംഗത്തെത്തിയതും റിവ്യു ഹർജി നൽകുമെന്ന തീരുമാനത്തിൽ എത്തിയതും.

ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി. രാജഭരണം കഴിഞ്ഞ കാര്യം രാജകുടുംബം മറന്നു പോയെന്നും ഇപ്പോൾ ജനാധിപത്യ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. നട അടച്ചിടുമെന്ന് പറയുന്നവർ ശമ്പളക്കാർ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണമെന്ന് നിർബന്ധമില്ല. താൽപര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും നിലവിലുള്ള വിശ്വാസവുമായി തുടരേണ്ടവർക്ക് അങ്ങനെയാകാമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ സർക്കാരിനെതിരെ വിമർശനവുമായി പന്തളം കൊട്ടാരം പ്രതിനിധികൾ രംഗത്ത് വന്നിരുന്നു. നട അടയ്ക്കാൻ അധികാരമുള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നൽകിയതെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ പറഞ്ഞിരുന്നു.