മലപ്പുറം: ആർഭാട ജീവിതത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം കവർച്ചയിലേക്കു തിരിഞ്ഞ മെക്കാനിക്കൽ എൻജിനീയർ അവസാനം പണം കണ്ടെത്താൻ തെരഞ്ഞെടുത്തത് കഞ്ചാവ് കടത്ത്. പണത്തോടുള്ള ആർത്തിമൂലം കഞ്ചാവ് കേസിൽ അറസ്റ്റിലായി ജമ്യത്തിലിറങ്ങി മാസങ്ങൾക്കുള്ളിൽ വീണ്ടും ഇതേ മേഖലയിൽ വീണ്ടും സജീവമായി. കഞ്ചാവ് കടത്ത്കേസിൽ ജാമ്യത്തിലിറങ്ങി നാലുമാസത്തിനുള്ളിലാണു വീണ്ടും കഞ്ചാവ് കടത്തുന്നതിനിടെ 41കാരൻ ഇന്നലെ പിടിയിലാകുന്നത്.

മൂന്നരകിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി ശരത്ത് വൽസരാജിനെ(41)യാണു പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽ വച്ച്അറസ്റ്റ് ചെയ്തത്. 2018 താൻ നടത്തിയ മോഷണക്കേസിൽ പ്രവാസിയെ ജയിലിൽ കയറ്റി വ്യക്തികൂടിയാണ് ശരത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആന്ധ്രയിൽനിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയകേസിൽ നാലുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ആന്ധ്രയിൽയിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടയിലാണു പിടിയിലാകുന്നത്.

താമരശ്ശേരിയിൽ ട്രോളിബാഗിൽ കഞ്ചാവ് ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണു മെക്കാനിക്കൽ എൻജിനിയർ കൂടിയായ ശരത്ത് കഴിഞ്ഞ ജനുവരിയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നത്. അന്നു ആന്ധ്രാപ്രദേശിൽനിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടുവരികയായിരുന്ന 12.900 കിലോ കഞ്ചാവാണ് പിടികൂടിയത്. കർണാടക വോൾവോ ബസിൽ ബെംഗളൂരിൽനിന്നും വയനാട് വഴി എത്തിയ ശരത്ത് താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ കഞ്ചാവ് കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് പിടിയിലാവുന്നത്. ബാഗിനകത്ത് ആറ്പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈകേസിൽ ജാമ്യത്തിലിറങ്ങി നാലുമാസം കഴിയുമ്പോഴാണ് സമാനമായി കഞ്ചാവ് കടത്തിയതിന് ഇന്നലെ പിടിയിലാകുന്നത്.

പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽവച്ചാണ് രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കഞ്ചാവ് കടത്തിനു പുറമെ മോഷണ, പിടിച്ചുപറികേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകൾ നിലവിലുണ്ടെന്നു പെരിന്തൽമണ്ണ പൊലീസ് പറഞ്ഞു.

താജുദ്ദീനെ കുടുക്കിയ അതേ കള്ളൻ

അതേ സമയം 2018ൽ മാല മോഷണത്തിന് ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട കതിരൂർ പുല്യോട് സിഎച്ച് നഗർ സ്വദേശി താജുദ്ദീന്റെ പോരാട്ടത്തിന്റെ വീര്യം വലിയ ചർച്ചയായിരുന്നു. മകളുടെ കല്യാണത്തിനായി ഗൾഫിൽ നിന്നു വന്ന നിരപരാധി തടങ്കലിലാക്കപ്പെട്ട ചക്കരക്കല്ലിലെ മാല പിടിച്ചുപറിക്കേസിൽ ഒടുവിൽ അറസ്റ്റിലായതു ശരത് വൽസരാജാണ്. 2018 ജൂലൈ അഞ്ചിനായിരുന്നു ഈകേസിനാസ്പദമായ സംഭവം നടന്നത്. അന്നു കൂത്തുപറമ്പിനടുത്ത ചോരക്കളത്തു വീട്ടമ്മയുടെ 5.5 പവൻ മാലയാണ് സ്‌കൂട്ടറിലെത്തിയ ആൾ പൊട്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിലെ സമാനതയുടെ അടിസ്ഥാനത്തിൽ ജൂലൈ 10ന് ചക്കരക്കൽ പൊലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തു.

സംഭവം നടന്ന ദിവസം മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നതിന്റെ തെളിവുകൾ കുടുംബം എത്തിച്ചെങ്കിലും പൊലീസ് അതും കാര്യമാക്കിയില്ല. ബ്യൂട്ടീഷനും വിവാഹപ്പന്തൽ തയാറാക്കുന്ന സ്ഥാപനത്തിലെ സ്ത്രീയുമെല്ലാം താജുദീനെ കണ്ടതായി പറഞ്ഞെങ്കിലും 'ദൃശ്യം' സിനിമയുടെ മാതൃകയിൽ അതെല്ലാം താജുദീൻ സൃഷ്ടിക്കുന്ന കള്ളത്തെളിവുകളാണെന്നായിരുന്നു പൊലീസിന്റെ വാദം. മൊബൈൽ ഫോൺ ടവർ ലൊക്കേഷനും താജുദീന് അനുകൂലമായിരുന്നു. പ്രതി സഞ്ചരിച്ച സ്‌കൂട്ടറിനും പൊട്ടിച്ചെടുത്ത മാലയ്ക്കുമായി ഇതിനിടെ താജുദീന്റെ കുടുംബ വീട്ടിലുൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വിദേശത്തു ബിസിനസുള്ള, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള ആളായിരുന്നു താജുദ്ദീൻ. എന്നിട്ടും മകളുടെ വിവാഹത്തിനു രണ്ടുദിവസം മുൻപ് ഹെൽമറ്റ് പോലും ധരിക്കാതെ ഇങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന താജുദീന്റെ ചോദ്യത്തിനും പൊലീസിനു മറുപടിയുണ്ടായിരുന്നു. മകളുടെ വിവാഹവും മകന്റെ വിദ്യാഭ്യാസവും വരുത്തിവച്ച സാമ്പത്തിക ബാധ്യത തീർക്കാൻ കുടുംബം അറിയാതെ താജുദീൻ സ്വീകരിച്ച മാർഗമായിരുന്നു മോഷണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ.

ഇതിനിടെ കോടതിയിൽ ഹാജരാക്കിയ താജുദ്ദീനെ റിമാൻഡ് ചെയ്ത്, തലശ്ശേരി സബ് ജയിലിലേക്കു മാറ്റി. ഇതുവരെ ഒരു പെറ്റിക്കേസിൽ പോലും പ്രതിയാകാത്ത ഒരാൾ അങ്ങനെ ജയിലിലായി. ജാമ്യത്തിനു ശ്രമിച്ചെങ്കിലും താജുദീൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്നും വീണ്ടും സമാന കുറ്റങ്ങൾ ചെയ്യുമെന്നുമുള്ള പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ജാമ്യം ലഭിച്ചില്ല. എടച്ചേരിയിൽ നടന്ന മറ്റൊരു മാല മോഷണക്കേസിൽക്കൂടി താജുദീനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തെളിവുകൾ ഉണ്ടാക്കാനാകാത്തതിനാൽ അതു നടന്നില്ല. ഹൈക്കോടതി ജാമ്യം നൽകിയതോടെ, 54 ദിവസത്തെ ജയിൽവാസത്തിനു ശേഷം മോചിതനായി. തുടർന്നു നടന്ന അന്വേഷണത്തിൽ തെറ്റുപറ്റിയെന്നു സംസ്ഥാന പൊലീസ് മേധാവിക്കു തന്നെ സമ്മതിക്കേണ്ടി വന്നു.

പിന്നീട് അഴിയൂരിലെ ഒരു വാട്സാപ് ഗ്രൂപ്പിൽ നിന്നാണു ശരത് വൽസരാജിനെപ്പറ്റി പൊലീസിനു വിവരം ലഭിക്കുന്നത്. ഇയാളുടെ 2 ഫോൺ നമ്പറുകളും കിട്ടി. സംഭവ ദിവസം ഈ ഫോണുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചതോടെ വഴിത്തിരിവായി. സിസിടിവി ദൃശ്യം വീണ്ടും പരിശോധിച്ചു ഫോട്ടോ അടക്കമുള്ള വിശദാംശങ്ങൾ സഹിതം വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. തുടർന്നാണ്, ഇയാൾ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിലാണെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. കണ്ണൂർ ഡിവൈഎസ്‌പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ശരത്തിന്റെ ലക്ഷ്യം ആർഭാടം

മെക്കാനിക്കൽ എൻജിനിയറായ ശരത് ആർഭാട ജീവിതം വില്ലനായപ്പോഴാണ് ആദ്യമായി മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണു പൊലീസിനോടു പറഞ്ഞത്. തുടർന്നു കവർന്ന മാല തലശ്ശേരിയിലെ ഒരു സ്വർണക്കടയിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തി.ഇതോടൊപ്പം മറ്റൊരു മാലമോഷണക്കേസിലും പ്രതിയായി.

ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പൊലീസ് പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മൂന്നരകിലോഗ്രാം കഞ്ചാവുമായി ഇന്നലെ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽവെച്ച ശരത് അറസ്റ്റിലാവുന്നത്. ആന്ധ്രയിൽ യിൽ നിന്നും ചെറിയ ട്രോളിബാഗിലാക്ക് കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്തെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലെ താമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെകുറിച്ച് സൂചനലഭിച്ചതായും അന്വേഷിച്ച് വരികയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനാൽ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ. സിഐ.സി.അലവി എന്നിവർ അറിയിച്ചു. പെരിന്തൽമണ്ണ എസ്‌ഐ.സി.കെ.നൗഷാദ്,പ്രൊബേഷൻ എസ്‌ഐ.ഷൈലേഷ് , എഎസ്ഐ ബൈജു, സജീർ,ഉല്ലാസ്, എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.