കോഴിക്കോട്: ചെയർമാനെ നിശ്ചയിക്കുന്നതിനെ ചൊല്ലി ഇടതുമുന്നണിയിലും, ഇടത് സഹയാത്രികരായ സിനിമാ പ്രവർത്തകരും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതോടെ ചലച്ചിത്ര അക്കാദമിയുടെ പുനഃസംഘടന വൈകുന്നു. നേരത്തെ പ്രശസ്ത സംവധായകൻ കമൽ അക്കാദമി ചെയർമാൻ ആവണമെന്ന അനൗദ്യോഗിക ധാരണ ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും കമലിനെതിരെ ചലച്ചിത്രലോകത്തുനിന്നുതന്നെ വലിയ എതിർപ്പ് ഉയർന്നിരിക്കയാണ്. ഇടതുസഹയാത്രികരായ പലർക്കും കമൽ ഈ സ്ഥാനത്ത് എത്തുന്നതിൽ താൽപ്പര്യമില്‌ളെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ അക്കാദമി പുനഃസംഘടന വൈകിച്ച്, യു.ഡി.എഫ് സർക്കാർ നിയമിച്ച രാജീവ്‌നാഥിനോട് പുതിയ സമിതി വരുന്നതുവരെ തുടരാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കയാണ്.

കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) പുതിയ അധ്യക്ഷനെ കണ്ടത്തെുന്നതിലും ഇതേ പ്രശ്‌നം നിലനിൽക്കുന്നുണ്ട്.ഇതിനായി സംവിധായകൻ ബി.ഉണ്ണികൃഷ്ണനെയാണ് സിപിഐ(എം) നിർദേശിച്ചതെങ്കിലും, തിനക്ക് ഫെഫ്ക്കയുടെയും മറ്റുമുള്ള ചുമതലയുള്ളതിനാൽ താൽപ്പര്യമില്‌ളെന്ന മുറുപടിയാണ് ഉണ്ണികൃഷ്ണനിൽനിന്ന് ലഭിച്ചത്.

ഒരു വിഭാഗം സിനിമാക്കാരുടെ ശക്തമായ എതിർപ്പ് തന്നെയാണ് കമലിന് പാരയായത്. അദ്ദേഹം ഏകാധിപതിയാണെന്ന്‌തൊട്ട് അവസരവാദിയാണെന്നുവരെ ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയത്തിനായി ശക്തതമായി രംഗത്തത്തെിയ കമൽ, മുൻകാല തെരഞ്ഞെടുപ്പുകളിൽ വ്യക്തി മികവുനോക്കി വോട്ട് ആഹ്വാനവുമായി ചില യു.ഡി.എഫ് നേതാക്കളെ സഹായിച്ചുവെന്നും ഇവർ ആരോപിക്കുന്നു.

ഇടത് സഹയാത്രികരായ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്റെയും ലെനിൻരാജേന്ദ്രന്റെയും പേരുകൾ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. അവാർഡ് നിർണ്ണയം, ഐ.എഫ്.എഫ്്.കെ നടത്തിപ്പ് തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ളതിനാൽ സംഘാടന മികവ്കൂടി കണക്കിലെടുത്താണ് ചലച്ചിത്ര അക്കാദമി ചെയർമാനെ നിയമിക്കേണ്ടത് എന്ന കാര്യം ഇടതുമുന്നണിയിൽ ചർച്ചയായിട്ടുണ്ട്.കഴിഞ്ഞ കുറച്ചുകാലമായി ഐ.എഫ്.എഫ്.കെയുടെ നിലവാരം വല്ലാതെ താഴ്ന്നുപോവുന്നത്, എൽ.ഡി.എഫ് വന്നാൽ ശരിയാവുമെന്ന് പ്രശസ്ത സംവിധായകൻ ടി.വി ചന്ദ്രനെപ്പോലുള്ളവർ പരസ്യമായി പറഞ്ഞിരുന്നു.ചന്ദ്രനെയും ചില സിപിഐ.(എം) നേതാക്കൾ സമീപിച്ചിരുന്നുവെങ്കിലും ഏതെങ്കിലും അക്കാദമികളിൽ പ്രവർത്തിക്കുകയെന്നത് തന്റെ സ്വഭാവവുമായി യോജിച്ച് പോവില്‌ളെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

എന്നാൽ ഇടത് ആഭിമുഖ്യംമാത്രമല്ല, പ്രൊഫഷണൽ മികവും സംഘടാന മികവും നോക്കിയാവണം അക്കാദമി നിയമനം എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതത്രേ.അതുകൊണ്ടുതന്നെ തീർത്തും പ്രൊഫഷണലായ ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് വന്നാലും ഇത്തവണ അത്ഭുദപ്പെടാനില്ല. അതേസമയം കഴിഞ്ഞ തവണ അക്കാദമിയെ മൊത്തം നിയന്ത്രിച്ചിരുന്ന കെ.ബി ഗണേശ്‌കുമാർ ഇത്തവ ചിത്രത്തിൽപോലുമില്ല. പക്ഷേ തന്റെ ഒന്നോ രണ്ടോ നോമിനികളെ അംഗങ്ങളാക്കാൻ ഗണേശും ശ്രമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ സ്ഥാനമൊഴിഞ്ഞതോടെ കെ.എസ്.എഫ്.ഡി.സി.യും പുനഃസംഘടന കാത്ത് കഴിയുകയാണ്. ബി.ഉണ്ണികൃഷ്ണൻ വിസമ്മതം അറിയച്ചതോടെ അതുപോലെ സ്വീകാര്യതയുള്ള മറ്റൊരാളെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് സർക്കാർ.