ഇടുക്കി: നടൻ ബാബുരാജിനു നെഞ്ചിൽ വെട്ടേറ്റു. കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് നടനെതിരെ ആക്രമണമുണ്ടായത്. അടിമാലിക്കടുത്ത് ഇരുട്ടുകാനത്തുള്ള എമറാൾഡ് റിസോർട്ടിൽവച്ച് ഇന്ന് പകൽ 12 മണിയോടെയാണ് വെട്ടേറ്റത്. അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള അടിമാലിയിലെ റിസോർട്ടിൽ വച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപസാവികളുമായി തർക്കമുണ്ടായി. തർക്കം വാക്കേറ്റത്തിലേക്കും അതു പിന്നീട് കയ്യാങ്കളിയിലേക്കും നീളുകയായിരുന്നു. ഇതിനിടയിൽ സമീപവാസികളിൽ ഒരാൾ കയ്യിലിരുന്ന വാക്കത്തി കൊണ്ട് ബാബുരാജിനെ വെട്ടുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

സമീപവാസികളിൽ ചിലർ ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികൾ സംഘടിച്ച് എത്തി എതിർക്കുകയായിരുന്നു. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടു പോയി.

ബുബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഏലക്കാടിനു നടുവിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. സമീപവാസിയായ വ്യക്തിയുമായി കുളം നിർമ്മിച്ചതും അതിർത്തി സംബന്ധിച്ചതുമായ തർക്കം നിലനിന്നിന്നിരുന്നു. അയൽവാസിയാണ് വെട്ടിയതെന്നാണ് സൂചന. അടിമാലി എസ്. ഐ: സുരേഷിന്റെ നേതൃത്വത്തിൽ പ്രതിക്കായി ഊർജിത തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ നടന്റെ റിസോർട്ട് ഭൂമി കൈയേറി നിർമ്മിച്ചതാണെന്ന ആരോപണമുയർന്നിരുന്നു. ഈ കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് ചാർജ് ചെയ്ത കേസിൽ പ്രതി നടൻ ബാബുരാജിനെ കുറ്റക്കാരനല്ലെന്നും ഉത്തരവിട്ടിരുന്നു. ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ ഇരുട്ടുകാനം കമ്പിലൈൻ ഭാഗത്തു സർക്കാർ തരിശുഭൂമി കയ്യേറി റിസോർട്ടുകൾ പണിതും കരിങ്കൽക്കെട്ടുകൾ നിർമ്മിച്ചും രൂപഭേദം വരുത്തി സർക്കാരിനു നഷ്ടം വരുത്തിയെന്ന് ആരോപിച്ചായിരുന്നു കേസ് എടുത്തത്. എന്നാൽ വിചാരണയ്ക്കിടയിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായിരുന്നില്ല.