ദുബായ്: മഹാഭാരതം ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രം നിർമ്മിക്കുമെന്നും തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും പ്രവാസി വ്യവസായി ബിആർ ഷെട്ടി. ചലച്ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവൻ നായർ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് തനിക്ക് അറിവില്ല, തിരക്കഥ ആരുടേതാണ് എന്നുള്ളത് എന്റെ വിഷയമല്ല മഹാഭാരതം പോലുള്ള വലിയ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ബി ആർ ഷെട്ടി പറഞ്ഞു.

ഇത് ചെയ്യാൻ കഴിയുന്ന നിരവധി പേരുണ്ട്. എംടി വാസുദേവൻ നായർ തന്നെ വേണമെന്ന് നിർബന്ധമില്ല, തിരക്കഥയുടെ കാര്യത്തിൽ എനിക്ക് നിർബന്ധങ്ങളില്ല' മഹാഭാരതം പോലുള്ള വലിയ കഥ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ അത് എന്റെ കടമയാണ്. മഹാഭാരതത്തെ സിനിമയിലൂടെ വരും തലമുറതക്ക് വേണ്ടി ചരിത്രമാക്കി വെക്കണം എന്നതാണ് തന്റ സ്വപ്നമെന്നും ആ സ്വപ്ന പദ്ധതിയിൽ നിന്ന് മാറിയിട്ടില്ലെന്നും ബി ആർ ഷെട്ടി പറഞ്ഞു.

'മഹാഭാരതം' ഇതിവൃത്തമാക്കി എം ടി. വാസുദേവൻ നായർ രചിച്ച 'രണ്ടാമൂഴം' നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ ചെലവിൽ മലയാളത്തിൽ 'രണ്ടാമൂഴം' എന്ന പേരിലും മറ്റു ഭാഷകളിൽ 'മഹാഭാരത ദ മൂവീ' എന്ന പേരിലും ചലച്ചിത്രം നിർമ്മിക്കാനാണ് അണിയറയിൽ ആസൂത്രണം നടത്തിയിരുന്നത്. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത് നീണ്ടു പോയതിനെ തുടർന്ന് എംടി തിരിക്കഥ തിരികെ ചോദിക്കുകയായിരുന്നു. ഇത് വിവാദമായിരുന്നു. സാഹചര്യത്തിലാണ് ബി ആർ ഷെട്ടിയുടെ പ്രതികരണം.

അതിനിടെ രണ്ടാമൂഴം നടക്കും എന്ന് അവകാശപ്പെട്ട് സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് തന്റെ വീഴ്‌ച്ചയാണെന്നും അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ശ്രീകുമാർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഷെട്ടിയുടെ പ്രതികരണമെത്തുന്നത്. ഏതായാലും മഹാഭരതം ഷെട്ടി ഇറക്കുമെന്ന സൂചനയാണ് വാക്കുകളിൽ ഉള്ളത്. എന്നാൽ ഇതിന്റെ സംവിധായകൻ ആരായിരിക്കുമെന്ന് ഷെട്ടി പറയുന്നതുമില്ല.

'രണ്ടാമൂഴം' സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന് ഷെട്ടി തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോനുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചിത്രം 2019 ൽ തുടങ്ങുമെന്ന വിവരം ബി.ആർ.ഷെട്ടി അറിയിച്ചത്. ആയിരം കോടി ബജറ്റിൽ രണ്ടു ഭാഗങ്ങളിലായാണ് രണ്ടാമൂഴം ഒരുങ്ങുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി. മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ പ്ലാൻ ചെയ്തത്. ഇതാണ് എംടി കേസ് കൊടുത്തതോടെ അവതാളത്തിലാകുന്നത്.

മഹാഭാരത കഥ അമീർഖാൻ സിനിമായാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. എംടിയുടെ രണ്ടാമൂഴം മഹാഭാരത കഥ പറയുന്നത് ഭീമന്റെ കണ്ണിലൂടെയാണ്. ഇത് തീർത്തും വ്യത്യസ്തമാണ്. എന്നാൽ മഹാഭാരത കഥയുമായി മറ്റൊരു സിനിമയെത്തിയാൽ രണ്ടാമൂഴം അപ്രസക്തമാകും. ആയിരം കോടിയാണ് രണ്ടാമൂഴത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. അമീർ ഖാന്റെ മഹാഭാരമെത്തിയാൽ പിന്നെ രണ്ടാമൂഴത്തിന്റെ വിപണി സാധ്യത ഇടിയും. ഇതിനൊപ്പമാണ് എംടിയുടെ പിൻവാങ്ങൽ. ഇതോടെ ഹിന്ദിയിൽ ഒരുങ്ങുന്ന മറ്റേതെങ്കിലും സിനിമയ്ക്ക് ഷെട്ടി പണം മുടക്കാനും സാധ്യതയുണ്ട്. മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴമെന്നത് എത്രത്തോളം പ്രായോഗികമാണെന്ന സംശയം സിനിമാ ലോകവും ചർച്ചയാക്കിയിരുന്നു.

ആയിരം കോടി മുതൽമുടക്കിൽ ഇറങ്ങുന്ന ചിത്രത്തെ വിജയത്തിലെത്തിക്കാൻ ലാലിന് കഴിയുമോ എന്നതാണ് ഉയർന്ന ചോദ്യം. ഇതിനൊപ്പമാണ് അമീർ ഖാനെ പോലൊരു ബിഗ് സൂപ്പർ സ്റ്റാറും മഹാഭാരതത്തെ പറ്റി ചിന്തിക്കുന്നുവെന്ന വാർത്ത എത്തിയത്.