പാലക്കാട്: മലമ്പുഴയിൽ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സൈനിക ദൗത്യം പൂർത്തിയായി. സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തി ബാബുവിനെ എയർലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡിൽ എത്തിച്ച ബാബുവിനെ റോഡ് മാർഗം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദ്ഗധഡോക്ടർമാർ ബാബുവിനെ പരിശോധന നടത്തും. ഐസിയു അടക്കമുള്ള സംവിധാനാങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ബാബുവിനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനാണ് സുലൂരിൽ നിന്ന് സൈനിക ഹെലികോപ്ടർ എത്തിച്ചത്. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ബാബുവിനെ വീട്ടുകാർക്കൊപ്പം അയക്കും.

മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ യുവാവിനെ സൈന്യമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും പരാജയപ്പെട്ടപ്പോൾ 40 മിനിറ്റിൽ സൈന്യം ദൗത്യം പൂർത്തിയാക്കി. ചെങ്കുത്തായ മലയിൽ റോപ്പിലൂടെ ഇറങ്ങിയ സൈനികൻ ബാബുവിനു വെള്ളം നൽകിയശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവിനെ ചേർത്തു പിടിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. രക്ഷാദൗത്യം പൂർത്തിയായതോടെ ഇന്ത്യൻ സൈന്യത്തിന് ജയ് വിളികൾ മുഴങ്ങി.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം സമ്പൂർണമായി വിജയം കണ്ടപ്പോൾ ബാബുവിന്റെ മനോധൈര്യവും ഇച്ഛാശക്തിയും അതിൽ തെളിഞ്ഞുനിന്നു. ബുധനാഴ്ച രാവിലെ 10.20 ഓടെ ബാബുവുമായി ആർമി സംഘം മലമുകളിലെത്തി. രാവിലെ ഒൻപതരയോടെ സമീപമെത്തി ധൈര്യം പകർന്ന സൈനികന്റെ സഹായത്തോടെയാണ് ബാബു മലമുകളിലേക്ക് കയറാൻ തുടങ്ങിയത്. റോപ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് സേനാംഗങ്ങൾ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടത്.

കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണൽ ഹേമന്ത് രാജും ടീമിലുണ്ട്്. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളിൽ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു.

അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റർ എത്തിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്നിരക്ഷാസേനാംഗങ്ങളും കരസേനയും രാത്രി വൈകിയും രക്ഷാശ്രമം തുടർന്നെങ്കിലും വിജയിച്ചിരുന്നില്ല. ഡ്രോണിൽ കെട്ടിവെച്ച് ചെറിയ കുപ്പിയിൽ ഇളനീർവെള്ളം യുവാവിന് അടുത്തേക്കെത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഡ്രോൺ താഴെവീണു. സുലൂരിൽ നിന്ന് സൈന്യം എത്തിയതിന് ശേഷം മാത്രമാണ് ബാബുവിന് വെള്ളം എത്തിക്കാനും റോപ്പ് ഉപയോ?ഗിച്ച് ഉയർത്താനും സാധിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റിൽനിന്നുള്ള ഇരുപതംഗസംഘമെത്തിയത്.