- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെയും പിതാവിന്റെയും ഓഫീസ് ജീവനക്കാരുടെയും പേരിലേക്ക് പണം വക മാറ്റി തട്ടിപ്പ്; നാലു കൊല്ലം കൊണ്ട് തട്ടിയെടുത്തത് 1.26 കോടി രൂപ; സർക്കാർ പിരിച്ചു വിട്ട വയനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുമ്പോൾ
കൽപ്പറ്റ: ഭാര്യയുടെയും പിതാവിന്റെയും ഓഫീസിലെ ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് വക മാറ്റി നാലു കൊല്ലം കൊണ്ട് 1.26 കോടി രൂപ തട്ടിയെടുത്തതിന് സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രാമം മേടയിൽ വീട്ടിൽ ബാബു അലക്സാണ്ടറിനെ(57)യാണ് വിജിലൻസ് ഡിവൈഎസ്പി എംഎ അബ്ദുൾ റഹിമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2013 ഓഗസ്റ്റ് 30 മുതൽ 2017 നവംബർ 24 വരെ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി നോക്കുമ്പോഴാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബാബു തട്ടിപ്പ് നടത്തിയത്. അസി. ഡയറക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും ക്യാഷ് ബുക്കിൽ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ ഇയാൾ പണം പിൻവലിക്കുകയായിരുന്നു.
പിതാവ് അലക്സാണ്ടർ മുതലാളി, ഭാര്യ ലത അലക്സാണ്ടർ, ഓഫീസ് ജീവനക്കാരായ ശ്രീനിവാസൻ, ഉഷ എന്നിവരുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റി. സ്ഥാപനങ്ങളുടെ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് പണം മാറിയെടുത്തും പല പദ്ധതികളും നടപ്പാക്കിയതായി രേഖയുണ്ടാക്കിയും ഓഫീസ് ചെലവുകളിൽ കൃത്രിമം കാണിച്ചുമായിരുന്നു തട്ടിപ്പ്.
2013 ഡിസംബർ ആറു മുതൽ ക്യാഷ് ബുക്കിൽ രേഖപ്പെടുത്താതെയും കണ്ടിജന്റ് ബില്ലുകൾ ഇല്ലാതെയും 81,92075 രൂപ പിൻവലിച്ചു. പിതാവിന്റെയും ഭാര്യയുടെയും ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് 3.30 ലക്ഷം ട്രാൻസ്ഫർ ചെയ്തു. നക്ഷത്ര മീനങ്ങാടി എന്ന സ്ഥാപനത്തിന്റെ ബിൽ തയാറാക്കി 1.10 ലക്ഷം തട്ടിയെടുത്തു.
ആത്മ, പിഎംകെഎസ്വൈ എന്നീ പദ്ധതികളുടെ പേരിൽ പണം ചെലവഴിച്ചതായി കാണിച്ച് സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി. നേരത്തേ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. കൈക്കൂലിക്കേസിൽ അല്ലാതെ ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്ന സംഭവം വിരളമാണ്.
മറുനാടന് മലയാളി ബ്യൂറോ