ഉട്ടാ: കൊടുതണുപ്പിൽ നദിയിൽ വീണു കിടന്ന കാറിൽ 14 മണിക്കൂറോളം കുടുങ്ങിയ ഒന്നര വയസുകാരി ജീവിതത്തിലേക്ക് മടങ്ങി വന്നത് അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ശാസ്ത്ര ലോകം. തണുത്തു മരവിച്ചു കിടക്കുന്ന ഉട്ടാ നദിയിൽ വീണ കാറിനുള്ളിലാണ് 14 മണിക്കൂർ പെൺകുഞ്ഞ് തലകീഴായി കിടന്നത്. അവസാനം മത്സതൊഴിലാളികൾ രക്ഷപ്പെടുത്തിയ കുഞ്ഞ് സോൾട്ട് ലേക്ക് സിറ്റി ആശുപത്രിയിൽ സുഖംപ്രാപിച്ചുവരുന്നു. അതേസമയം കുഞ്ഞിന് അതിന്റെ അമ്മയെ നഷ്ടമായിട്ടുണ്ട്. അപകടത്തെത്തുടർന്ന് നദിയിൽ വീണ കാറിനുള്ളിൽ മരിച്ച നിലയിലാണ് അമ്മയെ പുറത്തെടുത്തത്.

ശനിയാഴ്ച അർധരാത്രി 12.30നാണ് സ്പാനിഷ് ഫോർക്ക് നദിയിൽ മത്സബന്ധനതൊഴിലാളികൾ കാർ മുങ്ങിക്കിടക്കുന്നത് കണ്ടെത്തുന്നത്. രാത്രി 10.30ഓടെയാണ് കാർ പ്രോവേ മേഖലയിൽ നദിയിലേക്ക് വീണതെന്നു കരുതുന്നു. ഇതേ സമയം എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികൾ പ്രത്യേകിച്ച് ഒന്നും കാണാഞ്ഞതിനെ തുടർന്ന് തിരിച്ച് വീടിനുള്ളിൽ കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

എന്നാൽ മത്സ്യബന്ധന തൊഴിലാളികൾ കാർ കണ്ടെത്തുമ്പോൾ കാറിനുള്ളിൽ സീറ്റ് ബൽറ്റിൽ കുടുങ്ങി കുഞ്ഞ് തലകീഴായി കിടക്കുകയായിരുന്നു. കാറിനുള്ളിൽ കയറിയ വെള്ളം കുഞ്ഞിനെ മുക്കാൻ കഴിയാത്ത വിധം താഴ്ന്ന നിലയിലായിരുന്നതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പറയുന്നു. കുഞ്ഞിന്റെ അമ്മ ഇരുപത്തഞ്ചുകാരിയായ സ്പ്രിങ് വില്ലെയിൽ നിന്നുള്ള ലിൻ ഗ്രോസ്‌ബെക്ക് കാറിന്റെ ഡ്രൈവിങ് സീറ്റിലായിരുന്നു. റോഡിലെ ഒരു സിമന്റ് ഭിത്തിയിൽ തട്ടിയാണ് കാർ നദിയിലേക്ക് വീണതെന്ന് കരുതുന്നു. ഒരു പാലത്തിന്റെ അടിയിലേക്ക് കാർ വീണതിനാൽ റോഡിൽ നിന്നു നോക്കുന്നവർക്ക് പെട്ടെന്ന് കാർ കണ്ടെത്താൻ സാധിക്കുമായിരുന്നില്ല.

അതേസമയം അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നുണ്ടെന്ന് ഉട്ടാ ഹൈവേ പട്രോൾ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാലേമിലുള്ള മാതാപിതാക്കളെ സന്ദർശിച്ച ശേഷം സ്പ്രിങ് വില്ലെയിലേക്ക് സമീപം പ്രോവോയിലെ താമസസ്ഥലത്തേക്ക് ലിൻ ഗ്രോസ്‌ബെക്ക് രാത്രി 10.30ഓടെയാണ് പുറപ്പെട്ടതെന്ന് ബന്ധുക്കളും അറിയിച്ചുട്ടുണ്ട്. ലിന്നിന്റെ താമസസ്ഥലത്തിനടുത്തുവച്ചാണ് അപകടം നടന്നത്.

കാറ് നദയിൽ വീണ സമയത്ത് അന്തരീക്ഷ താപനില പൂജ്യം മുതൽ മൂന്നു  ഡിഗ്രിവരെയായിരുന്നു. ഈ താപനിലെ 14 മണിക്കൂറോളം കുഞ്ഞ് അതിജീവിച്ചത് അത്ഭുതമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.