ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും ഓർത്തിരിക്കാവുന്ന ഏട് തന്നെയാണ് ബാഹുബലി എന്ന പേരിൽ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ഇന്ന് വരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ കലക്ഷന്റെ കാര്യത്തിൽ സർവകാല റെക്കോർഡുകൾ തകർക്കാൻ ഈ ചിത്രത്തിന് സാധിച്ചു. രാജമൗലി എന്ന സംവിധായകന്റെ സ്വപ്‌നം പൂവണിയാൻ വേണ്ടി നടത്തിയ പ്രയത്ന്നങ്ങൾ ചെറുതല്ല. ഈ കഠിന പ്രയത്ന്നം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളുടെയും മേക്കിങ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ആദ്യഭാഗം മുതൽ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വീഡിയോയിലൂടെ കാണിക്കുന്നത്. രാജമൗലിയുടെ അർപ്പണവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളുമെല്ലാം ഇതിലൂടെ കാണാം.

ഒരു സിനിമ അതിന്റെ ശരിയായ രൂപത്തിൽ എത്തണമെങ്കിൽ അതിനു പിന്നിൽ എത്ര ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ടാകുമെന്ന് ഈ വീഡിയോയിലുടെ നമുക്ക് മനസിലാക്കാം. ചിത്രത്തിലെ യുദ്ധരംഗങ്ങൾക്ക് പിന്നിലെ കഷ്ടപ്പാടുകൾ എത്രത്തോളമുണ്ടെന്ന് എടുത്തു കാട്ടുന്നതാണ് പുറത്തുവന്ന വീഡിയോ.