- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർമിക്ക് സഹായകമായത് എൻഡിആർഎഫിന്റെ റോപ്പ്; ആകെ ചെലവായത് അരക്കോടിയും; മലയുമായുള്ള പരിചയവും ആ അന്തരീക്ഷവുമായുള്ള പൊരുത്തവും ബാബുവിനെ തുണച്ചു; കൂമ്പാച്ചി മലയിൽ ട്രെക്കിങ്ങിന് പോയി മരിച്ചത് രണ്ട് വിദ്യാർത്ഥികളും; സഹാസിക മലകയറ്റത്തിൽ വേണ്ടത് കരുതലുകൾ
പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽ കയറി അപകടത്തിൽപ്പെട്ട ബാബു ഇന്ന് സന്തോഷത്തിലാണ്. സൈന്യത്തിന്റെ കരങ്ങളാണ് ബാബുവിന് തുണയായത്. രക്ഷാപ്രവർത്തനത്തിന് എകദേശം അരക്കോടി രൂപയാണ് ചെലവായത്. ഉദ്യോഗസ്ഥരുടെയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്ക്. ഒരേ ഇനത്തിന്റെയും കണക്ക് പ്രത്യേകം കൃത്യമായി തയാറാക്കി വരുന്നതേയുള്ളൂ.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി സാധാരണ പോലെ ഉഷാറായി. മലയുമായുള്ള പരിചയവും ആ അന്തരീക്ഷവുമായുള്ള പൊരുത്തവും മനഃസാന്നിധ്യവുമാണ് അപകടത്തിൽപ്പെട്ടിട്ടും 45 മണിക്കൂറോളം മലപൊത്തിൽ ധൈര്യത്തോടെ നിലയുറപ്പിക്കാൻ ബാബുവിനെ സഹായിച്ചതെന്ന് സൈന്യം പോലും വിലയിരുത്തുന്നു. കുമ്പാച്ചി മല അപകടങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്പാച്ചിമലയിൽ അപകടം പതിയിരിക്കുന്ന സ്ഥലമാണ്.
മുൻപ് ട്രെക്കിങ്ങിനു പോയ രണ്ടു വിദ്യാർത്ഥികൾ ഇവിടെ മലയിൽ നിന്ന് വീണു മരിച്ചിട്ടുണ്ട്. പത്തുവർഷം മുൻപ് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മലയിൽ നിന്നു വഴുതിവീണു മരിച്ചു. ഇതിൽ രണ്ടാമത്തെ വിദ്യാർത്ഥി വീഴ്ചയ്ക്കിടെ മരത്തിൽ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് എൻജിനീയറിങ് വിദ്യാർത്ഥികൾ ട്രെക്കിങ്ങിനു പോകുമ്പോൾ കൃത്യമായ നിർദ്ദേശം നൽകുമായിരുന്നു.
മുൻ റജിസ്‌ട്രേഷൻ ഐജി കല്ലേകുളങ്ങരയിലെ പി.സി.ജോണിന്റെ മകൻ ബേബിജോൺ(22) ആണ് ട്രെക്കിങ്ങിനിടെ മലയിലെ കൊക്കയിൽ വീണുമരിച്ച മറ്റൊരു വിദ്യാർത്ഥി. 2003 മെയ് 16 ന് സുഹൃത്തുക്കളുമായി ട്രെക്കിങ്ങിനു പോയതായിരുന്നു തിരുവനന്തപുരം ലോ കോളജ് വിദ്യാർത്ഥിയായ ബേബിജോൺ. അവശനായ അയാളുടെ കൂട്ടുകാരൻ കണ്ണനെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തി. എൻജിനീയറിങ് കോളജിലെ ഒരു ജീവനക്കാരനും മലയിൽ കുടുങ്ങിയിരുന്നു. ബാബുവും സമാന അവസ്ഥകളെയാണ് മലയിൽ അതിജീവിച്ചത്.
കാൽവഴുതിവീണതിനെ തുടർന്ന് മലയുടെ പൊത്തിൽ ഇരുന്നു ബാബുതന്നെ മൊബൈലിൽ അഗ്‌നിരക്ഷാസേനയെയും പൊലീസിനെയും കൂട്ടുകാരെയുമൊക്കെ വിവരമറിയിച്ചതാണ് നിർണ്ണായകമായത്. ഒടുവിൽ കരസേനയുടെ പ്രത്യേകസംഘമെത്തി യുവാവിനെ താഴെയെത്തിക്കുകയും ചെയ്തു. തീരസംരക്ഷണസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണസേനയുമെല്ലാം അതിനു വഴിയൊരുക്കി.
ഈ മല കയറുമ്പോൾ കുറഞ്ഞത് ദിശ കൃത്യമായി അറിഞ്ഞു നീങ്ങാനുള്ള കോംപസെങ്കിലും കരുതണം. കുത്തനെയുള്ള ഭാഗത്ത് അടിതെറ്റിയാൽ അപകടം ഉറപ്പാണ്. മലയുടെ കിടപ്പറിഞ്ഞ് കരുതലോടെ മാത്രം കയറണമെന്നും കുഴപ്പം മലയ്ക്കല്ലെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. ഇത് മനസ്സിലാക്കിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും. അത് ഫലം കാണുകയും ചെയ്തു.
എൻഡിആർഎഫിന്റെ ശ്രമത്തിനുശേഷമാണ് തീരസംരക്ഷണസേനയുടെ ചേതക് ഹെലികോപ്റ്റർ നിരീക്ഷണത്തിനായി മലമ്പുഴയിൽ എത്തിയത്. ഈ ഹെലികോപ്റ്ററിനു മണിക്കൂറിന് രണ്ടുലക്ഷം രൂപയാണു ചെലവ്. വ്യോമസേനയുടെ എംഐ ഹെലികോപ്റ്ററിന് മണിക്കൂറിന് മൂന്നു ലക്ഷം രൂപയാണ് ഫീസ്. വിലമതിക്കാൻ കഴിയാത്ത സേവനം ചെയ്ത കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് ഔദ്യോഗികമായി ചെലവ് കണക്കാക്കുന്നത്.
എൻഡിആർഎഫ്, മറ്റുസംവിധാനങ്ങൾ, ഗതാഗതം തുടങ്ങിയവയും ആ സാഹചര്യത്തിൽ വേണ്ടി വന്ന മറ്റുചെലവുകൾ( ഓപ്പർച്യൂണിറ്റി കോസ്റ്റ്) തുടങ്ങിയവയ്ക്കുൾപ്പെടെ ഏകദേശം 30 ലക്ഷം രൂപ വേണ്ടിവരും. എല്ലാവിഭാഗവും പരസ്പരം ഒരുമിച്ചുനിന്ന് ഓപ്പറേഷൻ നടത്തിയെന്നതും ബാബുവിനായുള്ള രക്ഷാപ്രവർത്തനത്തിലെ പ്രത്യേകതയാണ്. ആർമിക്ക് സഹായമായത് എൻഡിആർഎഫിന്റെ റോപ്പാണ്. ഈ റോപ്പ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.
മറുനാടന് മലയാളി ബ്യൂറോ