- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസിൽ പഠിത്തം നിർത്തി കുടുംബ ഭാരം ചുമലിലേറ്റി; ഇലക്ട്രീഷ്യനായും പെയിന്ററായും ഫ്രാബ്രിക്കേഷൻ തൊഴിലാളിയായും പോകുന്ന കഠിനാധ്വാനി; പത്രവിതരണം നാട്ടുകാരുടെ സ്വന്തം പയ്യനാക്കി; ഹോട്ടൽ ജോലിക്കാരൻ ഇഷ്ടപ്പെട്ടത് സിനിമയും സാഹസികതയും; കൂമ്പാച്ചിയിലെ ബാബുവിന്റെ കഥ
മലമ്പുഴ: പത്താം ക്ലാസിൽ പഠിത്തം നിർത്തിയ ബാബു എല്ലാ ജോലിക്കും പോവും. ഇലക്ട്രിഷ്യനായും പെയിന്ററായും ജോലിചെയ്തു. ഫാബ്രിക്കേഷൻ ജോലിക്കും പോവും. 4 മാസം മുൻപു മലമ്പുഴ ചെറാട് മേഖലയിലെ പത്ര വിതരണം ബാബു ഏറ്റെടുത്തു. ദിവസവും പത്രവുമായെത്തുന്ന ബാബു നാട്ടുകാർക്ക് പ്രിയങ്കരനായി.
ബാബുവിന്റെ സഹോദരൻ ഷാജി വെൽഡിങ് ജോലിയാണു ചെയ്തിരുന്നത്. ഉപ്പയില്ലാത്തതിനാൽ ഈ സഹോദരങ്ങളുടെ വരുമാനത്തിലാണു കുടുംബം മുന്നോട്ടു പോവുന്നത്. യാത്രയും സിനിമയും ആയിരുന്നു ബാബുവിന്റെ വിനോദങ്ങൾ. സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്താനും അതു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും ഇഷ്ടപ്പെട്ട ബാബുവിന്റെ സാഹസികതയേയും നെഞ്ചിലേറ്റി. ഈ സാഹസികതയാണ് കേരളത്തെ പ്രാർത്ഥനയിലാക്കിയ രക്ഷാദൗത്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ ഹോട്ടലിൽ അടക്കം ജോലി നോക്കിയിട്ടുണ്ട് ബാബു. വാടകവീട്ടിലാണ് താമസം.
മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ പാറയിടുക്കിൽ ഇത്ര നേരം കഴിഞ്ഞതു മറ്റാരെങ്കിലുമായിരുന്നെങ്കിൽ പേടികൊണ്ടുതന്നെ മരിച്ചേനെ! ഇന്ത്യൻ സൈന്യം പോലും ബാബുവിന്റെ മാനസിക കരുത്ത് തിരിച്ചറിയുന്നു. എന്നും കാണുന്ന മലയും പരിചിതമായ പരിസരവും രക്ഷയ്ക്കു വഴിയൊരുക്കുമെന്ന ആത്മവിശ്വാസമാണ് വിശ്വാസമാണു ബാബുവിനു തുണയായത്. ഇനിയും ഉമ്മയക്ക് കരുതലാകാൻ ബാബുവുണ്ട്.
പകൽ കൊടുംചൂടിലും രാത്രി തണുപ്പിലും തുള്ളി വെള്ളം പോലും കിട്ടാതെ 43 മണിക്കൂർ മലയിടുക്കിൽ കുടുങ്ങിയ ബാബു ജില്ലാ ആശുപത്രിയിൽ ഇപ്പോൾ സുഖമായിരിക്കുന്നു. നന്നായി ഉറങ്ങി. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ആശുപത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂർ നിരീക്ഷണവും ബാബു പൂർത്തിയാക്കുകയാണ്.
ഇന്നലെ പകൽ മലമുകളിൽനിന്നു സൈന്യത്തിന്റെ കൈപിടിച്ചു ഹെലികോപ്റ്ററിൽ കഞ്ചിക്കോട് ബെമ്ൽ മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങുമ്പോഴേക്കും തീർത്തും അവശനായിരുന്നെങ്കിലും ആത്മബലത്തിനു കുറവുണ്ടായിരുന്നില്ല. ഡിഎംഒ ഡോ. കെ.പി.റീത്ത, ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ കെ.സച്ചിൻ, ബാസിൽ ഹുസൈൻ എന്നിവരാണു പ്രഥമശുശ്രൂഷ നൽകിയത്. ഐവി ഫ്‌ളൂയിഡും ക്ഷീണം മാറാനുള്ള കുത്തിവയ്പുകളും വാഹനത്തിൽ വച്ചു നൽകി.
തുടർന്നു ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. നിർജലീകരണം തടയാനുള്ള ശുശ്രൂഷകളും ആരംഭിച്ചു. അസ്ഥികൾക്കു പൊട്ടലില്ലെന്ന് എക്‌സ്‌റേ പരിശോധനയിൽ കണ്ടെത്തി. വൈകിട്ട് ബാബുവുമായി ജില്ലാ മെഡിക്കൽ ഓഫിസർ സംസാരിച്ച് ആരോഗ്യനില തൃപ്തികരമെന്നു രേഖപ്പെടുത്തി.
റഷീദയുടെ മൂത്ത മകനാണ് 24കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്പുഴയിൽ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.
മറുനാടന് മലയാളി ബ്യൂറോ