തിരുവനന്തപുരം: വാർത്തകളുടെ കുത്തൊഴുക്കിൽ ടിവി ചാനലുകൾ ബലാബലം നോക്കുക സ്വാഭാവികം. സ്വർണക്കള്ളക്കടത്തും, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാമായി എക്‌സ്‌ക്ലൂസീവുകളും, സംവാദങ്ങളുമായി പൊരിഞ്ഞ മത്സരമായിരുന്നു കഴിഞ്ഞാഴ്ച. ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ആധിപത്യം തുടരുന്നതും ട്വന്റിഫോറും മനോരമ ന്യൂസും രണ്ടും മൂന്നും സ്ഥാനങ്ങളിലും, ജനം ടിവിയെ പിന്തള്ളി മാതൃഭൂമി നാലാം സ്ഥാനത്തേക്ക് വീണ്ടും എത്തിയതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തയായി. വാർത്താചാനലുകളുടെ കാര്യത്തിൽ അടുത്തിടെ വന്ന വലിയ സവിശേഷത പ്രൈം ടൈം ചാനൽ സംവാദങ്ങളിൽ ആങ്കർമാരായി ചാനൽ മേധാവികൾ തന്നെ എത്തിയതാണ്. 24 ന്യൂസിൽ ശ്രീകണ്ഠൻനായർ, കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസിൽ ഒരു സെപ്ഷ്യൽ ഡേയിൽ എം.ജി.രാധാകൃഷ്ണൻ ഇങ്ങനെ വന്ന മാറ്റങ്ങൾ എങ്ങനെ പ്രതിഫലിച്ചുവെന്നത് കൗതുകകരമായിരിക്കും.

ജോൺ ബ്രിട്ടാസ് കൈരളി ന്യൂസിന്റെ സംവാദ പരിപാടിയായ ന്യൂസ് ആൻഡ് വ്യൂസിന്റെ ആങ്കറായതോടെ ചാനൽ റേറ്റിങ്ങിൽ മാറ്റം വന്നുവെന്നാണ് ബാർക് രേഖകൾ സൂചിപ്പിക്കുന്നത്. എണ്ണപ്പെട്ട മൂന്നു കാറ്റഗറികളിൽ കൈരളി ന്യൂസ് നാലാം സ്ഥാനം നേടി. കേരള ഓൾ സി എസ് 2+, സി എസ് 15+ എ ബി, മെയ്ൽ 22+ എ ബി എന്നീ കാറ്റഗറികളിലാണിത്. മാതൃഭൂമി, ജനം, ന്യൂസ് 18, മീഡിയാ വൺ എന്നിവരെയാണ് കൈരളി ന്യൂസ് പിൻതള്ളിയത്. ഫീമെയ്ൽ 22+ൽ മൂന്നാം സ്ഥാനവും. ട്വന്റി ഫോർ, മാതൃഭൂമി, ജനം, ന്യൂസ് എയ്റ്റീൻ, മീഡിയാ വൺ എന്നിവരെ ഈ വിഭാഗത്തിൽ പിൻതള്ളി. ജോൺ ബ്രിട്ടാസിന് പുറമേ ശരത് ചന്ദ്രൻ, ഡോ. എം. എ. ലാൽ എന്നിവരാണ് ന്യൂസ് ആൻഡ് വ്യൂസ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസ് ആൻഡ് വ്യൂസിൽ പുറത്തുവിട്ട ബിഗ് ബ്രേക്കിങ്ങും സജീവചർച്ചയായിരുന്നു. ലൈഫ് മിഷൻ പദ്ധതിക്കായി യുണിറ്റാക് നൽകിയ കമ്മീഷൻ 1 കോടിയല്ല 4 കോടി 25 ലക്ഷം രൂപയാണെന്നും അതിൽ ഒരുപങ്ക് യുഎഇ കോൺസുലേറ്റ് പ്രതിനിധി ഖാലിദിന് കൈമാറിയത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെ.എം.ബഷീർ മരിച്ച ദിവസമാണെന്നും കൈരളി ബിഗ് ബ്രേക്കിങ്ങിലൂടെ പുറത്തുവിട്ടിരുന്നു. ഏതായാലും മാതൃഭൂമി ന്യൂസിനെ പോലെ എക്‌സ്‌ക്ലൂസീവുകൾ നൽകി പ്രേക്ഷകരെ കൂട്ടാനുള്ള കൈരളിയുടെ പരിശ്രമം ഫലം കാണുന്നുവെന്നാണ് ബാർക് റേറ്റിങ് സൂചിപ്പിക്കുന്നത്.

എല്ലാ പ്രേക്ഷകവിഭാഗവും ഉൾപ്പെട്ട സി എസ് 2 + കാറ്റഗറിയിൽ 21 ശതമാനം വളർച്ചയാണ് കൈരളി ന്യൂസ് കുറിച്ചത്. വീക്ക് 32-ലാണ് തലേ ആഴ്ചയെ അപേക്ഷിച്ച് ചാനൽ ഈ നേട്ടം കൊയ്തത്. ഇതുവഴി വീക്ക് 32ൽ ഏറ്റവും വലിയ വളർച്ചാനിരക്ക് കാഴ്ചവച്ച മലയാളം വാർത്താചാനലായി കൈരളി മാറി. മറ്റുള്ളവരുടെ വളർച്ചാനിരക്ക് ഇങ്ങനെയാണ്: ഏഷ്യാനെറ്റ് ന്യൂസ് 11%, മാതൃഭൂമി 10%, ട്വന്റി ഫോർ 7 %, മനോരമ 4%, ന്യൂസ് എയ്റ്റീൻ 4%, മീഡിയാ വൺ 6%. അതേ സമയം ജനം ടി വിക്ക് 24% പ്രേക്ഷകരെ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

പിണറായി സർക്കാരിനെതിരെ ഏറ്റവും അധികം വിമർശനം ഉന്നയിക്കുന്നത് പരിവാർ ചാനലായ ജനമായിരുന്നു. ഇതാണ് കഴിഞ്ഞ ആഴ്ച റേറ്റിംഗിലും പ്രതിഫലിച്ചത്. വിമർശനാത്മക റിപ്പോർട്ടിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസും മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് എത്താൻ മനോരമ കടുത്ത മത്സരത്തിലുമാണ്. ഇതിനിടെയിലാണ് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ആഴ്ച പിന്നോട്ട് പോയത്. കടുത്ത മത്സരം ജനവുമായി മാതൃഭൂമിക്ക് നടത്തേണ്ടി വരുന്നു. എന്നാൽ 32-ാം ആഴ്ചയിൽ ചിത്രം മാറി. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്ത് തിരിച്ചെത്തി.എന്നിരുന്നാലും ആദ്യ അഞ്ചിൽ ജനം ടിവിക്ക് ഇടം പിടിക്കാനായി.

പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റാണ് ഒന്നാമത്. ഏതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാമത് സ്യൂര്യ ടിവി. മൂന്നാമത് മനോരമയും. ഫ്ളവേഴ്സ് ടിവിയാണ് നാലാമത്. സീ കേരളമാണ് അഞ്ചാമത്. വലിയ മത്സരമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് വേണ്ടി നടക്കുന്നത്. ഈ ആഴ്ച കോട്ടം സംഭവിച്ചത് ഫ്ളവേഴ്സിനാണ്. പ്രോഗ്രാം റേറ്റിംഗിൽ വലിയ പോയിന്റ് നഷ്ടമാണ് ഫ്ളവേഴ്സിന് ഇത്തവണ സംഭവിക്കുന്നത്. 92240 പോയിന്റാണ് കഴിഞ്ഞ ആഴ്ച ഫ്ളവേഴ്സിനുണ്ടായിരുന്നത്. ഇത്തവണ അത് 82116 ആയി കുറഞ്ഞു.

ഏഷ്യാനെറ്റിന് 262496 പോയിന്റാണുള്ളത്. സൂര്യാ ടിവിക്ക് 92855ഉം. മഴവിൽ മനോരമയ്ക്ക് 92054ഉം. അതായത് കടുത്ത മത്സരമാണ് പ്രോഗ്രാം ചാനലുകളിൽ രണ്ടാമതാകാൻ നടക്കുന്നത്. ഫ്ളവേഴ്സ് ബഹുദൂരം പിന്നിലാണ്. സീ കേരളവും പിറകിലാണെങ്കിലും അഞ്ചാം സ്ഥാനത്തുണ്ട്. കൈരളിയും അമൃതയും ആദ്യ അഞ്ചിൽ പോലും ഇല്ലെന്നത് സീ കേരളയുടെ റേറ്റിംഗിന് കരുത്ത് നൽകുന്നു.

ന്യൂസ് ചാനലുകളിൽ ശ്രീകണ്ഠൻ നായരുടെ ട്വിന്റി ഫോർ ഏറെക്കാലം കുതിപ്പിലായിരുന്നു. ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി പോലും ഉയർത്തി. എന്നാൽ ഇപ്പോൾ ആ തരംഗം ദൃശ്യമല്ല. കോവിഡു കാലത്തെ വ്യാജ വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ഇതും ന്യൂസ് റേറ്റിംഗിൽ പ്രകടമാണ്. മുന്നേറ്റം തുടർന്നാൽ മനോരമയ്ക്ക് അതിവേഗം രണ്ടാമത് എത്താനാകും. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസിന് 79792 പോയിന്റാണുള്ളത്. ട്വന്റി ഫോറിന് 59689 പോയിന്റും. മനോരമ ന്യൂസിന് 47473 പോയിന്റ്. മാതൃഭൂമി ന്യൂസിന് 30767 പോയിന്റാണുള്ളത്. ജനം ടിവിക്ക് 21624 പോയിന്റ്

ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല.ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്