- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
46 മണിക്കൂറിന് ശേഷം ബാബു മലമുകളിലെത്തി; ഈ 23കാരൻ കാട്ടിയത് അസാധാരണ ആത്മധൈര്യം; മൊബൈലിൽ ചിത്രങ്ങൾ എടുത്ത് അയച്ചത് നിർണ്ണായകമായി; കണ്ണടയ്ക്കാതെ ഉറക്കമിളഞ്ഞിരുന്നത് രക്ഷകൻ എത്തുമെന്ന പ്രതീക്ഷയിൽ; ആ വിശ്വാസം വെറുതെയായില്ല; ബാബു ജീവിതത്തിലേക്ക്
പാലക്കാട്: ബാബു ജീവിതത്തിലേക്ക്. പാലക്കാട്ടെ ഏതോ ഗ്രാമത്തിലെ യുവാവിന് വേണ്ടി രാജ്യം മുഴുവൻ പ്രാർത്ഥനയിലായി. സൈന്യം പാഞ്ഞെത്തി. എവറസ്റ്റ് കീഴടക്കിയവരുടെ അറിവും കരുതലും ബാബുവിന് തുണയായി. എന്നാൽ അതിലുപരി ഈ രക്ഷാപ്രവർത്തനത്തിലെ യഥാർത്ഥ താരം ബാബുവാണ്. മലയിടുക്കിൽ കാലു തെന്നി വീണപ്പോൾ കിട്ടിയ രക്ഷാസ്ഥലത്തെ ആത്മവിശ്വാസത്തോടെ സുരക്ഷിത കേന്ദ്രമാക്കിയ ബാബുവിന്റെ വിജയം. എല്ലാ വെല്ലുവളികളേയും ആ ശരീരം അതീജീവിച്ചു. അങ്ങനെ 46 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് സധൈര്യം ബാബു നടന്നു കയറുകയായിരുന്നു.
46 മണിക്കൂറിന് ശേഷം ബാബു മലമുകളിലെത്തി. ഈ 23കാരൻ കാട്ടിയത് അസാധാരണ ആത്മധൈര്യമായിരുന്നു. അപകടത്തിൽ പെട്ടപ്പോൾ തന്നെ മൊബൈലിൽ ചിത്രങ്ങൾ എടുത്ത് അയച്ചത് നിർണ്ണായകമായി. അതുകൊണ്ടാണ് ബാബു ഉള്ളയിടം പൊലീസിനും ഫയർഫോഴ്‌സിനും വനം വകുപ്പിനും കൂട്ടയാത്. അതിന് ശേഷം കണ്ണടയ്ക്കാതെ ഉറക്കമിളഞ്ഞിരുന്നത് രക്ഷകൻ എത്തുമെന്ന പ്രതീക്ഷയിലും. ആ വിശ്വാസം വെറുതെയായില്ല. 42 മണിക്കൂർ കഴിഞ്ഞപ്പോൾ ബാല എന്ന സൈനികന്റെ വിളി ബാബുവിനെ തേടിയെത്തി. പേടിക്കേണ്ടെന്നും ഞാൻ വരുന്നുണ്ടെന്നും. അങ്ങനെ സൈനികന്റെ സഹായത്തോടെ ബാബുവിന്റെ അവിസ്മരണീയ രക്ഷപ്പെടൽ. ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് ആ യുവാവിന്റെ ആത്മധൈര്യത്തിലാണ്.
പാലക്കാടിന്റെ ചുടും തണുപ്പും ബാബുവിനെ തളർത്തിയില്ല. മലയിടുക്കിൽ ഇരുന്ന് ഉറങ്ങിയെങ്കിൽ പോലും താഴേക്ക് അബദ്ധത്തിൽ വഴുതി വീഴുമായിരുന്നു. അതുകൊണ്ട് തന്നെ വെള്ളം പോലുമില്ലാതെ ശരീരം ദുർബ്ബലമായപ്പോഴും ബാബു കണ്ണടച്ചില്ല. ഉറക്കം തോൽപ്പിക്കുന്നില്ലെന്ന് മനോധൈര്യത്തിൽ ഉറപ്പാക്കി. സൈന്യം എത്തുന്നതിന് വേണ്ട സമയത്തെ ആത്മധൈര്യത്തിൽ ബാബു അതിജീവിച്ചു. അവസാനം ബാലയെന്ന സൈനികൻ ബാബുവിനെ നെഞ്ചോട് ചേർത്ത് മലമുകളിൽ എത്തിച്ചു. മലയുടെ മുകളിൽ രാവിലെ ഏഴു മണിക്ക് തുടങ്ങിയ ദൗത്യം പത്ത് മണിക്ക് പൂർത്തിയായി. ചെങ്കുത്തായ മലയിൽ അസാമാന്യ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ സൈന്യം നടത്തിയത്.
പാലക്കാട് മലമ്പുഴയിൽ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് കരസേനയുടെ രണ്ട് ദൗത്യസംഘങ്ങൾ മലയുടെ മുകളിലെത്തിയത് അതിരാവിലെയാണ്. വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിച്ചു. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമായിരുന്നു ഇത്. 11 മണിക്കുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുമെന്ന് സൈന്യം പറഞ്ഞിരുന്നു. അതിന് ഒരു മണിക്കൂർ മുമ്പേ അവർ ലക്ഷ്യത്തിലെത്തി. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുണ്ടായിരുന്നത്. രണ്ട് സംഘമായാണ് ഇവർ പ്രവർത്തിച്ചത്.
ഒരു സംഘം മലയുടെ മുകളിൽ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടു. മലയുടെ താഴേക്ക് ബാബുവിനെ കൊണ്ടു വരാനായിരുന്നു ആലോചന. എന്നാൽ മുകളിലേക്ക് കൊണ്ടു പോകുന്നതാണ് നല്ലതെന്ന് സൈന്യം തീരുമാനിക്കുകയായിരുന്നു. ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. രാത്രിയിൽ രക്ഷാസംഘം ബാബുവിന്റെ അടുത്ത് നിന്നും 200 മീറ്റർ അകലെവരെ എത്തിയിരുന്നു. ബാബുവുമായി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് സംസാരിച്ചു. ബാബു വെള്ളം ആവശ്യപ്പെട്ടതായും പേടിക്കേണ്ടെന്നും ഉടൻ എത്തിക്കാമെന്നും സൈന്യം അറിയിച്ചു.
കരടി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണ് ഇതെന്നാണ് സൈന്യം തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. മൂന്ന് കരടികളെ കണ്ടതായി മല കയറിയ സൈനികൻ വിശദീകരിച്ചിരുന്നു. അങ്ങനെ എല്ലാ വെല്ലുവിളികളേയും അതിജീവിച്ചാണ് ബാബുവിനെ സൈന്യം ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്.
മറുനാടന് മലയാളി ബ്യൂറോ