- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുള്ള അപകടം: അടിയന്തര ധനസഹായം കൈമാറി മന്ത്രി കെ രാജൻ
ആലപ്പുഴ: അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സർക്കാരിന്റെ അടിയന്തര ആശ്വാസ ധനസഹായം കൈമാറി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മരണമടഞ്ഞ പുത്തൻകോട്ടയിൽ സുദേവൻ, പറത്തറയിൽ സുനിൽദത്ത്, നെടിയത്ത് തങ്കപ്പൻ എന്നിവരുടെ വീടുകളിൽ എത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അടിയന്തര ആശ്വാസ ധനസഹായം കൈമാറി. മരിച്ച പാനോലിൽ ശ്രീകുമാറിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായം തഹസിൽദാർ കൈമാറും.
അപകടത്തിൽ പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തി മന്ത്രി സന്ദർശിച്ചിരുന്നു. ഇവർക്കുള്ള അടിയന്തര ആശ്വാസ ധനസഹായം ഉടൻ നൽകും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് പതിനായിരം രൂപയും പര്യക്കേറ്റവർക്ക് അയ്യായിരം രൂപയുമാണ് അടിയന്തര സഹായമായി നൽകുന്നത്. അപകടം അറിഞ്ഞത് മുതൽ സർക്കാർ വളരെ കാര്യക്ഷമതയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രിസഭയിൽ ആലോചിച്ചു മറ്റ് സഹായങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.യു. പ്രതിഭ എംഎൽഎ., ജില്ല കളക്ടർ എ. അലക്സാണ്ടർ, നഗരസഭാധ്യക്ഷ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ. ശോഭ, മുൻ എംപി ടി.ജെ ആഞ്ചലോസ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ