- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ ജീവനോടെ തിരിച്ചു നല്കിയ എല്ലാവർക്കും നന്ദി; സൈന്യത്തിൽ പൂർണവിശ്വസം ഉണ്ടായിരുന്നു; അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നുവെന്ന് ബാബുവിന്റെ ഉമ്മ; മല കയറിയതിന്റെ പേരിൽ ഉറപ്പായും അവനെ വഴക്ക് പറയുമെന്നും റഷീദ
പാലക്കാട്: മകനെ രക്ഷപ്പടുത്തിയ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ ഉമ്മ. മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദല പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.
മകനെ ജീവനോടെ തിരിച്ചു കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. ജീവനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്, സൈന്യം, പൊലീസ്, പത്രപ്രവർത്തകർ... ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടർ വന്നു, മലയുടെ മുകളിൽവരെ മാഡം എത്തി. ഷാഫി പറമ്പിൽ എംഎൽഎ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളിൽനിന്നും ആളുകൾ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു.
ബാബു വെള്ളം കുടിച്ചു എന്നാണ് അറിഞ്ഞത്. പക്ഷേ അവന് ക്ഷീണമുണ്ടാകും. രണ്ട് ദിവസമായി അവൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരിൽ ഉറപ്പായും അവനെ വഴക്ക് പറയുമെന്നും റഷീദ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനിമേൽ ഒരു തെറ്റും മക്കൾ ചെയ്യരുത്. നാളെ മറ്റാർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല. മകൻ തെറ്റ് ചെയ്തു. അതിൽ കുറ്റബോധമുണ്ടെന്നും തന്റെ അറിവിൽ അവൻ മല കയറിയത് ആദ്യമായാണെന്നും റഷീദ പറഞ്ഞു.
46 മണിക്കുറുകൾക്ക് ശേഷമാണ് ബാബുവിനെ സൈന്യം രക്ഷിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ദൗത്യസംഘം നിരാശയോടെ മടങ്ങുമ്പോഴും ഒരു രാത്രി കൂടി അതിജീവിക്കാൻ ബാബുവിന് കഴിയണേ എന്നായിരുന്നു എല്ലാവരുടേയും പ്രാർത്ഥന. എന്നാൽ രക്ഷാപ്രവർത്തകർ മലയിടുക്കിൽനിന്ന് രക്ഷിച്ച് മലമുകളിൽ എത്തിച്ചതോടെ സൈന്യത്തിന് ജയ് വിളിച്ചും സൈനികർക്ക് സ്‌നേഹചുംബനം നൽകിയും ബാബു ഉഷാറായി.
കാലിലേറ്റ പരിക്കുകളുടെ വേദനയും കടിച്ചമർത്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കഠിനമായ തണുപ്പിനേയും ചൂടിനേയും അതിജീവിച്ച് ബാബു കഴിച്ചുകൂട്ടിയ മണിക്കൂറുകൾ ഏറെ നിർണായകമായിരുന്നു. വിശപ്പും ക്ഷീണവും ബാബുവിനെ തളർത്തിയിട്ടുണ്ടാവുമെന്ന ആശങ്കയോടെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. എന്നാൽ രക്ഷാപ്രവർത്തകർ എത്തിയതോടെ ബാബു ക്ഷീണം മറന്ന് കൈവീശി കാണിച്ചു, ഒച്ചവെച്ചു. അവശതയിലായിരുന്നതിനാൽ ബഹളമുണ്ടാക്കേണ്ട, ഉടൻ രക്ഷപ്പെടുത്താമെന്നായിരുന്നു രക്ഷാപ്രവർത്തകരുടെ നിർദ്ദേശം.
ചെങ്കുത്തായ മലയിടുക്കിനിടയിലാണ് കഴിഞ്ഞ രണ്ട് ദിവസത്തോളമായി ബാബു പിടിച്ചുനിൽക്കുന്നതെങ്കിലും ആത്മവിശ്വാസവും മനസ്സാന്നിധ്യവും ഒട്ടും ചോരാതെയാണ് രക്ഷകരെത്തുന്നതുവരെ ബാബു കാത്തിരുന്നത്. അവൻ ആരോഗ്യവാനായി ഇരിക്കുന്നുണ്ടെന്ന് കണ്ടത് രക്ഷാപ്രവർത്തകർക്ക് ഒരേസമയം ആശ്വാസവും ആവേശവും നൽകി.
മറുനാടന് മലയാളി ബ്യൂറോ