- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ റോപ്പിൽ കമാണ്ടോകൾ താഴേക്ക് കുതിക്കും; ബാബുവിന് അടുത്തെത്തി രക്ഷാകവചങ്ങൾ ധരിപ്പിക്കും; അതിന് ശേഷം രണ്ടു പേരും ചേർന്ന് വടത്തിലൂടെ താഴേക്ക്; കുറമ്പാച്ചി മലയിൽ സൈന്യം നടത്താൻ പോകുന്നത് സമാനതകളില്ലാത്ത രക്ഷാ ദൗത്യം; ചെങ്കുത്തായ മല കണ്ട് ഞെട്ടി എവറസ്റ്റ് സംഘവും; റാപ്പിലിംഗിൽഎല്ലാം ശുഭമാകും
പാലക്കാട്: ബാബുവിനെ രക്ഷിക്കുകയെന്നത് അതിസാഹസികമാകുമെന്ന് സൈന്യത്തിന്റെ വിലയിരുത്തൽ. മലയുടെ നടുക്കാണ് ബാബു ഉള്ളത്. മുകളിൽ നിന്നും താഴെ നിന്നും വശങ്ങളിൽ നിന്നും രക്ഷിക്കാനാകില്ല. അതുകൊണ്ട് തന്നെ രക്ഷിക്കേണ്ട വ്യക്തി ബാബുവിന് അടുത്ത് എത്തണം. അറുന്നൂറ് മീറ്റർ നീളമുള്ള വടം കെട്ടി ബാബുവിന്റെ അടുത്ത് എത്തും. അതിന് ശേഷം സുരക്ഷാ ഉപകരണങ്ങൾ ബാബുവിനെ ധരിപ്പിക്കണം. പിന്നെ ബാബുവുമായി താഴേക്ക്. വമ്പൻ കെട്ടിടങ്ങളിലും മറ്റും നടത്തുന്ന തരത്തിലെ രക്ഷാപ്രവർത്തനമാണ് സൈന്യം പദ്ധതിയിടുന്നത്. പാരാ കമാണ്ടോകൾ അടക്കം മല കയറിയിട്ടുണ്ട്.
മലമ്പുഴ കൂറുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുന്നതോടെയാണ് റാപ്പിലിംഗിലേക്ക് ചർച്ച എത്തുന്നത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കൾക്കൊപ്പം മല കയറിയതും കാൽവഴുതി താഴേക്കു വീണ് മലയിടുക്കിൽ കുടുങ്ങിയതും. രാത്രിയോടെ പൊലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാൻ സാധിച്ചില്ല. അതോടെ രാത്രി മലമുകളിൽ തന്നെ സംഘം ക്യാംപ് ചെയ്തു. വന്യമൃഗങ്ങൾ വരാതിരിക്കാൻ തീപ്പന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ബാബു മലയിടുക്കിൽ കുടുങ്ങിയത്. 30 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ കഴിച്ചിട്ടില്ല. ബാബുവിന്റെ ആരോഗ്യ സ്ഥ്തിയെക്കുറിച്ച് ഭയപ്പെടാനില്ലെന്നു കലക്ടർ ഉറപ്പുനൽകുമ്പോഴും ഇത്രയും സമയം ജലപാനമില്ലാതെ കഴിച്ചുകൂട്ടിയതിനാൽ ബാബു അതീവ ക്ഷീണിതനാകാനുള്ള സാധ്യതയുണ്ട്. ഇനിയും വൈകിയാൽ ബാബു ബോധരഹിതനാകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ലെന്നു സുരക്ഷാ ദൗത്യത്തിലുള്ളവർ പറയുന്നു. അങ്ങനെ വന്നാൽ കാര്യങ്ങൾ കൂടുതൽ പ്രയാസമാകും. അതുകൊണ്ട് തന്നെ അതിവേഗ രക്ഷാ പ്രവർത്തനമാകും നടത്തുക. കേരളത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലെ രക്ഷാപ്രവർത്തനമാണ് ഇത്.
രക്ഷാദൗത്യത്തിനായി മലമ്പുഴയിലെ പരിസര പ്രദേശത്തുള്ള ആദിവാസികളെ നിയോഗിക്കണമെന്ന് നാട്ടുകാരിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുള്ള മലകളും ഭൂപ്രകൃതിയും കൃത്യമായി അറിയാവുന്ന ഇവർക്ക് രക്ഷാദൗത്യത്തിൽ കാര്യമായി സഹായിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ വാദം. ഇതനുസരിച്ച് ആദിവാസികളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇവരുടെ സഹായവും ഉപദേശവും സൈന്യവും സ്വീകരിക്കും. ഡോക്ടർമാരുടെ സംഘവും മലയ്ക്ക് താഴെയുണ്ട്.
യുവാവിന് ഭക്ഷണവും വെള്ളവും മെഡിക്കൽ സൗകര്യവും എത്തിക്കാനാണ് ആദ്യ ശ്രമം. മലയിടുക്കിൽ നിന്നു യുവാവിനെ ബുധനാഴ്ച രാവിലെ പുറത്തെത്തിക്കാനാണ് തീരുമാനം. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ടണിൽ നിന്ന് എത്തിയിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്ത് എത്തുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് ജിഒസി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ നീക്കം. ഹെലികോപ്റ്റർ എത്തി സ്ഥലം നിരീക്ഷിച്ചശേഷം മടങ്ങി. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. മലയിൽ കുടുങ്ങിയിട്ടു രണ്ടു രാത്രിയും ഒരു പകലും കഴിഞ്ഞിട്ടും ബാബുവിനു വെള്ളമോ ഭക്ഷണമോ എത്തിക്കാനായിട്ടില്ല. നാവികസേനയോട് ജില്ലാ ഭരണകൂടം സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഹെലികോപ്റ്റർ സ്ഥലത്തെത്തിയിരുന്നു. എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിനുണ്ട്. യുവാവിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പാലക്കാട് കലക്ടർ മനോരമ ന്യൂസിനോട് പറഞ്ഞു.
ബാബു തന്നെയാണ് അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ എടുത്ത് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്. ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ചെറാട് സ്വദേശിക്ക് പരുക്കേറ്റിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ