പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങളുടെ കൂട്ടായ പരിശ്രമം ഫലം കണ്ടു. ബാബുവിനെ ആ ദുർഘട സ്ഥലത്തു നിന്ന് അവർ രക്ഷപ്പെടുത്തി. ഇനി മുകളിലേക്കുള്ള മലകയറ്റമാണ്.

ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് സാഹസികമായാണ്. റോപ്പിലൂടെ ഇറങ്ങിയ സൈനികൻ ആദ്യം നൽകിയത് രണ്ട് കുപ്പി വെള്ളമാണ്. അത് കുടിച്ച ബാബു അതിന് ശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവുമായി മുകളിലേക്ക് വരികയാണ്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം ശുഭകരമായ അന്ത്യത്തിലേക്ക് എത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നത്. ഇനിയുള്ള നിമിഷങ്ങൾ നിർണ്ണായകമാണ്. ബാബു ഉടൻ മലയ്ക്ക് മുകളിൽ എത്തും. അതിന് ശേഷം പ്രാഥമിക വൈദ്യസഹായം നൽകും. ചികിൽസയ്ക്ക് ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും.

ബാബുവിനെ ഹെലികോപ്ടറിൽ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളിൽ സൈന്യം എത്തിയത്.

സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങൾ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മലയാളിയായ ലഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറുകയായിരുന്നു. ഇതാണ് വിജയത്തിലെത്തിയത്.

ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. രാത്രിയിൽ രക്ഷാസംഘം ബാബുവിന്റെ അടുത്ത് നിന്നും 200 മീറ്റർ അകലെവരെ എത്തിയിരുന്നു. ബാബുവുമായി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് സംസാരിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടതായും പേടിക്കേണ്ടെന്നും ഉടൻ എത്തിക്കാമെന്നും സൈന്യം അറിയിച്ചു. ഇതിന് പിന്നാലെയാണ് സൈനികൻ താഴേക്കിറങ്ങിയത്.

കരടി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് സൈന്യം തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. മൂന്ന് കരടികളെ കണ്ടതായി മല കയറിയ സൈനികൻ പറയുന്നുണ്ട്. ഇവിടെയാണ് സൈന്യം അസാധ്യമായ രക്ഷാപ്രവർത്തനം അതിവേഗം പൂർത്തിയാക്കുന്നത്.