- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ കാലാവധി കഴിഞ്ഞ വിദേശ പൗരനെ എമിഗ്രേഷനിൽ തടഞ്ഞപ്പോൾ അയാൾക്കു വേണ്ടി ശ്രീലേഖ ഇടപെട്ടു; വാർത്ത വരാതിരിക്കാൻ സമ്മർദ്ദം ചെലുത്തി; മാധ്യമം ദിനപത്രം ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് സി രാധാകൃഷ്ണൻ രാജിവയ്ക്കാൻ കാരണം ആർ ശ്രീലേഖ എന്ന് മുൻ ഡപ്യൂട്ടി എഡിറ്റർ
കോഴിക്കോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നിരപരാധിയാണെന്ന തരത്തിലുള്ള മുൻ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. ശ്രീലേഖയെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു. അതിനിടെ, മാധ്യമം ദിനപത്രം ചീഫ് എഡിറ്റർ സ്ഥാനത്ത് നിന്ന് സി രാധാകൃഷ്ണൻ രാജിവയ്ക്കാൻ കാരണം ആർ ശ്രീലേഖയാണെന്ന് മുൻ ഡപ്യൂട്ടി എഡിറ്റർ ബാബുരാജ് കൃഷ്ണന്റെ ഫേസ്‌ബുക്ക് കുറിപ്പ്. വിസ കാലാവധി കഴിഞ്ഞ വിദേശ പൗരനെ എമിഗ്രേഷനിൽ തടഞ്ഞപ്പോൾ അയാൾക്കു വേണ്ടി ശ്രീലേഖ ഇടപെട്ടുയെന്ന വാർത്ത മാധ്യമത്തിൽ അച്ചടിച്ചു വന്നതിന് പിന്നാലെ നടന്ന സംഭവവികാസങ്ങളാണ് ബാബുരാജ് കൃഷ്ണൻ വിവരിക്കുന്നത്.
'ആദ്യ വാർത്ത വന്നപ്പോൾ ചീഫ് എഡിറ്റർ രാധാകൃഷ്ണൻ സാറിനെ ശ്രീലേഖ വിളിച്ചു. ഫോളോ അപ് വരാതെ നോക്കാം എന്നദ്ദേഹം ഉറപ്പു കൊടുത്തു. പിറ്റേന്നും വാർത്ത വന്നു. അന്നു ശ്രീലേഖ വിളിച്ചപ്പോൾ ഇനി മാധ്യമത്തിൽ വാർത്ത വന്നാൽ ചീഫ് എഡിറ്റർ സ്ഥാനത്തു താൻ ഉണ്ടാകില്ലെന്നു രാധാകൃഷ്ണൻ സാർ അവരോട് പറഞ്ഞു. എഡിറ്റർ ഒ അബ്ദുറഹ്മാൻ സാഹിബിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. കോഴിക്കോട് ന്യൂസ് എഡിറ്ററായ ഞാനോ കൊച്ചി ഡെസ്‌കിലോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. എഡിറ്റർ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല.''- ബാബുരാജ് പറഞ്ഞു.
ബാബുരാജ് കൃഷ്ണന്റെ പോസ്റ്റ് പൂർണരൂപം:
സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ മുൻ ഡിജിപി നടത്തിയ വെളിപ്പെടുത്തൽ ദിലീപിന് വേണ്ടിയുള്ള ക്വട്ടേഷൻ ആണെന്നേ ഞാൻ കരുതുന്നുള്ളൂ. നടി ആക്രമിക്കപ്പെട്ട കേസ് ഒരു നിർണായക ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ അതു അട്ടിമറിക്കുക എന്ന ഗൂഢ ലക്ഷ്യം ഇതിനു പിന്നിൽ ഉണ്ടായിരിക്കണം. പൊടുന്നനെ ശ്രീലേഖ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ അവരുമായി ബന്ധപ്പെട്ട ഒരു സംഭവം എന്റെ ഓർമ്മയിലും തെളിഞ്ഞു വന്നു.
പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ മാധ്യമം ചീഫ് എഡിറ്റർ സ്ഥാനം രാജി വെക്കാൻ കാരണഭൂത ശ്രീലേഖ ഐ പി എസ് ആണെന്ന് അറിയുന്നവർ വിരളമാണ്. ഞാൻ അന്നു മാധ്യമം കോഴിക്കോട് സെൻട്രൽ ന്യൂസ് ഡെസ്‌കിന്റെ ചുമതല വഹിക്കുന്ന ന്യൂസ് എഡിറ്ററാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിസ കാലാവധി കഴിഞ്ഞ വിദേശ പൗരത്വം ഉള്ളയാളെ എമിഗ്രേഷനിൽ തടഞ്ഞു വെച്ചപ്പോൾ അയാൾക്കു വേണ്ടി ശ്രീലേഖ ഐ പി എസ് ഇടപെട്ടു എന്ന വാർത്ത മാധ്യമത്തിൽ അച്ചടിച്ചു വന്നു.
അന്നു മധ്യമേഖലയിൽ ഉയർന്ന പദവിയിലാണ് അവർ എന്നാണോർമ്മ. നെടുമ്പാശ്ശേരി ലേഖകൻ ബേബി അയച്ച വാർത്ത കൊച്ചി ഡെസ്‌കിൽ നിന്നു വന്നപ്പോൾ ജനറൽ പേജിൽ കൊടുത്തു. എമിഗ്രേഷൻ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ കെ ഇ ജോയ്, ശ്രീലേഖയുടെ വാക്കാൽ നിർദ്ദേശം അനുസരിക്കാൻ തയ്യാറായില്ല.
ശ്രീലേഖ സമ്മർദ്ദം ചെലുത്തിയപ്പോൾ ഫാക്സിൽ ഉത്തരവ് അയക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ വിസ പുതുക്കി വന്ന ശേഷമാണ് വിദേശ പൗരത്വം ഉള്ളയാളെ പോകാൻ അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട മൂന്നു വാർത്തകളാണ് അടുത്തടുത്ത ദിവസങ്ങളിൽ മാധ്യമത്തിൽ വന്നത്. മറ്റു പത്രങ്ങൾ എന്തു കൊണ്ടോ ആദ്യ ദിവസം ഇതു തമസ്‌കരിച്ചു. ആദ്യ വാർത്ത വന്നപ്പോൾ ചീഫ് എഡിറ്റർ രാധാകൃഷ്ണൻ സാറിനെ ശ്രീലേഖ വിളിച്ചു. ഫോളോ അപ് വരാതെ നോക്കാം എന്നദ്ദേഹം ഉറപ്പു കൊടുത്തു. പിറ്റേന്നും വാർത്ത വന്നു. അന്നു ശ്രീലേഖ വിളിച്ചപ്പോൾ ഇനി മാധ്യമത്തിൽ വാർത്ത വന്നാൽ ചീഫ് എഡിറ്റർ സ്ഥാനത്തു താൻ ഉണ്ടാകില്ലെന്നു രാധാകൃഷ്ണൻ സാർ അവരോട് പറഞ്ഞു. എഡിറ്റർ ഒ അബ്ദുറഹ്മാൻ സാഹിബിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. കോഴിക്കോട് ന്യൂസ് എഡിറ്ററായ ഞാനോ കൊച്ചി ഡെസ്‌കിലോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. എഡിറ്റർ ഇങ്ങനൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല.
വസ്തു നിഷ്ഠവും സത്യസന്ധവുമാണെങ്കിൽ ഏതൊരു വാർത്തയും ആർക്കെതിരെ ആണെങ്കിലും കൊടുത്തിരിക്കണമെന്നും സ്വാധീനത്തിനോ സമ്മർദ്ദത്തിനോ വഴിപ്പെട്ടു ഒരു വാർത്തയും തമസ്‌കരിക്കരുതെന്നുമായിരുന്നു അന്നു മാധ്യമത്തിന്റെ ഉറച്ച നിലപാട്. അന്നു മാധ്യമത്തിന്റെ ഐക്കൺ ആയിരുന്ന ഒ ബ്രദേഴ്സ് ( ഒ അബ്ദുറഹ്മാൻ, ഒ അബ്ദുല്ല ) ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിച്ചതുകൊണ്ടാണ് പൊതു സമൂഹം അംഗീകരിക്കുന്ന പത്രമായി വളരെ പെട്ടെന്ന് മാധ്യമം മാറിയത്. വരാൻ പോകുന്ന വാർത്ത കൊടുക്കരുത് എന്നു മുൻകൂട്ടി എന്നോട് പറയാനുള്ള വിഷമം കൊണ്ടോ അതോ മറവി കൊണ്ടോ, അബ്ദുറഹ്മാൻ സാഹിബ് അതെന്നോട് പറഞ്ഞില്ല. മൂന്നാമത്തെ വാർത്ത വന്ന ദിവസം സി രാധാകൃഷ്ണൻ സാർ രാജി വെച്ചു എന്ന വിവരം എന്നെ ഞെട്ടിച്ചു. ഇനിയും ഫോളോ അപ് വന്നാൽ മാധ്യമത്തിൽ താൻ ഉണ്ടാകില്ല എന്ന വാക്കു പാലിക്കുകയായിരുന്നു അദ്ദേഹം. അതു അദ്ദേഹത്തിന്റെ ഔന്നത്യത്തിന്റെ തെളിവാണ്.
ചെയർമാൻ കെ എ സിദ്ദിഖ് ഹസ്സൻ സാഹിബ് അഭ്യർത്ഥിച്ചത് പ്രകാരം അടുത്ത ദിവസം രാധാകൃഷ്ണൻ സാർ വെള്ളിമാടുകുന്നിലെ ഓഫിസിൽ വന്നു. ബോർഡ് റൂമിലെ സംഭാഷണത്തിനിടയിൽ എന്നെ അവിടേക്കു വിളിപ്പിച്ചു. സിദ്ദിഖ് ഹസ്സൻ സാഹിബ്, വി കെ ഹംസ സാഹിബ്, ഒ അബ്ദുറഹ്മാൻ സാഹിബ്, അബ്ദുല്ല സാഹിബ് തുടങ്ങിയവർ അവിടെയുണ്ട്. എന്നോട് ഇരിക്കാൻ പറഞ്ഞ ശേഷം ചീഫ് എഡിറ്റർ കൊടുക്കരുതെന്ന് പറഞ്ഞ വാർത്ത പത്രത്തിൽ വന്ന സാഹചര്യം സിദ്ദിഖ് സാഹിബ് തിരക്കി. എനിക്ക് അതേപ്പറ്റി ഒരു അറിവുമില്ലെന്നു മറുപടി പറഞ്ഞതിന് പിന്നാലെ ഞാൻ നടത്തിയ പ്രസ്താവന രാധാകൃഷ്ണൻ സാറിനെ ചൊടിപ്പിച്ചു.
വാർത്ത വരില്ലെന്ന് ശ്രീലേഖ ഐ പി എസിനു അദ്ദേഹം ഉറപ്പ് കൊടുത്തത് തെറ്റായിപ്പോയി എന്നാണ് ഞാൻ പറഞ്ഞത്. ചീഫ് എഡിറ്റർ അങ്ങിനെ ഒരുറപ്പ് ഐ ജി ക്കു കൊടുത്താൽ ബ്യുറോ ചീഫുമാർ കമ്മീഷണർമാർക്കും ലേഖകന്മാർ എസ് ഐമാർക്കും ഉറപ്പ് കൊടുക്കില്ലേ എന്നു ഞാൻ ചോദിച്ചതോടെ ഇനി ഒന്നും കേൾക്കേണ്ട എന്നു രാധാകൃഷ്ണൻ സാർ പറഞ്ഞു. ബോർഡ് റൂം ആകെ നിശബ്ദമായി. അധികപ്രസംഗം ആയിപ്പോയി എന്നെനിക്കും തോന്നി. ബാബു പൊയ്ക്കോളൂ എന്നു പറഞ്ഞു അബ്ദുറഹ്മാൻ സാഹിബ് അവിടെ നിന്നു എന്നെ രക്ഷപ്പെടുത്തി. മാധ്യമം വിടാനുള്ള തീരുമാനത്തിൽ നിന്നു രാധാകൃഷ്ണൻ സാറിനെ പിൻവലിപ്പിക്കാൻ അവരെല്ലാം ചേർന്നു നടത്തിയ ശ്രമം നിഷ്ഫലമായി. കുറച്ചു കഴിഞ്ഞു ഞാൻ സ്റ്റേയർ കേസ് ഇറങ്ങുമ്പോൾ അബ്ദുറഹ്മാൻ സാഹിബ് മുകളിലേക്കു വരുന്നു. എന്റെ അടുത്തെത്തിയപ്പോൾ ഒരൊറ്റ വാക്ക് മാത്രം പറഞ്ഞു.. കുളമാക്കി...
മറുനാടന് മലയാളി ബ്യൂറോ