കണ്ണൂർ: കെ.എം. ഷാജി എംഎൽഎ ക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവച്ചാൽ പകരം അഴീക്കോട് മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കുമെന്ന ചോദ്യം മുസ്ലിം ലീഗിൽ ഉയരുന്നു. ഇന്ന് ജില്ലാ- സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാക്കളായ വി.കെ. അബ്ദുൾഖാദർ മൗലവിയും വി.പി.വമ്പനുമാണ് പാർട്ടിയിലെ ഉന്നതർ. എന്നാൽ ഇവരാരെങ്കിലും മത്സരത്തിന് തുനിഞ്ഞാൽ അഴീക്കോട് സിപിഎം. ന് അടിയറവ് വെക്കലായിരിക്കും ഫലമെന്നാണ് മണ്ഡലത്തിലെ മഹാഭൂരിപക്ഷം മുസ്ലിം ലീഗ് പ്രവർത്തകരും വിശ്വസിക്കുന്നത്. ആദ്യ തവണ കെ.എം. ഷാജി 2011 ൽ മത്സരത്തിനെത്തിയപ്പോൾ കണ്ണൂർ നേതാക്കളിൽ മുറുമുറുപ്പ് ഉയർന്നിരുന്നു. ജില്ലയിൽ നിന്നുള്ള ഒരാൾക്ക് സീറ്റ് നൽകണമെന്ന വാദവും അന്ന് ശക്തിപ്പെട്ടിരുന്നു. വയനാട് നിന്ന് ചുരമിറങ്ങി വന്നവൻ എന്ന പ്രചാരവും ലീഗിനകത്തു തന്നെ ശ്കതമായിരുന്നു.

എന്നാൽ അഴീക്കോട്ടെ സിപിഎം. പാർട്ടി കോട്ടയിൽ നിന്നും 483 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാജി ജയിച്ചതോടെ ചിത്രം മാറി. അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിലെ ശക്തമായ ഇടപെടലിലൂടെ ഷാജി ബഹുജന സമ്മതി ആർജ്ജിക്കുകയും ചെയ്തു. അതോടെ ഷാജി അഴീക്കോട് താരമാവുകയും ചെയ്തു. സ്വന്തം മണ്ഡലത്തിലെ ജനപ്രിയനായ ഷാജിക്ക് ഏറ്റവും വലിയ മതേതരവാദിയെന്ന ബഹുമതിയും ജനങ്ങൾ നൽകി പോന്നിരുന്നു. നാറാത്ത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേസ് വന്നതോടെ ഷാജിയുടെ മതേതര നിലപാട് ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. പോപ്പുലർ ഫ്രണ്ടിനെതിരേയും എസ്. ഡി.പി. ഐ.ക്കെതിരേയും ഷാജി മണ്ഡലത്തിനകത്തും പുറത്തും ശക്തമായ പ്രചാരണം അഴിച്ചു വിടുകയും ചെയ്തു. 2016 ലെ തെരഞ്ഞെടുപ്പിൽ ഷാജിക്ക് തന്നെ മുസ്ലിം ലീഗിന് ടിക്കറ്റ് നൽകേണ്ടി വന്നു.

ഷാജിയെ തളക്കാൻ എൽ.ഡി.എഫ് കണ്ടെത്തിയത് എം. വി. നികേഷ് കുമാറിനെയായിരുന്നു. നികേഷ് കളത്തിലിറങ്ങിയതോടെ എൽ.ഡി.എഫ് ജയിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു സിപിഎം. ഉം ജനങ്ങളും. എന്നാൽ ആദ്യ ഘട്ടം കഴിഞ്ഞതോടെ യു.ഡി.എഫ്. സജീവമാവുകയും ഷാജിക്ക് പിൻതുണയേറുകയും ചെയ്തു. അതിന് പ്രധാന കാരണമായത് കോൺഗ്രസ്സ് വിമതനായിരുന്ന പി.കെ. രാഗേഷിന്റെ വരവായിരുന്നു. ഷാജിയെ എങ്ങിനെയെങ്കിലും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഗേഷ് രംഗത്ത് വന്നത്.

അതോടെ യു.ഡി.എഫിന് മണ്ഡലത്തിൽ എൽ.ഡി.എഫും. ബിജെപി.യും കോൺഗ്രസ്സ് വിമതനും അടക്കം മൂന്ന് ശത്രുക്കളായി. ഇതോടെയാണ് യു.ഡി.എഫിന്റെ പ്രവർത്തനം ശക്തമായത്. പഴയ 483 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നും 2287 വോട്ടിന് ഷാജി ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കേസിലെ സുപ്രീം കോടതി വിധി പ്രതികൂലമായാൽ ഷാജിയെപ്പോലെ പ്രഭാവമുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ മുസ്ലിം ലീഗിന് ഏറെ പ്രയാസമനുഭവപ്പെടും. ദുർബലരായ സ്ഥാനാർത്ഥിയെ നിർത്തിയാൽ സിപിഎം. ന് അഴീക്കോട് ഈസി വാക്കോവാറാകും. തെരഞ്ഞെടുപ്പ് കേസിനൊപ്പം മുസ്ലിം ലീഗും യു.ഡി.എഫും നേരിടുന്ന പ്രധാന ആശങ്കയും ഇതാണ്.

വർഗ്ഗീയ പരാമർശമടങ്ങിയ ലഘു ലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ കെ.എം. ഷാജിക്കെതിരെ ഹൈക്കോടതിയുടെ അയോഗ്യ നടപടി സുപ്രീം കോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേക്ക് സ്റ്റേ നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പകർപ്പ് ലഭിച്ചതോടെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പാർട്ടിക്കാരായ അഭിഭാഷകരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി വരികയാണ്. സുപ്രീം കോടതിയിൽ ആരെ നിശ്ചയിക്കണമെന്ന തീരുമാനത്തിൽ ഇതുവരേയും പാർട്ടി എത്തിയിട്ടില്ല. തന്നെ അയോഗ്യനാക്കിയ കോടതി വിധിക്ക് ആധാരമായ വർഗ്ഗീയ ലഘുലേഖ പിടിച്ചത് വളപട്ടണം പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ.പി. മനോരമയുടെ വീട്ടിൽ നിന്നായിരുന്നു എന്നായിരുന്നു പ്രചാരണം.

മനോരമയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത സർച്ച് റിപ്പോർട്ടിൽ പതിനഞ്ച് തരം ലഘുലേഖകളുണ്ടെന്നാണ് പട്ടികയിൽ പറയുന്നത്. ഇക്കൂട്ടത്തിൽ വർഗ്ഗീയ പരാമർശമുള്ള ലഘു ലേഖയുള്ളതായി എസ്‌ഐ. ശ്രീജിത്ത് കോടേരിയുടെ മൊഴിയിലില്ല. 2017 ജൂൺ 28 ന് മുഖ്യ വിസ്താരത്തിൽ സർച്ച് പട്ടികയിൽ പറയാത്ത മറ്റെന്തിങ്കിലും ലഘു ലേഖ പിടിച്ചെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നായിരുന്നു എസ്‌ഐ. യുടെ മറുപടി. വിവാദ ലഘുലേഖയുടെ പകർപ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടിൽ നിന്നല്ല. പൊലീസ് സ്റ്റേഷനിൽ നിന്നാണ് ലഭിച്ചതെന്നാണ് അ്ദ്ദേഹത്തിന്റെ മൊഴി. ഈ മൊഴി വിധിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇങ്ങിനെയൊരു പകർപ്പ് സ്‌ക്വാഡിന് നൽകിയതായി സ്റ്റേഷനിൽ രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു. തനിക്കെതിരെ കോടതിയിൽ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് കേസ് കോടതിയിലെത്തിയപ്പോൾ അതിനെ ഗൗരവത്തിൽ കാണാൻ മുസ്ലിം ലീഗോ യു.ഡി.എഫോ കെ.എം. ഷാജിയോ തയ്യാറായിരുന്നില്ല. വിജയത്തിന്റെ ലഹരിയിൽ കഴിയുകയായിരുന്ന മുസ്ലിം ലീഗ് കേസിന്റെ കാര്യത്തിലും ഉഴപ്പൻ സമീപനമായിരുന്നു സ്വീകരിച്ചത്. യഥാസമയം കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകർക്ക് പോലും വിവരങ്ങൾ നൽകാനോ സാക്ഷികളെ ഒരുക്കാനോ ശ്രമിച്ചുമില്ല. തെരഞ്ഞെടുപ്പ് കേസ് എന്തായാലും തങ്ങളെ പ്രതികൂലമായി ബാധിക്കില്ല എന്ന ആത്മവിശ്വാസമാണ് മുസ്ലിം ലീഗിനും ഷാജിക്കും ഉണ്ടായിരുന്നത്.

അതിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ വിധി. ഷാജി ഇപ്പോൾ പറയുന്ന കാര്യങ്ങൾ നേരത്തെ കോടതിയിൽ പറയേണ്ടതായിരുന്നു എന്നും യു.ഡി.എഫിലെ ഒരു വിഭാഗം പറയുന്നു.