തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവി എ.ഡി.ജി.പി: ബി. സന്ധ്യക്കു ഡി.ജി.പി. പദവി നൽകാൻ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനിച്ചു. 30-നു ഡി.ജി.പി: ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് സന്ധ്യക്കു ഡി.ജി.പി. പദവി നൽകുന്നത്. ഇതിന് ശേഷം സന്ധ്യയെ സംസ്ഥാന പൊലീസ് മേധാവിയുടെ പദവിയിലും സർക്കാർ നിയമിക്കും.

ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി ആരെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. ഇക്കാര്യത്തിൽ സിപിഎമ്മിനുള്ളിലും ചർച്ച നടന്നതായി സൂചനയുണ്ട്. സന്ധ്യയെ പൊലീസ് മേധാവിയാക്കാൻ സിപിഎം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് അന്തിമ തീരുമാനം എടുക്കാമെന്നാണ് സിപിഎം നൽകുന്ന സൂചനയും. ഈ സാഹചര്യത്തിൽ സന്ധ്യ ഡിജിപിയാകാനുള്ള സാധ്യതയാണ് കൂടുതൽ.

വിരമിക്കുന്ന പൊലീസ് മേധാവി ബെഹ്‌റയ്ക്കും ഉചിതമായ സ്ഥാനം നൽകും. കൊച്ചി വിമാനത്താവള കമ്പനിയുടെ തലപ്പത്ത് ബെഹ്‌റയെ നിയമിക്കാനാണ് സാധ്യത. അല്ലാത്ത പക്ഷം മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി ബെഹ്‌റ തുടരും. ഒന്നാം പിണറായി സർക്കാരിൽ രമൺ ശ്രീവാസ്തവയായിരുന്നു പൊലീസ് ഉപദേഷ്ടാവ്. ശ്രീവാസ്തവ രാജിവച്ച ശേഷം പുതിയ ആരേയും മുഖ്യമന്ത്രി നിയമിച്ചിട്ടില്ല. അതുകൊണ്ട് ബെഹ്‌റയെ പൊലീസ് ഉപദേഷ്ടാവാക്കാനും സാധ്യതയുണ്ട്. കേരളത്തിലെ മുതിർന്ന ഡിജിപി ടോമിൻ തച്ചങ്കരിയാണ്. തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനുള്ള മൂന്നംഗ പട്ടികയിലേക്ക് യുപിഎസ് സി ശുപാർശ ചെയ്തിരുന്നില്ല. തച്ചങ്കരിക്ക് എന്തു പദവി നൽകുമെന്നതും നിർണ്ണായകമാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് തച്ചങ്കരി.

സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് അർഹരായ മൂന്നുപേരുടെ പട്ടിക യു.പി.എസ്.സി. ചീഫ് സെക്രട്ടറിക്കു കൈമാറിയതോടെ അണിയറയിൽ ചരടുവലികൾ സജീവമാണ്. വിജിലൻസ് ഡയറക്ടർ സുദേഷ്‌കുമാർ, ബി. സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണർ എ.ഡി.ജി.പി: അനിൽകാന്ത് എന്നിവരാണു പട്ടികയിലുള്ളത്. മൂന്നുപേരും സർക്കാരിനു പ്രിയപ്പെട്ടവരാണ്. ബി. സന്ധ്യക്ക് അനുകൂലമായാണു തീരുമാനമെങ്കിൽ സംസ്ഥാന പൊലീസിന് ആദ്യത്തെ വനിതാ മേധാവിയെ ലഭിക്കും. സ്ത്രീ ശാക്തീകരണ ചർച്ചകൾ സജീവമാക്കാൻ കൂടിയാണ് സന്ധ്യയെ ഡിജിപിയായി പരിഗണിക്കുന്നത്.

അനിൽകാന്തിന് ഏഴുമാസത്തെ ഔദ്യോഗിക കാലാവധിയാണ് ഇനി ശേഷിക്കുന്നത്. സുദേഷ്‌കുമാറിന് രണ്ടു വർഷവും. എന്നാൽ പൊലീസുകാരനെ മകൾ മർദ്ദിച്ച കേസ് സുദേഷ് കുമാറിന് വിനയാണ്. തച്ചങ്കരിക്ക് പിന്നിൽ സീനിയോറിട്ടിയിൽ രണ്ടാമൻ സുദേഷ് കുമാറാണ്. മകളുടെ കേസാണ് സുദേഷ് കുമാറിന് വിനയാകുന്നത്. സന്ധ്യയെ പൊലീസ് മേധാവിയാക്കിയാൽ ഐപിഎസ് സീനിയോറിട്ടി പട്ടികയിലെ മുതിർന്ന രണ്ടു പേരെ മറികടന്നാകും സന്ധ്യ ആ പദവിയിൽ എത്തുക. സന്ധ്യയ്ക്കും ഇനി വിരമിക്കാൻ രണ്ടു വർഷം ബാക്കിയുണ്ട്.

30 വർഷം സർവീസ് കാലാവധി പൂർത്തിയാക്കിയ ഐ.പി.എസ്. ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവിയായി പരിഗണിക്കണമെന്നാണു യു.പി.എസ്.സി. നിർദേശിച്ചിട്ടുള്ളത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അത്. മാനദണ്ഡങ്ങൾ പാലിച്ച് പട്ടിക മൂന്നു പേരിലേക്കു ചുരുങ്ങിയതോടെ ഇനി മുഖ്യമന്ത്രിയുടേതാണു തീരുമാനം. തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനായിരുന്നു സർക്കാരിന് കൂടുതൽ താൽപ്പര്യം. യുപിഎസ് സിയുടെ പട്ടികയിൽ നിന്നും തച്ചങ്കരി ഒഴിവായതാണ് പുതിയൊരാളെ കണ്ടെത്തേണ്ട സാധ്യതയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരി ശ്രീലേഖയായിരുന്നു. അവരും ഡിജിപിയായാണ് വിരമിച്ചത്. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയും ശ്രീലേഖയായിരുന്നു. എന്നാൽ അവർക്ക് പൊലീസ് മേധാവിയാകാൻ കഴിഞ്ഞില്ല. ഈ നേട്ടത്തിന് തൊട്ടരികിലാണ് സന്ധ്യ ഇപ്പോൾ. പിണറായി അഞ്ചു കൊല്ലം മുമ്പ് അധികാരത്തിൽ എത്തിയപ്പോഴും നിർണ്ണായക ചുമതലകൾ സന്ധ്യയ്ക്ക് നൽകി. ജിഷാ കേസിൽ അമീറുൾ ഇസ്ലാമിലേക്ക് അന്വേഷണം എത്തിയത് സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നിലും ഡിജിപിയുടെ ഇടപെടൽ ഉണ്ടായിരുന്നു. എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ചായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഈ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലെത്തുമ്പോഴാണ് പൊലീസ് മേധാവിയായി സന്ധ്യ എത്താനുള്ള സാധ്യത തെളിയുന്നത്. തച്ചങ്കരിയുടെ സാധ്യത യുപിഎസ് സി വെട്ടിയതു തന്നെയാണ് സന്ധ്യയ്ക്ക് തുണയാകുന്നത്. സ്ത്രീശാക്തീകരണത്തിനൊപ്പം സർക്കാർ എന്ന സന്ദേശം നൽകാൻ കൂടിയാണ് ഇത്. നേരത്തെ ഡൽഹി പൊലീസിനെ കിരൺ ബേദി നയിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾക്കും അന്ന് ഡൽഹി സാക്ഷ്യം വഹിച്ചു. അങ്ങനെ സന്ധ്യയെ പൊലീസ് മേധാവിയാക്കി സ്ത്രീ സുരക്ഷയിൽ സർക്കാരിന്റെ ഇടപെടൽ ശക്തമാക്കാനാണ് നീക്കം. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഇതിന് അനുകൂലമാണ്. ഇതും സർക്കാർ തീരുമാനത്തെ സ്വാധീനിക്കും.

ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചെടുത്ത കേസിൽ സന്ധ്യയ്ക്കെതിരെ ആരോപണമുണ്ട്. ഇത് സർക്കാർ മുഖവിലയ്ക്കെടുക്കില്ല. സന്ധ്യയുടെ മറ്റ് അന്വേഷണ മികവുകൾ ചർച്ചയാക്കി പൊലീസ് മേധാവിയാക്കാനാണ് സാധ്യത.