പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്താൻ നടത്തിയത് റോപ്പുപയോഗിച്ചുള്ള അതിസാഹസിക രക്ഷാപ്രവർത്തനം. അപ്രന്റിസ് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ബാബു. അതിനാൽ തന്നെ അതീവശ്രദ്ധയോടെയാണ് ദൗത്യസംഘം ഇക്കാര്യങ്ങൾ ചെയ്തത്. ബാബുവിന്റെ ആരോഗ്യ സ്ഥിതി അടക്കം ചോദിച്ച് മനസ്സിലാക്കിയാണ് പദ്ധതി തയ്യാറാക്കിയത്. മലയാളിയായ ലെഫ്റ്റന്റ് കേണൽ ഹേമന്ത് രാജായിരുന്നു ദൗത്യസംഘത്തിലെ പ്രധാനി.

മലമ്പുഴയിലെ രക്ഷാദൗത്യത്തിൽ നിർണ്ണായകമായത് രണ്ട് സൈനികരായിരുന്നു. അതിൽ ബാലയുടെ പേര് മാത്രമാണ് പുറത്തു വന്നത്. ഇതിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും എല്ലാ സഹായവും നൽകി. പാറയിടുക്കിൽ നിന്ന് രക്ഷിച്ചത് 46 മണിക്കൂറിന് ശേഷമാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ചാണ് ബാബുവിനെ രക്ഷിച്ചത്. ബാബുവിനെ രക്ഷിച്ച ശേഷമുള്ള ചിത്രവും പുറത്തു വന്നു. കാർഗിൽ യുദ്ധ വിജയത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലെ ചിത്രം. സൈനികരും ബാബുവും ഇവിടെ ആഹ്ലാദത്തിലാണ്. ശത്രുവിനെ തുരത്താൻ മാത്രമല്ല. ഓരോ ജീവിന്റെ വിലയും ഇന്ത്യൻ സൈന്യത്തിന് അറിയാമെന്ന ഓർമ്മപ്പെടുത്തലാണ് ആ ചിത്രം

ബാബു ഇരിക്കുന്നതിന് സമീപം എത്തിയ സൈനികൻ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച ശേഷം ബാബുവിനെ മുകളിലേക്കെത്തിക്കുകയായിരുന്നു. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് ഇയാളെ ചേർത്ത് കെട്ടിയിരുന്നു. തുടർന്ന് രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. മലയിടുക്കിൽ 200 അടി താഴ്ചയിലായിരുന്നു ബാബു കുടുങ്ങിയത്. റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയർത്തിയത്.

രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും നൽകി. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിച്ച് നൽകാൻ രക്ഷാദൗത്യ സംഘത്തിന് സാധിച്ചത്. വെള്ളമാണെങ്കിൽ പോലും വലിയ അളവിൽ നൽകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. 45 മണിക്കൂറായി ബാബു വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ല. ഇത്രയും നേരം ഭക്ഷണം കഴിക്കാതിരുന്നതിനാൽ കൃത്യമായ അളവിൽ ആവശ്യമായ വെള്ളം മാത്രമാണ് നൽകിയത്.

ഇന്നലെ രാത്രിയോടൊണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തുന്നത്. ഇരുട്ടിനെ വകവെക്കാതെ അവർ മലയിലേക്ക് കയറുകയായിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്ന കരസേനയുടെ പരിചയസമ്പന്നരായ പർവതാരോഹകർ ഇന്ന് രാവിലെ മലയിൽ കുടുങ്ങിയ ബാബുവിന് അടുത്തെത്തിയിരുന്നു.

കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികർ സംസാരിച്ചു. രാവിലെ തന്നെ സംഘത്തോട് ബാബു പ്രതികരിച്ചിരുന്നു.