- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാക്കുകെട്ടുകൾ പുഷ്പം പോലെ പറത്തി അയ്യപ്പൻ; തീയിൽ തകർന്ന് തരിപ്പണമായി കോശിയുടെ എസ് യുവി; ഭീംല നായകും ഡാനിയൽ ശേഖറുമായി അയ്യപ്പനും കോശിയും വേഷം മാറുമ്പോൾ തെലുങ്കു റീമേക്ക് ടീസറുകൾ കണ്ട് അന്തം വിട്ട് പ്രേക്ഷകർ
കൊച്ചി: കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സച്ചി രചനയും സംവിധാനവും നിർവഹിച്ച അയപ്പനും കോശിയും സിനിമ തിയേറ്ററുകളെ ഇളക്കി മറിച്ചത്. പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ അയ്യപ്പൻ നായരും(ബിജു മേനോൻ) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്‌നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന്റെ ഇതരഭാഷാ റീമേക്കുകളുടെ ടീസർ വിശേഷങ്ങളാണ് ഇപ്പോൾ ഹരം പിടിപ്പിക്കുന്നത്.
തെലുങ്കിൽ അയപ്പനും കോശിയും ഭീംല നായക് ആണ്. തെലുങ്ക് റീമേക്കിൽ അടിമുറി മാറ്റമാണെന്ന് തെളിയിക്കുന്നതാണ് സോംഗ് ടീസറും കാരക്ടർ ഇൻട്രോ ടീസറുമെല്ലാം. ദീപാവലി ദിനത്തിൽ പവൻ കല്യാൺ അവതരിപ്പിക്കുന്ന ഭീംല നായക് എന്ന പൊലീസ് ഓഫീസറുടെ മാസ് ആക്ഷൻ ഇൻട്രോ ടീസറാണ് അണിയറക്കാർ പുറത്തുവിട്ടത്.
നേരത്തെ മെഷിൻ ഗണ്ണുമായി വെടിയുതിർക്കുന്ന ടീസർ പുറത്തുവന്നിരുന്നു. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ ഭീംല നായക് ആകുമ്പോൾ ആ റോളിൽ പവൻ കല്യാണും പൃഥ്വിരാജ് ചെയ്ത കോശിയായി തെലുങ്കിൽ റാണ ദഗുബട്ടിയുമാണ്. സാഗർ കെ ചന്ദ്ര സംവിധാനവും ത്രിവിക്രം തിരക്കഥയും. പൃഥ്വിരാജിന്റെ കോശി കുര്യനായെത്തുന്ന റാണയുടെ പേര് ഡാനിയൽ ശേഖർ എന്നാണ്. ഡാനിയൽ ശേഖറുടെ വണ്ടി വെടിമരുന്ന് ഉപയോഗിച്ച് കത്തിക്കുന്ന ഭീംല നായക്കിനെയാണ് പ്രൊമോ വിഡിയോയിൽ കാണുന്നത്. റോഡിൽ ഇരുന്ന് മദ്യപിച്ചുകൊണ്ടാണ് ഭീംലയുടെ പെർഫോർമൻസ്.
സച്ചി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. തെലുങ്കിനു പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന് റീമേക്ക് വരുന്നുണ്ട്. സാഗർ കെ ചന്ദ്രയാണ് ഭീംല നായക് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അയ്യപ്പനും കോശിയും കട്ടയ്ക്കു നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നെങ്കിൽ തെലുങ്കിലേക്ക് വരുമ്പോൾ പവൻ കല്യാണിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് റാണയുടെ നായിക. സിതാര എന്റർടെയ്ന്മെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമ്മിക്കുന്നത്. 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.




