- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്താണ് ബാബേട്ടാ എന്ന ചോദ്യത്തോടെ ആരാധകർ; ഇന്ത്യൻ ടീം വിജയിച്ചപ്പോൾ വീണ്ടും നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ച സന്തോഷം പങ്കിടുന്നത് യുകെ മലയാളിയായ ബാബു കാരത്തുവീട്ടിൽ; 22 വർഷം മുൻപ് ശ്രീശാന്തിനൊപ്പം നെറ്റ് ബൗളറായ മലയാളി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനൊപ്പം
ലണ്ടൻ: നിർമൽ പാലാഴി എന്ന കൊമേഡിയൻ വഴി മലയാളി പറഞ്ഞു രസിക്കുന്ന എന്താണ് ബാബേട്ടാ എന്ന ഡയലോഗ് യുകെ മലയാളികൾക്കിടയിലും ഇനി പറയേണ്ടി വരും. കാരണം ഇംഗ്ലണ്ട് ടൂർ നടത്തുന്ന ഇന്ത്യൻ ടീമിന് വേണ്ടി രണ്ടു ദിവസം നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ച ബാബു എറിഞ്ഞ യോർക്കറും പേസും ഒക്കെ തടുത്തിടുന്നതിൽ വിഷമിക്കുന്ന ഇന്ത്യൻ ബാറ്റസ്മാന്മാർ മനസ്സിൽ എങ്കിലും പറഞ്ഞേക്കും എന്താണ് ബാബേട്ടാ ഇങ്ങനെയൊക്കെയെന്ന്.
എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സര ശേഷം ഇന്ത്യൻ ടീം സൗത്താംപ്ടണിൽ ടി 20 മത്സരങ്ങൾക്കെത്തിയപ്പോഴാണ് കൗണ്ടി ക്രിക്കറ്റിൽ മികച്ച ഫോമിൽ നിൽക്കുന്ന ബാബു കാരത്തുവീട്ടിലിനു നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ചത്. എന്നാൽ ബാബുവിന് തന്നെ ഇക്കാര്യം അവിശ്വസനീയമാക്കിയത് 22 വർഷങ്ങൾക്ക് ശേഷവും താൻ ഫീൽഡിൽ ഉണ്ടല്ലോ എന്ന സ്വയം ഓർമ്മപ്പെടുത്തലാണ്. കാരണം 22 വർഷം മുൻപ് കൊച്ചി റിഫൈനറി കളിക്കാരൻ ആയിരുന്ന ബാബുവാണ് അന്ന് ഇന്ത്യയും സിംബാബ് വേയും തമ്മിൽ നടന്ന മത്സരത്തിൽ സിംബാബ് വേയ്ക്ക് വേണ്ടി പിന്നീട് ഇന്ത്യൻ ടീമിൽ എത്തിയ ശ്രീശാന്തിനൊപ്പം നെറ്റ് ബൗളറായി എത്തിയത്.
ഇത്രയും സീനിയറായ കളിക്കാരൻ ആണെന്ന് നെറ്റ് ബൗളിങ് പരിശീലനത്തിന് സൗത്താംപ്ടണിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമ്പോൾ ആരും തിരിച്ചറിഞ്ഞിരുന്നില്ല. സഞ്ജു സാംസണ് മാത്രമാണ് ബാബുവിന്റെ പ്രായം സംബന്ധിച്ച് ചെറിയൊരു ഊഹം ഉണ്ടായിരുന്നത്. കാരണം ടിനു യോഹന്നാന്റെ ഒക്കെ കൂടെ കളിച്ചിട്ടുള്ള ബാബു കാരത്തുവീട്ടിൽ പ്രായത്തിൽ നന്നേ സീനിയർ ആണെന്ന് സഞ്ജുവിന് വ്യക്തമായിരുന്നു. മറ്റു കളിക്കാരൊക്കെ ഒരു മുപ്പതിൽ എത്തിയ ക്രിക്കറ്റർ എന്ന ചിന്തയിലാണ് ബാബുവിനെ നേരിട്ടത്. എന്നാൽ പരിശീലനത്തിനൊടുവിൽ ബാബുവിന്റെ പ്രായം തിരിച്ചറിഞ്ഞ ചില കളിക്കാരെങ്കിലും ഈ പ്രായത്തിലും ഇത്രയും സൂക്ഷ്മതയോടെ പന്തെറിയുന്നതെങ്ങനെ എന്നാണ് ബാബുവിനോട് ചോദിച്ചത്.
സീസണിലെ മികച്ച കളിക്കാരിൽ ഒരാളായി മാറിയ ബാബുവിനെ കുറിച്ച് കഴിഞ്ഞ വർഷം മാത്രമാണ് യുകെ മലയാളികൾ ക്രിക്കറ്റിനെ ഇത്രയും ഗൗരവത്തിൽ സ്നേഹിക്കുന്ന ഒരാൾ യുകെ മലയാളികൾക്കിടയിൽ ഉണ്ടെന്നു തിരിച്ചറിയുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സീസണിലും ലീഗ് മുൻ നിര കളിക്കാരൻ തന്നെയാണ് ബാബു. വെറും പത്തു കളികളിൽ നിന്നും തന്നെ 22 വിക്കറ്റ് സ്വന്തമാക്കിയ ബാബുവിനെ കൗണ്ടി ക്രിക്കറ്റ് ബോർഡാണ് ഇന്ത്യൻ ടീം പ്രാദേശികമായി മികച്ച ഒരു കളിക്കാരനെ ലഭിക്കുമോ എന്ന അന്വേഷണത്തിൽ ബാബുവിന്റെ പേര് ശുപാർശ ചെയ്തത്. സ്വന്തം നാട്ടിൽ ഇന്ത്യൻ ടീം എത്തിയപ്പോൾ കളി കാണാൻ പോകണം എന്ന് കരുതിയിരുന്ന ബാബുവാകട്ടെ അവർക്കൊപ്പം പരിശീലന വേളയിൽ പന്തെറിയാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നുമില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബ്രിട്ടനിലെ വിവിധ ക്ലബുകൾക്ക് വേണ്ടി ഒന്നാം നിര ക്രിക്കറ്റ് കളിക്കുന്ന കാസർഗോഡ് നീലേശ്വരം സ്വദേശി ബാബു കാരത്തു വീട്ടിൽ എന്ന യുവാവാണ് ഇപ്പോൾ സതേൺ പ്രീമിയർ ലീഗിലെ താരം. സീസണിൽ ബാബു അംഗമായ അൻഡോവർ ക്രിക്കറ് ക്ലബിന് വേണ്ടി കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ബാബു നടത്തുന്നത്. കഴിഞ്ഞ സീസണിൽ തിളങ്ങിയ ബാബുവിന്റെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു എന്നാണ് ബ്രിട്ടീഷ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ക്രിക്കറ്റിന് വേണ്ടി ചെയ്യാത്ത കാര്യങ്ങളില്ല, പത്രം വിറ്റു പണം നേടി ആദ്യ ബാറ്റും ബോളും
താൻ പിറന്ന് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ നഷ്ടമായ ബാബു പിന്നെ വളർന്നത് അമ്മാവന്റെ തണലിലാണ്. അമ്മാവന്റെ മകനും യുകെ മലയാളിയും ചലച്ചിത്ര പ്രവർത്തകൻ കൂടിയായ രഞ്ജി വിജയന്റെ വീടായിരുന്നു ബാബുവിനും സഹോദരങ്ങൾക്കും അമ്മയ്ക്കും ആശ്രയം ആയത്. ആ ഒരു സാഹചര്യത്തിൽ തന്റെ സ്വപ്നങ്ങൾ ഒന്നും ആരോടും പറയാൻ അന്നത്തെ കുട്ടിക്ക് കഴിയുമായിരുന്നില്ല. പക്ഷെ പത്ര വിതരണം വരെ ചെയ്തിട്ടുണ്ടെന്നു ബാബു ഇപ്പോൾ ഓർമ്മിക്കുന്നു. അങ്ങനെയാണ് വിലകൂടിയ ബാറ്റും ബോളും ഒക്കെ വാങ്ങുന്നത്. കാസർഗോഡ് ക്രിക്കറ്റിനോട് അൽപം കൂടുതൽ ആരാധകർ ഉള്ളതും പ്രാദേശിക ക്രിക്കറ്റ് ക്ലബ് ആയിരുന്ന തളങ്കര ക്രിക്കറ്റ് ക്ലബിൽ കളിക്കാൻ തുടങ്ങിയതുമൊക്കെയാണ് ഇന്നത്തെ ബാബുവിനെ സൃഷ്ടിച്ചത്.
തലവര മാറ്റിയത് കണ്ണൻ മാഷ്, വഴിത്തിരിവായത് അണ്ടർ 13 സെലക്ഷൻ
സ്‌കൂളിൽ സ്പോർട്സ് അദ്ധ്യാപകൻ ആയിരുന്ന കണ്ണൻ മാഷാണ് തന്നിൽ ഒരു ക്രിക്കറ്റർ ഉണ്ടെന്നു ആദ്യം കണ്ടെത്തിയതെന്ന് ബാബു ഓർമ്മിക്കുന്നു. അന്ന് കൊച്ചിയിൽ നടന്ന സെലക്ഷനിൽ പങ്കെടുത്തു കനത്ത മഴയിൽ ബോൾ എറിഞ്ഞു നിലത്തു വീണു കയ്യൊടിഞ്ഞത് മിച്ചം. സിലക്ഷൻ കിട്ടാതെ പോയി. വീണ്ടും ആ വർഷം തന്നെ സ്റ്റേറ്റ് അണ്ടർ 13 സിലക്ഷനിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. സിലക്ഷൻ ദിവസമാണ് ആദ്യമായി ഹാർഡ് ബോൾ കൈകൊണ്ടു തൊട്ടത് എന്നും ബാബു ഓർമ്മിക്കുന്നു. പിന്നെ നേരെ ചെപ്പോക് സ്റ്റേഡിയത്തിലേക്ക് പരിശീലനം. തുടർന്ന് എം ആർ എഫ് പീസ് ഫൗണ്ടേഷൻ സിലക്ഷനും മുൻ ആസ്ട്രേലിയൻ താരം ഡെന്നിസ് ലൂയിയുടെ കീഴിൽ ഉള്ള വിദഗ്ധ പരിശീലനവും.
അവിടെ കഴിഞ്ഞ പത്തു വർഷത്തോളം സമയമാണ് തന്നെ യുകെ വരെ എത്തിക്കാൻ സഹായം ആയതെന്നും ബാബു മറക്കുന്നില്ല. അക്കാലത്ത് ഒരുപാട് പ്രാദേശിക മത്സരങ്ങളിൽ തിളങ്ങാനായി. ഇന്ത്യയിൽ പലയിടത്തും കളിക്കാനായി. പൂജ ക്രിക്കറ്റ്, കോർമണ്ഡൽ കപ്പ്, കെം പ്ലാസ് കപ്പ് എന്നിവയിലൊക്കെ മിന്നുന്ന പ്രകടനങ്ങൾ. അങ്ങനെയാണ് മുംബൈ കലാവതി ക്ലബിൽ കളിച്ചിരുന്ന സുഹൃത്ത് വഴി യുകെയിൽ പരിശീലനത്തിനും കളിയാക്കാനും അവസരം ഒരുങ്ങിയത്. വിമാനക്കൂലി മാത്രമാണ് കളിക്കാർ കണ്ടെത്തേണ്ടിയിരുന്നത്. ബാക്കിയൊക്കെ സ്‌പോൺസർഷിപ്പ്. അക്കാലത്തു മീൻ കൂട്ടിയുള്ള ഊണിന് അഞ്ചു രൂപയുള്ളപ്പോൾ തനിക്കു പതിനായിരം രൂപയുടെ വാർഷിക സ്‌പോൺസർഷിപ്പ് കിട്ടിയിരുന്നു എന്നതൊക്കെ ബാബുവിന്റെ മനസിലെ ക്രീസിൽ പച്ചപിടിച്ചു കിടപ്പുണ്ട്.
മുംബൈയിൽ നിന്നും കളിക്കാനെത്തി, ജീവിതം യുകെയുടെ മണ്ണിലേക്ക്
ഏകദേശം 20 വർഷം മുൻപേ മുംബൈയിൽ നിന്നും പ്രാദേശിക ക്ലബ് വഴി ഇംഗ്ലണ്ടിൽ കളിക്കാനെത്തിയ ബാബു കാരോത്തുവീട്ടിൽ അന്നത്തെ ടൂർ കഴിയുമ്പോഴേക്കും ഷെഫീൽഡിൽ റോതെർഹാം പ്രാദേശിക ക്ലബുമായി സഹകരണത്തിൽ എത്തിയിരുന്നു. തുടർന്ന് കുറേക്കാലം അവർക്കു വേണ്ടി കളിച്ചു. ഇതിനിടെയിൽ യുകെയിൽ തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിനിടയിൽ നാലു വർഷത്തോളം കരിയർ ബ്രേക്ക്. എന്നിട്ടും ശക്തമായി കളിക്കളത്തിലേക്കു തന്നെ തിരിച്ചു വന്നു.
ഇപ്പോൾ പത്തു വർഷത്തോളമായി അൻഡോവർ ക്രിക്കറ്റ് ക്ലബിന്റെ ബൗളിങ് മുഖമാണ് ഈ മലയാളി. ഇതിനിടയിൽ ഹോസ്പിറ്റലിൽ മെഡിക്കൽ ടെക്നിഷ്യൻ ആയി ജോലി ലഭിച്ച ബാബു ആൻഡോവറിൽ തന്നെ താമസമാക്കുകയും ചെയ്തു. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ബാബു അറിയപ്പെടുന്ന താരം ആണെങ്കിലും കളിക്കും ജീവിതത്തിനും ഇടയിൽ ഉള്ള ഓട്ടത്തിൽ മലയാളി സമൂഹത്തിൽ സികസർ അടിച്ചു കയറാൻ ഈ കളിപ്രേമിക്ക് അധികം അവസരം ലഭിച്ചിട്ടില്ല.
ജീവിതത്തിലേക്ക് സിക്സർ അടിച്ചു കയറിയത് ഇംഗ്ലീഷുകാരി എലനോറ
കളിക്കളത്തിൽ ബാബുവിന്റെ പ്രകടനം നേരിട്ട് കണ്ടാണ് ഇംഗ്ലീഷ് യുവതി എലനോറ ഈ കളിക്കാരന്റെ ജീവിതത്തിലേക്കും സിക്സർ അടിച്ചു കയറിയത്. ഇപ്പോൾ പത്തുവർഷമായി എവിടെയും കൂട്ടിനുണ്ട് എലാനോറയും പത്തുവയസുകാരൻ മകൻ ഓസ്‌കറും. ബ്രിട്ടീഷ് പ്രവിശ്യയായ സെന്റ് ഹെലൻ സ്വദേശിയാണ് എല്ലനോറ. എവിടെ കളിയുണ്ടെങ്കിലും ഇന്നും ഗ്രൗണ്ടിൽ ബാബുവിന് വേണ്ടി കയ്യടിക്കാൻ എല്ലനോറ കൂട്ടിനുണ്ട്.
മൈതാനത്തിന്റെ മൂലയിൽ എവിടെയെങ്കിലും ഒരു കസേര വലിച്ചിട്ടിരുന്നു പ്രോത്സാഹിപ്പിക്കാൻ അവർക്കു കഴിയുന്നത് സ്പോർട്സിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടായിരിക്കണം എന്നാണ് ബാബു കരുതുന്നത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.