വർക്കല: വർക്കല ചെറുന്നിയൂർ നീറുന്ന വേദനയിലാണ്. ബ്ലോക്ക് ഓഫീസിനു സമീപം പന്തുവിള രാഹുൽനിവാസിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), രണ്ടാമത്തെ മകൻ നിഖിലിന്റെ ഭാര്യ അഭിരാമി (24), നിഖിൽ-അഭിരാമി ദമ്പതികളുടെ മകൻ റയാൻ (എട്ടുമാസം) എന്നിവരുടെ മരണം നാടിന് ഉൾക്കൊള്ളാനാകുന്നില്ല. വർക്കല: കഷ്ടപ്പാടുകളിൽനിന്ന് സ്വപ്രയത്‌നത്താൽ കച്ചവടസ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ പുത്തൻചന്തയുടെ സ്വന്തം ബേബിയണ്ണനും കുടുംബവുമാണ് ദുരന്തത്തിൽ പെടുന്നത്. അതുകൊണ്ടു തന്നെ ചെറുന്നിയൂരിലെ വേദന പുത്തൻ ചന്തയിലും പ്രകടം.

പ്രതാപനെയും ഷേർളിയേയും താഴത്തെനിലയിലും അഖിലിനെ രണ്ടാംനിലയിലും അഭിരാമിയേയും കുഞ്ഞിനെയും രണ്ടാംനിലയിലെ ശൗചാലയത്തിലുമാണു മരിച്ചനിലയിൽ കണ്ടെത്തിയത്. നിഖിലും രണ്ടാംനിലയിലായിരുന്നു. പ്രതാപന്റെ മകൻ നിഖിൽ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്. പോർച്ചിലുണ്ടായിരുന്ന ബൈക്കുകളിൽ തീപടർന്നത് മുറികളിൽനിന്നു തെറിച്ചുവീണ കത്തിയ പ്ലാസ്്റ്റിക്കിൽനിന്നാകാമെന്നാണു നിഗമനം. വീടിന്റെ ഹാളിലെ കർട്ടനും ടിവിയും സോഫയുമെല്ലാം പൂർണമായും കത്തിയെരിഞ്ഞു. ചികിത്സയിലുള്ള നിഖിലിന്റെ മൊഴി അന്വേഷണത്തിൽ നിർണായകമാകും.

വർക്കല പുത്തൻചന്ത മാർക്കറ്റിനു സമീപം 40 വർഷമായി ആർ.പി.എൻ. വെജിറ്റബിൾസ് എന്ന പച്ചക്കറി മൊത്തവ്യാപാരസ്ഥാപനം നടത്തുകയായിരുന്നു പ്രതാപൻ. പ്രതാപന്റെ മൂത്തമകൻ രാഹുലും കുടുംബവും വിദേശത്തുനിന്ന് ഇന്നലെ വൈകിട്ട് നാട്ടിലെത്തി.
മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. വീടിനുള്ളിലെ ജിപ്സം വർക്കുകളാകാം ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നു തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി: ആർ. നിശാന്തിനി പറഞ്ഞു. വർക്കല ഡിവൈ.എസ്‌പി: പി. നിയാസിനാണ് അന്വേഷണച്ചുമതല.

കഴിഞ്ഞ മാസമായിരുന്നു അഹിലിന്റെ വിവാഹം ഉറപ്പിച്ചത്. നാട്ടുകാരെ മുഴുവൻ ക്ഷണിച്ച് ഈ കല്യാണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതാപനും കുടുംബവും. അതിനിടെയാണ് ദുരന്തം എല്ലാവരേയും കൊണ്ടു പോകുന്നത്. തലേന്ന് വൈകീട്ടും കണ്ടു പിരിഞ്ഞവർ ഇപ്പോഴില്ല എന്നു വിശ്വസിക്കാനായിട്ടില്ല പരിസരവാസികൾക്ക്. പ്രതാപന്റെ ഭാര്യ ഷെർലി തിങ്കളാഴ്ച രാത്രിയിൽ മുൻവശത്തുള്ള കടയിലെത്തി ദോശമാവ് വാങ്ങിയിരുന്നു. തന്നോട് കുശലവും പറഞ്ഞാണ് അവർ മടങ്ങിയതെന്ന് കടയുടമ ഒനീല പറഞ്ഞു. ഇവരുടെ മകൾ സാന്ദ്രയാണ് വീടിനു തീപിടിച്ചത് ആദ്യം കാണുന്നത്.

പച്ചക്കറിയുടെ മൊത്തവിതരണത്തിലൂടെ മലക്കറി ബേബിയെന്ന പേരുനേടിയ ആർ.പ്രതാപന്റെ ആകസ്മിക വേർപാട് പുത്തൻചന്തയ്ക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു. പുലർച്ചെ മുതൽ പുത്തൻചന്തയിൽ സജീവമാകുന്ന ബേബിയണ്ണനാണ് ഓർമ്മയാകുന്നത്. പുത്തൻചന്തയിലെ ആർ.പി.എൻ. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിനു മുന്നിൽ എല്ലാ ദിവസത്തെയുംപോലെ എത്തിയ തൊഴിലാളികളെ കാത്തിരുന്നത് ദുഃഖവാർത്തയാണ്. ഇവിടെ അമ്പതോളം തൊഴിലാളികളുണ്ട്.

അമ്മയോയൊപ്പം ചന്തയ്ക്കുള്ളിൽ പച്ചക്കറിക്കച്ചവടം നടത്തിയാണ് ബേബിയുടെ തുടക്കം. തുടർന്ന് ചാലയിൽനിന്നു പച്ചക്കറികളെത്തിച്ച് കച്ചവടം തുടങ്ങി. കച്ചവടം മുന്നേറിയപ്പോൾ സ്വന്തമായി കടയെടുത്തായി കച്ചവടം. അതു വളർന്ന് മൊത്തവ്യാപാരത്തിലെത്തുകയായിരുന്നു. ർക്കല, കല്ലമ്പലം, പാരിപ്പള്ളി മേഖലകളിൽ പച്ചക്കറികളെത്തിക്കുന്ന പ്രമുഖനായും മാറി. ദിവസവും പുലർച്ചെ രണ്ടുമണിക്ക് ലോെഡത്തുമ്പോൾ മിക്ക ദിവസങ്ങളിലും ബേബിയും എത്താൻ ശ്രമിക്കുമായിരുന്നു.

ദിവസവും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അഞ്ചോളം ലോഡ് പച്ചക്കറി എത്തിക്കുന്നുണ്ട്. കൂടാതെ പലവ്യഞ്ജനക്കടകളിൽ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ മൊത്തവ്യാപാരവുമുണ്ട്. നല്ലൊരു സംഗീതപ്രേമികൂടിയായിരുന്നു. കടയ്ക്കുള്ളിൽ യേശുദാസിനൊപ്പം അദ്ദേഹം നിൽക്കുന്ന ഫോട്ടോ വച്ചിട്ടുണ്ട്. നാട്ടിലുള്ള രണ്ടു മക്കളും കച്ചവടത്തിൽ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.