- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷാ കേസിൽ അമീറുൾ ഇസ്ലാമിനെ പൊക്കി; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൂട്ടിയ പെൺ കരുത്ത്; സ്വാമി ഗംഗേശാനന്ദയുടെ ആരോപണത്തെ തള്ളിക്കളയാൻ സർക്കാർ; ശ്രീലേഖയ്ക്ക് നേടാനാകാത്തത് സ്വന്തമാക്കാൻ ബി സന്ധ്യ; പൊലീസ് മേധാവിയായി വനിതയെ നിയോഗിക്കുന്നത് സ്ത്രീശാക്തീകരണത്തിന് കരുത്താകാൻ
ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്താകുമ്പോൾ കൂടുതൽ സാധ്യത ബി സന്ധ്യയ്ക്ക്. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി. സുദേഷ്‌കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം. സുദേഷ്‌കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്.
സുധേഷ് കുമാറിന് നിരവധി നെഗറ്റീവ് ഘടകങ്ങളുണ്ട്. പൊലീസുകാരനെ മർദ്ദിച്ച കേസിൽ സുധേഷ് കുമാറിന്റെ മകൾ പ്രതിയാണ്. സന്ധ്യയ്‌ക്കെതിരേയും ചില ആരോപണങ്ങളുണ്ട്. എന്നാൽ അതൊന്നും ഗൗരവ സ്വഭാവത്തിലുള്ളതല്ല. അതുകൊണ്ട് തന്നെ സന്ധ്യയ്ക്കാകും പ്രഥമ പരിഗണന. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചർച്ചയാകുന്ന സമയം കൂടിയാണ് ഇത്. വിസ്മയയുടേയും മറ്റും മരണങ്ങളും സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ട്. അതിനാൽ പൊലീസ് മേധാവിയാക്കി വനിതയെ എത്തിച്ച് സർക്കാരും പുതിയ ദിശാ ബോധം നൽകാൻ ശ്രമിക്കും.
കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരി ശ്രീലേഖയായിരുന്നു. അവരും ഡിജിപിയായാണ് വിരമിച്ചത്. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയും ശ്രീലേഖയായിരുന്നു. എന്നാൽ അവർക്ക് പൊലീസ് മേധാവിയാകാൻ കഴിഞ്ഞില്ല. ഈ നേട്ടത്തിന് തൊട്ടരികിലാണ് സന്ധ്യ ഇപ്പോൾ. പിണറായി അഞ്ചു കൊല്ലം മുമ്പ് അധികാരത്തിൽ എത്തിയപ്പോഴും നിർണ്ണായക ചുമതലകൾ സന്ധ്യയ്ക്ക് നൽകി. ജിഷാ കേസിൽ അമീറുൾ ഇസ്ലാമിലേക്ക് അന്വേഷണം എത്തിയത് സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നിലും ഡിജിപിയുടെ ഇടപെടൽ ഉണ്ടായിരുന്നു. എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ചായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഈ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലെത്തുമ്പോഴാണ് പൊലീസ് മേധാവിയായി സന്ധ്യ എത്താനുള്ള സാധ്യത തെളിയുന്നത്. തച്ചങ്കരിയുടെ സാധ്യത യുപിഎസ് സി വെട്ടിയതു തന്നെയാണ് സന്ധ്യയ്ക്ക് തുണയാകുന്നത്. ഇനി രണ്ടു കൊല്ലം സന്ധ്യയ്ക്ക് സർവ്വീസുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സന്ധ്യയെ ഡിജിപിയാക്കാനുള്ള തീരുമാനത്തിലാണ്.
സ്ത്രീശാക്തീകരണത്തിനൊപ്പം സർക്കാർ എന്ന സന്ദേശം നൽകാൻ കൂടിയാണ് ഇത്. നേരത്തെ ഡൽഹി പൊലീസിനെ കിരൺ ബേദി നയിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾക്കും അന്ന് ഡൽഹി സാക്ഷ്യം വഹിച്ചു. അങ്ങനെ സന്ധ്യയെ പൊലീസ് മേധാവിയാക്കി സ്ത്രീ സുരക്ഷയിൽ സർക്കാരിന്റെ ഇടപെടൽ ശക്തമാക്കാനാണ് നീക്കം. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഇതിന് അനുകൂലമാണ്. ഇതും സർക്കാർ തീരുമാനത്തെ സ്വാധീനിക്കും.
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെടുത്ത കേസിൽ സന്ധ്യയ്‌ക്കെതിരെ ആരോപണമുണ്ട്. ഇത് സർക്കാർ മുഖവിലയ്‌ക്കെടുക്കില്ല. സന്ധ്യയുടെ മറ്റ് അന്വേഷണ മികവുകൾ ചർച്ചയാക്കി പൊലീസ് മേധാവിയാക്കാനാണ് സാധ്യത. ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെ സർക്കാരിനു നിവൃത്തിയില്ലാതായി.
യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയിൽ. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ