ആലപ്പുഴ: യുവതിയെ ട്രെയിനിൽ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത ശേഷം ഒളിവിൽ കഴിയുന്ന പ്രതിയെന്ന് പറയുന്ന നൂറനാട് സ്വദേശി ബാബുക്കുട്ടൻ കൊടും ക്രിനിലെന്ന് പൊലീസ്. തീവണ്ടിയിൽ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനാണ് രണ്ട് ദിവസം മുമ്പ് നടന്ന ആക്രമണവും. സൗമ്യക്കേസിൽ ഗോവിന്ദചാമി ചെയ്തതിന് സമാനമാണ് ഇവിടേയും സംഭവിച്ചത്. എന്നാൽ ഭാഗ്യ കൊണ്ട് യുവതി രക്ഷപ്പെട്ടു. തീവണ്ടികളിൽ കവർച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടൻ എന്നാണ് പൊലീസും പറയുന്നത്.

നിരവധി മോഷണക്കേസുകളും സ്ത്രീപീഡനക്കേസും ഇയാൾക്കെതിരെയുള്ളതായാണ് പൊലീസ് പറയുന്നത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് ലക്ഷങ്ങൾ കവർന്ന കേസും, അയൽവാസിയായ യുവതിയെ കടന്നു പിടിച്ച് പീഡന ശ്രമം നടത്തിയതുമായ കേസും ഉണ്ട്. ഇത് കൂടാതെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ കേസുകൾ വേറെയും. മോഷണക്കേസിൽ ഒന്നര വർഷത്തോളം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിറങ്ങി 3 മാസം പിന്നിടുമ്പോഴാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വർണം കവർന്നെടുത്തത്.

2020 ലാണ് അയൽവാസിയായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷമാണ് 4 ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിന് കോടതി ശിക്ഷിച്ചത്.

ശിക്ഷ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഇയാൾ വീട്ടിൽ തിരിച്ചെത്തിയെങ്കിലും അധിക ദിവസം ഇവിടെ തങ്ങിയില്ല. ഇവിടെ നിന്നും പോയ ശേഷം വീട്ടുകാർക്ക് യാതൊരു അറിവും ഇല്ലാ എന്നാണ് പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പറഞ്ഞത്. ബാബുക്കുട്ടന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭർത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിൽ താമസിക്കുകയാണ്. ഇയാൾ വടകരയിൽ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് പൊലീസ് അവിടെയെത്തിയെങ്കിലും യാതൊരു അറിവുമില്ലെന്നാണ് അവർ അറിയിച്ചത്.

ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്തു. തീവണ്ടിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആറാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ അവധിക്കാല ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന നടപടികൾ സംസ്ഥാന പൊലീസ് മേധാവിയും ചെന്നൈ റെയിൽവേ സുരക്ഷാ കമ്മിഷണറും സംയുക്ത യോഗം ചേർന്ന് തീരുമാനിക്കണം.

ഇതിലെടുക്കുന്ന തീരുമാനങ്ങൾ ആറാഴ്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. റെയിൽവേ സുരക്ഷാ കമ്മിഷണറെയും കേസിൽ കക്ഷി ചേർത്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. വിഷയം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിൽ വെള്ളിയാഴ്ച രാവിലെ സ്വമേധയാ കേസെടുത്ത കോടതി സർക്കാരിന്റെ അടിയന്തര വിശദീകരണം തേടുകയായിരുന്നു. ഉച്ചയ്ക്ക് വീണ്ടും പരിഗണിച്ചപ്പോൾ കേസിൽ പ്രതിയെന്ന് കരുതുന്ന നൂറനാട് സ്വദേശി ബാബുക്കുട്ടൻ ഉടൻ പിടിയിലാകുമെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി അറിയിച്ചു. തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചെന്നൈ റെയിൽവേ സേഫ്റ്റി കമ്മിഷണറുമായി പൊലീസ് നിരന്തരമായി ചർച്ചനടത്തുന്നുണ്ടെന്നും അറിയിച്ചു.

അതേ സമയം പ്രതിക്കായി ഇന്നും നാളെയും തിരച്ചിൽ ഊർജിതമാക്കാൻ റെയിൽവേ പൊലീസ്. ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളിലെന്നതിനാൽ പരിശോധനയ്ക്കു സാവകാശവും സൗകര്യവും ലഭിക്കുമെന്നാണ് ഇൻസ്പെക്ടർ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതിക്കായി റെയിൽവേ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചരുന്നു. മുളന്തുരുത്തി സ്നേഹനഗർ സ്വദേശി ആശയാണു ബുധനാഴ്ച രാവിലെ 8.45നു ട്രെയിനിൽ മോഷണത്തിനും ആക്രമണത്തിനും ഇരയായത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്നു വീണു പരുക്കേറ്റ യുവതിയെ ഇന്നലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ലഘു ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

പ്രതിയെ സംഭവ ദിവസം സ്റ്റേഷനിൽ കണ്ടതായി ഒരു ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. യുവതി ട്രെയിനിൽ നിന്നു വീണ ഒലിപ്പുറത്ത് യുവതിയെ രക്ഷിക്കാനെത്തിയ നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തി.