കോഴിക്കോട്: ഭിന്നതകൾ മറന്ന്, ആദ്ധ്യാത്മിക ഭൂമിയായി ലോകനേതൃപദവിയിലേക്ക് ഭാരത മാതാവിനെ എത്തിക്കണമെന്നു യോഗ ഗുരു ബാബാ രാംദേവ് ആഹ്വാനം ചെയ്തു. മാതൃരാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരു തത്വശാസ്ത്രത്തെയും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമന്വയത്തിന്റെ മന്ത്രം മുഴക്കി കോഴിക്കോട് കടപ്പുറത്ത് സമാപിച്ച മഹാഭാരതം ധർമ്മ രക്ഷാ സംഗമം യോഗ ഗുരു ബാബാ രാംദേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാംദേവ്. ചടങ്ങിൽ സൂര്യനമസ്‌കാരവും പ്രാണായാമവും പ്രദർശിപ്പിച്ച രാംദേവ് അത് നിത്യജീവിതത്തിൽ അഭ്യസിച്ചാൽ രോഗവിമുക്തമായി നല്ല ജീവിതം നയിക്കാനാവുമെന്നും ഉപദേശിച്ചു.

ജാതിമത വേർതിരിവുകൾ അവസാനിപ്പിക്കണം. ഭാരതത്തെ ആദ്ധ്യാത്മികമായി ഉയർത്താൻ എല്ലാവരും ഒന്നിക്കണം. ഭാരതം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണ്. ബ്രാഹ്മണൻ, ക്ഷത്രിയൻ, ശൂദ്രൻ, വൈശ്യൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ അവസാനിപ്പിക്കണം. ഒരു ശരീരത്തിലെ അവയവങ്ങളെല്ലാം ഒന്നായി പ്രവർത്തിക്കുന്നപോലെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എല്ലാവരും തയാറാവണം. സ്വദേശി വസ്തുക്കൾ പ്രോത്സാഹിപ്പിക്കാൻ ഒന്നിച്ചു നിൽക്കണം-രാംദേവ് ആഹ്വാനം ചെയ്തു. മലയാളത്തിൽ പ്രസംഗം തുടങ്ങിയ ബാബാ രാംദേവ് ശങ്കരാചാര്യ സ്വാമികളുടെയും ഒട്ടനവധി പുണ്യാത്മാക്കളുടെയും ജന്മഭൂമിയായ കേരളത്തെ ആദരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്‌കാരത്തിൽ നിന്ന് വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ നമുക്കുണ്ടെന്നും രാംദേവ് കൂട്ടിച്ചേർത്തു.

മാതൃരാജ്യത്തെ അംഗീകരിക്കാത്ത ഒരു തത്വശാസ്ത്രത്തെയും മതമായി അംഗീകരിക്കാൻ സാധിക്കില്ല. പ്രപഞ്ചത്തിലെ എല്ലായിടത്തും മാതൃരാജ്യത്തെ ബഹുമാനിക്കുന്ന സമൂഹമുണ്ട്. അതിൽ ജാതിയുടെയോ മതത്തിന്റെയോ വിവേചനമില്ല. ഭാരത് മാതാ കി ജയ് എന്നുറക്കെ വിളിക്കുന്നതു മതത്തിനു വേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. ഭാരതീയ യോഗ വ്യവസ്ഥയിലൂടെ നമ്മുടെ ശരീരം ആരോഗ്യപരമായി നിലനിർത്താൻ സാധിക്കും. എല്ലാവരും യോഗ അഭ്യസിക്കുകയും പ്രചരിക്കുകയും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുകയും വേണം. കച്ചവട താത്പര്യത്താലല്ല, സ്വദേശവസ്തുക്കളുടെ പ്രചരണത്തിനും അതുവഴി രാജ്യത്തിന്റെ സമ്പത്ത് രാജ്യത്തിനകത്തുതന്നെ ഉപയോഗിക്കാനുമാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗണപതിഹോമത്തോടെയാണ് ധർമരക്ഷാ സംഗമത്തിന്റെ ചടങ്ങുകൾ ആരംഭിച്ചത്. ഡോ. കാരുമാത്ര വിജയൻ തന്ത്രിയും സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിയും ഹോമത്തിനു നേതൃത്വം നൽകി. കോവിൽമല രാജാവ് രാമൻ രാജമന്നാൻ പതാക ഉയർത്തി. ബാബാ രാംദേവിന്റെ നേതൃത്വത്തിൽ സമുദ്ര വന്ദനവും നടന്നു. കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെന്നു രാജീവ് പ്രതാപ് റൂഡി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകും.

കേരളത്തിലെ വിവിധനദികളിൽ നിന്നു ശേഖരിച്ച ജലം കുംഭത്തിലാക്കി പൂജിച്ച ശേഷം ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ കാണികളെ അനുഗ്രഹിച്ച്് പ്രോക്ഷണം ചെയ്തു. കന്യാകുമാരി വിവേകാനന്ദ സ്്മാരക നിർമ്മാണത്തിനായി പ്രവർത്തിച്ച പരമ്പരയിലെ അവസാന കണ്ണികളായ എം. കൃഷ്്ണൻ, മൊക്കത്ത്് ദാസൻ എന്നിവരെ ആദരിച്ചു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. സ്വാമി ജയേന്ദ്രസരസ്വതി, ശ്രീശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി, ശ്രീ എം എന്നിവരുടെ വിഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.

വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി അമൃത കൃപാനന്ദപുരി, ചിന്മയ മിഷൻ കേരള ഘടകം തലവൻ സ്വാമി വിവിക്താനന്ദ സരസ്വതി, കോഴിക്കോട് ശ്രീരാമകൃഷ്്ണാശ്രമം മഠാധിപതി സ്വാമി വിനിശ്ചലാനന്ദ, കൊയിലാണ്ടി മഠാധിപതി സ്വാമി ആപ്്തലോകാനന്ദ, ശരവണഭവമഠം ആചാര്യൻ സ്വാമി മുരളീകൃഷ്്ണ, ശാരദാമഠം ആചാര്യ മാതൃകപ്രാണാ മാതാ എന്നിവർ പ്രസംഗിച്ചു.