കൊച്ചി: മുൻ മന്ത്രി കെ.ബാബുവിന്റെ ബെനാമി എന്നു വിജിലൻസ് ആരോപിക്കുന്ന ബാബുറാമിനു മരടിലും തൃപ്പൂണിത്തുറയിലുമായി 15 കോടി രൂപയോളം വിലമതിക്കുന്ന ആറേക്കർ ഭൂമിയുണ്ടെന്ന് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിച്ചു. എന്നാൽ ഈ ഭൂമിയുടെ മതിപ്പ് വില ശതകോടികൾ വരും. മരടിൽ മാത്രം കോടികൾ വിലമതിക്കുന്ന രണ്ടേക്കറോളം ഭൂമിയുണ്ടെന്നാണു വിജിലൻസ് രേഖകൾ. 22 ഭൂമി ഇടപാടുകളാണു മരടിൽ മാത്രമുള്ളത്. ഇതുകൂടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്‌ലാറ്റും ഉണ്ട്.

ഇവയ്‌ക്കൊക്കെ സർക്കാർ വിലയാണ് വിജിലൻസ് ഇട്ടിരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് 15 കോടിയായി ചുരുങ്ങിയത്. ശതകോടികളുടെ സ്വത്ത് ബാബുറാമിനുണ്ടെന്നാണ് അതുകൊണ്ട് തന്നെ വിജിലൻസിന്റെ നിഗമനം. തൃപ്പൂണിത്തുറയിൽ 14 ഇടങ്ങളിലും ഭരണിക്കാവിൽ ഒന്നും കരിയിലകുളങ്ങരയിൽ രണ്ടിടങ്ങളിലുമായി 425 സെന്റ് ഭൂമിയുമുണ്ട്. മരടിൽ മൂന്നര കോടി വിലമതിക്കുന്ന ഭൂമിയാണ് ഏറ്റവും വിലകൂടിയ സ്വത്ത്. കെ.ബാബു മന്ത്രിയായിരിക്കെ 27 ഭൂമിയിടപാടുകളാണു ബാബുറാം നടത്തിയതെന്നും വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ആകെ 41 ഭൂമിയിടപാടുകളുടെ രേഖയാണു വിജിലൻസ് സംഘം ബാബുറാമിന്റേതായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബാബുവിന്റെ അനുയായി ആയശേഷമാണ് ഈ സാമ്പത്തിക വളർച്ചയെന്നും വിജിലൻസ് പറയുന്നു. ഭൂമിയിടപാടുകളിൽ ഒരണ്ണം ബാബുറാമിന്റെ ഭാര്യയുടെ പേരിലാണ്, ബാക്കിയെല്ലാം ബാബുറാമിന്റെ പേരിലും. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു ബാങ്ക് ലോക്കറുകൾ കൂടി വിജിലൻസ് പരിശോധിച്ചു.

അതിനിടെ ബാബുവിനെതിരെയും വിജിലൻസ് പിടിമുറുക്കുകയാണ്. ചൊവ്വാഴ്ച ബാബുവിന്റെ മകളുടെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറുകൾ കൂടി വിജിലൻസ് സംഘം പരിശോധിച്ചു. ബാബുവിന്റെ കഴിഞ്ഞ പത്തു വർഷത്തെ വരുമാനവും ആസ്തിയും പരിശോധിക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ബാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. ഇതിനുള്ള നോട്ടീസ് ബുധനാഴ്ച തന്നെ പുറപ്പെടുവിച്ചേക്കും. ബാബുവിന് തേനിയിൽ ബിനാമി സ്വത്തുണ്ടെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘം ഉടനെ തേനിയിലേക്ക് പോകാനും ഒരുങ്ങുന്നുണ്ട്. ബാബു മന്ത്രിയായിരുന്ന കാലത്ത് നടത്തിയ വിദേശ യാത്രകളെക്കുറിച്ചും വിജിലൻസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കെ.ബാബുവിന്റെ മൂത്ത മകളുടെയും ഭർത്താവിന്റെയും പേരിൽ തൊടുപുഴയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിലുള്ള ലോക്കറിൽ 39 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. സ്വർണാഭരണങ്ങൾ പരിശോധനയ്ക്കു ശേഷം ലോക്കറിൽ തന്നെ വച്ചു സീൽ ചെയ്തു.

കെ.ബാബുവിന്റെ പേരിൽ തൃപ്പൂണിത്തുറയിലെ ബാങ്കിലുള്ള ലോക്കറും ഇളയ മകളുടെ പേരിൽ വെണ്ണലയിലെ ബാങ്കിലുള്ള ലോക്കറും ഇന്നു പരിശോധിച്ചേക്കും. ആദ്യ ദിവസത്തെ വിജിലൻസ് പരിശോധനയിൽ ലഭിച്ച രേഖകളും മറ്റും ഇന്നലെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ലഭിച്ച രേഖകൾ ഇന്നു ഹാജരാക്കും. ബാബുവിന്റെ മൂത്ത മകൾ ആതിരയുടെയും ഭർത്താവ് എം.ആർ. രജീഷിന്റെയും പേരിൽ സംയുക്തമായി ബാങ്കുകളിലുള്ള ലോക്കറുകളാണ് ചൊവ്വാഴ്ച വിജിലൻസ് സംഘം പരിശോധിച്ചത്. ബാബു കഴിഞ്ഞ കാലങ്ങളിൽ ആദായനികുതി വകുപ്പിന് നൽകിയ റിട്ടേണുകൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ ലഭിച്ച ശേഷം സ്വത്ത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടത്താനാണ് നീക്കം.

ബാബുവിന്റെ ബന്ധുക്കൾക്ക് സമീപകാലത്തുണ്ടായ വൻ സാമ്പത്തിക വളർച്ചയും വിജിലൻസ് വിശദമായി പരിശോധിക്കും. ബാബുവിന്റെ േപഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ബാബു എംഎ‍ൽഎ. ആയിരുന്ന കാലഘട്ടത്തിലെ ഇടപാടുകൾ കൂടി പരിശോധിക്കാനാണ് വിജിലൻസിന്റെ നീക്കം. എംഎ‍ൽഎ. എന്ന നിലയിൽ ഉണ്ടായിരുന്ന ശമ്പളവും ആനുകൂല്യങ്ങളുമല്ലാതെ ബാബുവിന് മറ്റു വരുമാന സ്രോതസ്സുകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സമ്പാദ്യം ബാബുവിനുണ്ടെങ്കിൽ അത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യമായി മാറുമെന്നാണ് വിജിലൻസ് പറയുന്നത്. ബാബു മന്ത്രിയായിരുന്ന കാലത്ത് പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാർ നടത്തിയ വിദേശ യാത്രകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

നന്ദകുമാറിന്റെ വിദേശ യാത്രകൾക്കൊടുവിൽ അക്കൗണ്ടുകളിലേക്ക് വന്ന പണമിടപാടുകളെക്കുറിച്ചും വിജിലൻസ് സൂക്ഷ്മമായ പരിശോധനകളാണ് നടത്തുന്നത്.