- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദി ബാലാ... നന്ദി.....; ബാബുവിനെ മലയിടുക്കിൽ എത്തി രക്ഷിച്ചത് ബാലാ എന്ന സൈനിക ധൈര്യം; വെള്ളവും ലഘുഭക്ഷണവും കൊടുത്ത് ആത്മധൈര്യത്തിലേക്ക് തിരികെ എത്തിച്ചു; സുരക്ഷാ ജാക്കറ്റുകൾ ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കും; എവറസ്റ്റ് കീഴടക്കിയവർ മലമ്പുഴയിൽ എത്തിയത് നിർണ്ണായകമായി; ആ രക്ഷാദൗത്യം വിജയത്തിലേക്ക്
പാലക്കാട്: നന്ദി ബാലാ.. നന്ദി.... 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. സൈനിക കമാണ്ടോയായ ബാലായാണ് ബാബുവിന് അടുത്ത് എത്തിയത്. റോപ്പ് കെട്ടി ഒന്നിലേറെ സൈനികർ താഴേക്ക് കുതിക്കുകയായിരുന്നു. ഇതിൽ ബാലാ എന്ന സൈനികനാണ് ബാബുവിന് അടുത്തെത്തിയത്. ബാബുവിന് വെള്ളവും ഭക്ഷണവും നൽകിയ ബാല എല്ലാ അർത്ഥത്തിലും രക്ഷകനായി മാറി.
'ഞങ്ങൾ എത്തി പേടിക്കേണ്ട'ന്നു കരസേനാ സംഘം പറഞ്ഞപ്പോൾ ബാബു തിരിച്ച് മറുപടി പറഞ്ഞു. 'വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട'എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാനടപടിക്രമങ്ങൾ. ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്നാണ് സേനയുടെ വിലയിരുത്തൽ, ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്. പിന്നാലെ രണ്ടും കൽപ്പിച്ച് ബാല താഴേക്കിറങ്ങി. ബാബുവിന് അടുത്ത് എത്തുകയും ചെയ്തു.
രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ബാബുവുമായി സൈനികർ സംസാരിച്ചു. ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് മുകളിൽ എത്തിക്കും. ഇനി ബാബുവിനെ മലയിടുക്കിൽനിന്നു പുറത്തെത്തിക്കുകയെന്ന ദൗത്യമാണ് സൈന്യത്തിനു മുന്നിലുള്ളത്. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജാണ് ദൗത്യ സംഘത്തെ നയിക്കുന്നത്.
മലമുകളിൽ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥർ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടർ അടക്കം ഒരു വൈദ്യ സംഘവും കാത്തുനിൽക്കുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം തുടർന്നുള്ള വൈദ്യസഹായം ഇവർ നൽകും. ബാബുവിനെ താഴെ എത്തിച്ചാലുടൻ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
സർവേ വകുപ്പിന്റെ ഡ്രോൺ സംഘവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ഇവർ ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നു. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻഡിആർഎഫ് സംഘവും മലമുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘവും ബാബുവിന് അടുത്തേക്ക് എത്താനുള്ള നീക്കത്തിലാണ്.
കരസേനയുടെ എൻജിനിയറിങ് വിഭാഗം, എൻഡിആർഎഫ് സംഘങ്ങളാണ് നിലവിൽ മലമുകളിലുള്ളത്. ഏതാനും പ്രദേശവാസികളും പർവതാരോഹണ വിദഗ്ധരും ഇവർക്കൊപ്പമുണ്ട്. ആധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങൾ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. പർവതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനിൽനിന്നുമാണ് എത്തിയത്.
തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയർ ഇറക്കി പാറയിടുക്കിൽ എത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും പിന്മാറേണ്ടി വന്നു.
ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാൻ തുടങ്ങി. 1000 മീറ്റർ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി.അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോൾ കാൽ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. വീഴ്ചയിൽ കാലിനു പരുക്കേറ്റു.
കയ്യിലുള്ള മൊബൈൽ ഫോണിൽ ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. അഗ്നിരക്ഷാ സേനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ തുടങ്ങിയതാണ് ഈ അസാധാരണ രക്ഷാപ്രവർത്തനം.
മറുനാടന് മലയാളി ബ്യൂറോ