- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബിയിലെ മാടമ്പിത്തരത്തിന് കടിഞ്ഞാണിട്ട ചെയർമാൻ; ഓഫീസേഴ്സ് അസോസിയേഷനുമായി ഏറ്റുമുട്ടി വിലപേശലിന് വഴങ്ങാതെ ധീരമായി ചെറുത്ത മിടുക്കൻ; ഒടുവിൽ സർക്കാരിനും മനംമാറ്റം; ചെയർമാൻ സ്ഥാനത്ത് നിന്ന് ബി.അശോകിനെ മാറ്റി; രാജൻ ഖോബ്രഗഡെ പുതിയ ചെയർമാൻ; അശോകിനെ മാറ്റിയത് കൃഷി വകുപ്പിലേക്ക്
തിരുവനന്തപുരം: കെഎസ്ഇബിയിൽ സമഗ്രമായ പരിഷ്‌കാരത്തിന് വഴിമരുന്നിട്ട ചെയർമാൻ ബി.അശോകിനെ മാറ്റി. രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയർത്തി. ബി.അശോകും, ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും തമ്മിലുള്ള പോരിൽ സുരേഷിന് ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെ അശോകിനെ മാറ്റാനും കരുനീക്കങ്ങൾ നടന്നു. ഇതാണിപ്പോൾ വിജയിച്ചിരിക്കുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് അശോകിനെ മാറ്റാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ബി.അശോകിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റാൻ വലിയ സമ്മർദ്ദം സർക്കാരിന് മേലുണ്ടായിരുന്നു. കെഎസ്ഇബി ചെയർമാനായി നാളെ ഒരു വർഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിനെ മാറ്റുന്നത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് ഐഎഎസ് അസോസിയേഷൻ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സർക്കാർ സംരക്ഷിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിർവഹിച്ച വ്യക്തിയാണ് രാജൻ ഖോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തിൽ അദ്ദേഹം അതൃപ്തനാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുൻ സർക്കാരിന്റെ കാലത്തു നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ബി.അശോകിന്റെ പോസ്റ്റ് വിവാദമായിരുന്നു, ഇതിനെതിരെ അസോസിയേഷൻ രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു. സിപിഎം അസോസിയേഷനിൽപ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തർക്കത്തിനിടയാക്കി. മന്ത്രിതലത്തിൽ നിരവധി ചർച്ചകൾക്കു ശേഷമാണ് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.
കെഎസ്ഇബി ഓഫീസേഴ്‌സ് സമരത്തിനിടെ, സമരനേതാക്കൾക്കെതിരെ ശക്തമായ നിലപാടെടുത്ത ചെയർമാനാണ് ബി അശോക്. മാടമ്പിത്തരം കാട്ടിയാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്നു മാന്യമായി പറയുമെന്നും കയ്യോടെ നടപടിയെടുക്കുമെന്നും ബി അശോക് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ