ഇടുക്കി: നടൻ ബാബുരാജിന് വെട്ടേറ്റ സംഭവത്തിൽ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതേസമയം ബാബുരാജിന്റെയും സംഘത്തിന്റെയും ഗുണ്ടായിസത്തിനും ഭീഷണിക്കുമൊടുവിലാണ് അക്രമമുണ്ടായതെന്ന് സൂചന ലഭിച്ചു. താരപരിവേഷത്തിന്റെ മറവിൽ ബാബുരാജ് നിരവധി തട്ടിപ്പുകൾ നടത്തുന്നതായി നാട്ടുകാർ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ അടിമാലി ഇരുട്ടുകാനത്തെ സ്വന്തം റിസോർട്ടിനോട് ചേർന്നുള്ള സ്ഥലത്തുവച്ചാണ് ബാബുരാജിന് വെട്ടേറ്റത്. ഇടതു നെഞ്ചിനു വാക്കത്തികൊണ്ടുള്ള  വെട്ടേറ്റ നടൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. റിസോർട്ടിനോട് ചേർന്നുള്ള സ്ഥലത്തിന്റെ ഉടമയായ തറമുട്ടം സണ്ണി(54), ഭാര്യ ലിസി(50) എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെയുണ്ടായ ഒരു അപകടത്തിൽ ഒരു കണ്ണിനും കാതിനും ശേഷി നഷ്ടപ്പെട്ടയാളാണ് സണ്ണി. സണ്ണിയുടെ ഭൂമിയിൽനിന്നും 10 സെന്റ് സ്ഥലം ബാബുരാജ് വാങ്ങുകയും ഇവിടെ കുളം നിർമ്മിക്കുകയും ചെയ്തിരുന്നു. ഈ കുളം വറ്റിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കളം വറ്റിച്ചാൽ തന്റെ കിണറിലെ വെള്ളവും വറ്റുമെന്നും അതിനാൽ വേനൽ കഴിഞ്ഞശേഷമേ വറ്റിക്കാവൂവെന്ന് സണ്ണി പറഞ്ഞു.

എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതെ ബാബുരാജ് പൊലിസിൽ പരാതി നൽകി. പൊലിസ് എത്തി താൽകാലികമായി പണി നിർത്തിവയ്ക്കാനും ബുധനാഴ്ച ചർച്ച ചെയ്തശേഷം പ്രശ്‌നം പരിഹരിക്കാമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർന്നും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അക്രമത്തിലെത്തുകയുമായിരുന്നു. ആദ്യം തർക്കമുണ്ടായശേഷം വീട്ടിലേക്കുപോയ സണ്ണിയും ഭാര്യയും വാക്കിത്തിയുമായാണ് മടങ്ങിയെത്തിയതെന്നാണ് ബാബുരാജ് പറയുന്നത്.

ലിസി മുണ്ടിനുള്ളിൽ വാക്കത്തി ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നത്രേ. വെട്ടാൻ ഭർത്താവിനോട് ലിസി പറഞ്ഞുവെന്ന മൊഴിയെ തുടർന്നാണ് ഇവർക്കെതിരെയും കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സണ്ണി ഇന്ന് രാവിലെ കീഴടങ്ങാൻ പൊലിസ് സ്റ്റേഷനിലേക്ക് വരും വഴിയാണ് അറസ്റ്റിലായത്.

ബാബുരാജും സണ്ണിയും നേരത്തെ സുഹൃത്തുക്കളായിരുന്നെങ്കിലും സ്ഥലക്കച്ചവടത്തെ തുടർന്ന് ഇരുവരും തെറ്റിപ്പിരിഞ്ഞിരുന്നു. തന്റെ ഭൂമി വാങ്ങിയ വകയിൽ 10 ലക്ഷം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നു കാട്ടി സണ്ണി അടിമാലി സി. ഐക്ക് പരാതി നൽകിയിരുന്നു. തന്നെ ഉപദ്രവിക്കാൻ സണ്ണി ശ്രമിക്കുകയാണെന്നു കാട്ടി ബാബുരാജും പരാതി നൽകിയിരുന്നു.

ബാബുരാജിനെതിനെതിരെ നിരവധി പരാതികളാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. കാര്യസാധ്യങ്ങൾക്ക് താരപദവിയും ഗുണ്ടായിസവും ഉപയോഗിക്കുന്നവെന്നതാണ് മുഖ്യം. ബാബുരാജിനെതിരെ യാതൊരു നിയമനടപടിക്കും പൊലിസും ഒരുക്കമല്ല. ഷൂട്ടിങ്ങിനെത്തുമ്പോൾ പലയിടത്തുനിന്നും സാധനങ്ങളും മറ്റും വാങ്ങിയശേഷം പണം കൊടുക്കാതെ സ്ഥലം വിടന്നതും പതിവാണ്. തനിക്ക് പണം നൽകാനുണ്ടെന്ന സണ്ണിയുടെ പരാതിയിൽ ഒരു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

വട്ടവടയിൽ ഷൂട്ടിങ്ങിനെത്തിയപ്പോൾ ബാബുരാജ് നിരവധി പേരെ പണം നൽകാതെ കബളിപ്പിച്ചതായി പരാതി നിലവിലുണ്ട്. നടനും സംഘവും ഭക്ഷണം കഴിച്ചയിനത്തിൽ 34000 രൂപ ചെറുകിട ഹോട്ടലുടമയ്ക്ക് നൽകാതെയാണ് സ്ഥലം വിട്ടതെന്നു പറയുന്നു. അഞ്ചു ജീപ്പുകൾ ഷൂട്ടിങ് ദിവസങ്ങളിൽ ഓടിയ വകയിലുള്ള പണവും നൽകിയില്ല. സ്ഥലത്തുനിന്നു പോകുമ്പോൾ 2000 രൂപയുടെ പച്ചക്കറി വാങ്ങിയ താരം പണം പിന്നീടെത്തിക്കാമെന്നു പറഞ്ഞു കബളിപ്പിച്ചുവെന്നുമുൾപ്പെടെ നിരവധി പരാതികളാണ് ബാബുരാജിനെതിരെ നാട്ടുകാർക്ക് പറയാനുള്ളത്.

ബാബുരാജിനൊപ്പമെത്തുന്ന സംഘങ്ങൾ പലപ്പോഴും റിസോർട്ടിന് പുറത്ത് അഴിഞ്ഞാടാറുണ്ടെന്നും എതിർക്കുന്നവരെ കായികമായി നേരിടുന്നതായും ആക്ഷേപമുണ്ട്. ബാബുരാജിനെ വെട്ടിയ സണ്ണിയെ നടൻ നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ഗത്യന്തരമില്ലാതെയാണ് സണ്ണി ആക്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. സണ്ണിയേയും ഭാര്യയേയും അടിമാലി കോടതിയിൽ ഹാജരാക്കി.